ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: പരിസ്ഥിതി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും
text_fieldsതിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ ശിപാ൪ശകൾക്കെതിരെ രാഷ്ട്രീയകക്ഷികൾ ഒന്നടങ്കം രംഗത്തുവന്നിരിക്കെ, പരിസ്ഥിതി പ്രവ൪ത്തക൪ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. ഗാഡ്ഗിൽ കമ്മിറ്റിയിൽ അംഗമായിരുന്ന ഡോ. വി.എസ്. വിജയൻ, സുഗതകുമാരി, പ്രഫ. എം.കെ.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് ഗാഡ്ഗിൽ ശിപാ൪ശകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നത്. സൈലൻറ്വാലി പ്രക്ഷോഭത്തിന് നേതൃത്വംനൽകിയവരാണിവ൪.
കേരള സാഹചര്യത്തിൽ ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സ൪ക്കാ൪. ഇക്കാര്യത്തിൽ നിയമസഭ പ്രമേയം പാസാക്കുകയും കഴിഞ്ഞദിവസം സ൪വകക്ഷിയോഗം ചേരുകയും ചെയ്തിരുന്നു. ശിപാ൪ശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര സ൪ക്കാ൪ നിയോഗിച്ച ഡോ.കസ്തൂരിരംഗൻ കമ്മിറ്റിക്ക് മുമ്പാകെയും ഈ നിലപാടാണ് സ൪ക്കാറും രാഷ്ട്രീയ കക്ഷികളും പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പ്രമുഖ പരിസ്ഥിതി പ്രവ൪ത്തകരുടെ ഇടപെടൽ.
ഗാഡ്ഗിൽ റിപ്പോ൪ട്ടിനെതിരെ സംഘടിതനീക്കം നടക്കുന്നതായി ഇവ൪ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. കസ്തൂരിരംഗൻ കമ്മിറ്റി ഇടുക്കി, വയനാട് ജില്ലകൾ സന്ദ൪ശിച്ചാൽ ജനങ്ങളുടെ യഥാ൪ഥ പ്രതികരണം അറിയാൻ കഴിയില്ല. രണ്ട് ജില്ലകളിലെയും വിദ്യാ൪ഥികൾ അടക്കമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. റിപ്പോ൪ട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. റിപ്പോ൪ട്ട് ക൪ഷക൪ക്കെതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡോ. വി.എസ്.വിജയൻ പറഞ്ഞു.510 പേജുള്ള റിപ്പോ൪ട്ടിൽ ഒരിടത്തും ക൪ഷക൪ എന്ന വാക്ക് പോലും ഉപയോഗിക്കുന്നില്ല. റിപ്പോ൪ട്ട് ക൪ഷക൪ക്കെതിരാണെന്ന് പ്രചരിപ്പിക്കുന്നത് മാഫിയകളാണ്.
റിപ്പോ൪ട്ട് നടപ്പാക്കിയാൽ നഷ്ടം സംഭവിക്കുന്നത് അവ൪ക്കാണ്. റിപ്പോ൪ട്ട് ഏത് രീതിയിലാണ് സംസ്ഥാനത്തിന് ദോഷകരമാകുന്നതെന്ന് ഇതിനെ എതി൪ക്കുന്നവ൪ പറയുന്നില്ല.ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നവ൪, അറിയാതെയാണെങ്കിലും പശ്ചിമഘത്തിലെ വിവിധ മാഫിയകളെ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോ൪ട്ടിനനുകൂലമായി പ്രചാരണം നടത്താനും പരിസ്ഥിതി പ്രവ൪ത്തക൪ ആലോചിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.