മുജാഹിദ് തര്‍ക്കം; പരിഹാര നിര്‍ദേശങ്ങള്‍ പരിഗണിക്കും -കെ.എന്‍.എം
text_fieldsകോഴിക്കോട്: ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് സംഘടനയിലുണ്ടായ ഭിന്നതകൾ പരിഹരിക്കാൻ കുവൈത്തിലെ സലഫി സംഘടനയായ ജംഇയ്യതു ഇഹ്യാഉത്തൂറാസിൽ ഇസ്ലാമി നൽകിയ നി൪ദേശങ്ങൾ പരിഗണിക്കുമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. കെ.എൻ.എം സംസ്ഥാനതല കാമ്പയിൻെറ മുന്നോടിയായുള്ള വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തുള്ള ഏതെങ്കിലും സംഘടനക്ക് കെ.എൻ.എമ്മിനു മേൽ നിയന്ത്രണാധികാരമില്ല. എന്നാൽ, ഗൾഫിലുള്ള ഇസ്ലാഹി പ്രവ൪ത്തകരുടെയടക്കം ഗുണകാംക്ഷയുടെ ഭാഗമായി ഒത്തുതീ൪പ്പിനുള്ള നി൪ദേശങ്ങൾ പലരിൽനിന്നും ഉയ൪ന്നു വരാറുണ്ട്. ആ നിലയിൽ കുവൈത്തി സംഘടനയുടെ നി൪ദേശവും പരിഗണിക്കും. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് സംഘടനയിൽ നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കുന്നതിന് കുവൈത്ത് സംഘടന മുന്നോട്ടുവെച്ച നി൪ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് കെ.എൻ.എം പ്രസിഡൻറ് ഇങ്ങനെ പ്രതികരിച്ചത്.
പ്രമാണങ്ങൾക്ക് വിരുദ്ധമായി അച്ചടക്കലംഘനമുണ്ടായാൽ ഇനിയും നടപടിയുണ്ടാകും. കേരള ജംഇയ്യതുൽ ഉലമയുടെ ആശയത്തിന് വിരുദ്ധമായ നടപടി ആരിൽ നിന്നുണ്ടായാലും അവരെ പിരിച്ചുവിടും.
പോഷക സംഘടനകൾ പിൽക്കാലത്ത് പ്രവ൪ത്തന സൗകര്യത്തിനുണ്ടാക്കിയവയാണ്. അവക്കുമേൽ നിയന്ത്രണം സംഘടനക്കുണ്ട്. ഈയിടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോട് ഏതെങ്കിലും വിഭാഗം സഹകരിച്ചില്ലെന്ന വാദം ശരിയല്ല. എല്ലാവരുടെയും പൂ൪ണ സഹകരണമുണ്ടായിരുന്നുവെന്ന് സമ്മേളന വിജയം വ്യക്തമാക്കുന്നു. ഏതാനും വ്യക്തികൾ പുറം തിരിഞ്ഞുനിന്നിട്ടുണ്ടെങ്കിൽ അതിൽ നടപടിയുമുണ്ടായിട്ടുണ്ട്.
പ്രവാചക കേശത്തിൻെറ പേരിലുള്ള ആത്മീയ ചൂഷണം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പും പുറകോട്ട് പോക്കുമാണെന്നും മദനി ചൂണ്ടിക്കാട്ടി.
അന്ധവിശ്വാസങ്ങൾക്കെതിരെ കാമ്പയിൻ
കോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സമിതി അന്ധവിശ്വാസങ്ങൾക്കും സാമൂഹിക ദുരാചാരങ്ങൾക്കുമെതിരെ ആറുമാസം നീളുന്ന പ്രചാരണ ബോധവത്കരണ കാമ്പയിൻ നടത്തും. ‘തൗഹീദ് വിശുദ്ധിക്ക്, വിമോചനത്തിന്’ എന്ന കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം 27 ന് വൈകുന്നേരം നാലിന് മലപ്പുറം ജില്ലയിൽ മോങ്ങം സലഫി നഗറിൽ നടക്കുമെന്ന് കെ.എൻ.എം ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.