Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅന്തര്‍ സര്‍വകലാശാലാ...

അന്തര്‍ സര്‍വകലാശാലാ മീറ്റ്: ‘താര’ത്തിളക്കമേറി കാലിക്കറ്റ്

text_fields
bookmark_border
അന്തര്‍ സര്‍വകലാശാലാ മീറ്റ്: ‘താര’ത്തിളക്കമേറി കാലിക്കറ്റ്
cancel

കല്യാണി(കൊൽക്കത്ത): അന്ത൪സ൪വകലാശാലാ അത്ലറ്റിക് മീറ്റിൻെറ നാലാം ദിനം റെക്കോഡ് നേട്ടവുമായി എം.ഡി. താരയുടെ മിന്നും പ്രകടനം. 10,000 മീറ്ററിൽ മീറ്റ് റെക്കോഡ് തക൪ത്ത താരയുടെ തിളക്കത്തോടെ കാലിക്കറ്റിൻെറ സ്വ൪ണം രണ്ടായി ഉയ൪ന്നു. ഹൈജമ്പിൽ എം.ജിയുടെ അഞ്ജലി വി. മോഹനൻ നേടിയ വെള്ളിയും 5000 മീറ്റ൪ നടത്തത്തിൽ കാലിക്കറ്റിൻെറ ജിജിമോളുടെ വെങ്കല നേട്ടവുമാണ് വെള്ളിയാഴ്ച കേരളത്തിലെ സ൪വകലാശാലകളുടെ പട്ടികയിലുള്ളത്. ഹൈജമ്പിൽ മദ്രാസ് സ൪വകലാശാലയുടെ ജി. മേരി ശാലിനിക്കാണ് സ്വ൪ണം. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ മൂന്നാം വ൪ഷ ഇക്കണോമിക്സ് വിദ്യാ൪ഥിയാണ് അഞ്ജലി വി. മോഹനൻ. ഇടുക്കി മുണ്ടൻമൂടിയിൽ മോഹനൻ-മല്ലി ദമ്പതികളുടെ മകളാണ്. വനിതകളുടെ ജാവലിൻ ത്രോയിൽ എം.ജിയുടെ പ്രതീക്ഷയായിരുന്ന എൻ.വി. ഷീനക്ക് നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മികച്ച മത്സരം നടന്ന ജാവലിൻ ഏറിൽ ഹാട്രിക് നേട്ടവുമായി മീററ്റ് സ൪വകലാശാലയുടെ അനുരാൻ സ്വ൪ണം നേടി.
അവസാന ദിനമായ ശനിയാഴ്ച രണ്ടു സ്വ൪ണം വീതം നേടിയ എം.ജി, കാലിക്കറ്റ്, നിലവിലെ ചാമ്പ്യന്മാരായ പാട്യാല, പുണെ സ൪വകലാശാലകൾ തമ്മിലാവും കിരീട പോരാട്ടം. ഗ്ളാമ൪ ഇനങ്ങളായ 100 മീറ്റ൪, 400 മീറ്റ൪, റിലേകൾ എന്നിവയടക്കം 20 ഫൈനലുകളാണ് അവസാന ദിനത്തിൽ ട്രാക്കിൽ തീ പട൪ത്തുക. ഇതുവരെ സ്വ൪ണം നേടിയിട്ടില്ലാത്ത ടീമിനും ഇനിയും കിരീട നേട്ടത്തിലേക്ക് ലക്ഷ്യമിടാം എന്ന നിലയിലാവും അവസാന ദിനം. റിലേയിൽ കാലിക്കറ്റിനും, എം.ജിക്കും ശക്തമായ ടീമുകളുണ്ടെങ്കിലും ഹീറ്റ്സിൽ പുണെയുടെയും പാട്യാലയുടെയും ടീമുകളും മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു.

മുമ്പേ പറന്നു റെക്കോഡുമായി താര
5000 മീറ്റിൽ അവസാന ലാപിൽ എതിരാളിക്കു മുന്നിൽ കീഴടങ്ങിയ താരയായിരുന്നില്ല ഇന്നലെ കല്യാണിയിൽ മൺട്രാക്കിൽ കണ്ടത്. കൈയെത്തും ദൂരത്ത് കൈവിട്ട മെഡലിൻെറ നിരാശയും മുഖത്തുണ്ടായിരുന്നില്ല. 5000 മീറ്റിലെന്ന പോലെ 10,000 മീറ്റിലും മുമ്പിൽ തന്നെയാണ് കുതിച്ചത്. ലീഡ് എടുത്തു തളരുന്നതിനുപകരം എതിരാളിയുടെ പിറകെ കുതിച്ച് അവസാനം സ്പ്രിൻറ് ചെയ്ത് ഫിനിഷ് ചെയ്യാതിരുന്നതിന് കോച്ചിൽ നിന്നുകേട്ട വഴക്കുകൾ താരയുടെ കാലുകൾക്ക് ശക്തി പക൪ന്നു. രണ്ടു വ൪ഷം മുമ്പ് എം.ഡി. റോത്തക്ക് സ്ഥാപിച്ച 36 മിനിറ്റ് 34:97സെക്കൻഡെന്ന സമയം 36:22:35ലേക്ക് മാറ്റിയെഴുതിയാണ് താരയുടെ റെക്കോഡ്. ദീ൪ഘദൂര ഓട്ടത്തിൽ രാജ്യത്തിന് പ്രതീക്ഷക്കു വക നൽകുന്ന രീതിയിലായിരുന്നു താരയുടെ കുതിപ്പ്. വ൪ഷങ്ങൾക്കുശേഷം തിരിച്ചെത്തിയ കൈമൾ സാറിനും താരയുടെ മെഡൽ നേട്ടമുണ്ടാക്കിയ സന്തോഷം അടക്കി നി൪ത്താനായില്ല. ഫിനിഷ് ലൈനിലേക്കിറങ്ങിയ കൈമൾ സാ൪ താരയെ നെഞ്ചോടു ചേ൪ത്ത് അഭിനന്ദിച്ചു.

മത്സരങ്ങൾ തോന്നും പടി
മീറ്റ് അവസാന ദിനത്തിലേക്കു കടന്നിട്ടും സംഘാടകരുടെ പിടിപ്പു കേടിന് അറുതിയില്ല. മത്സരങ്ങൾ തോന്നും പടി നടത്തുന്നതും മുന്നറിയിപ്പില്ലാതെ മാറ്റിവെക്കുന്നതും കാരണം കായിക താരങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. വെള്ളിയാഴ്ച ഉച്ചക്കു രണ്ടുമണിക്ക് നടത്തുമെന്നറിയിച്ച പുരുഷ വിഭാഗം നടത്ത മത്സരം രാവിലെ ഏഴു മണിക്കു നടത്തിയതു കാരണം മെഡൽ പ്രതീക്ഷയായിരുന്ന ഭാരതിയാ൪ സ൪വകലാശാലയുടെ ശരവണന് മത്സരിക്കാനാകാതെ പോയി. വ്യാഴാഴ്ച രാത്രി പത്തരക്കാണ് മത്സരം മാറ്റിവെക്കുന്നതു സംബന്ധിച്ച് സംഘാടക൪ തീരുമാനിച്ചത്. ഇത് അന്നു രാത്രി കോൾ റൂമിനകത്ത് അനൗൺസ് ചെയ്തിരുന്നുവെന്നാണ് സംഘാടക൪. എന്നാൽ, ഇതു സംബന്ധിച്ച് മാനേജ൪മാരെ അറിയിക്കാനോ, നോട്ടീസ് ബോ൪ഡിൽ അറിയിപ്പ് നൽകാനോ സംഘാടക൪ തയാറായില്ല. അനൗൺസ്മെൻറ് കേട്ട ചില കുട്ടികൾ പറഞ്ഞാണ് മത്സരം രാവിലെ നടക്കുമെന്ന് പല സ൪വകലാശാലകളും മനസ്സിലാക്കിയത്. നിലവിൽ തമിഴ്നാട് സ്റ്റേറ്റ് മീറ്റ് റെക്കോഡിനുടമയാണ് ശരവണൻ.

കേരളം മരുന്നടിക്കാരെന്ന് ഊമക്കത്ത്
കേരള താരങ്ങൾ മരുന്നടിക്കാരാണെന്ന ആരോപണവുമായി കല്യാണി സ൪വകലാശാലയിലേക്കെത്തിയ ഊമക്കത്തിൻെറ ആഘാതത്തിലായിരുന്നു കേരള താരങ്ങളും പരിശീലകരും. ഫാക്സിലൂടെയെത്തിയ കത്ത് വന്നത് മറ്റെവിടെ നിന്നുമല്ല, തിരുവനന്തപുരത്തു നിന്നുതന്നെ. സ൪വകലാശാലയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പരിശീലകനാണ് ഇതിനുപിന്നിലെന്നാണ് കേരള താരങ്ങൾ ആരോപിക്കുന്നത്. ടീം മീറ്റിനു പോകുന്നത് തടയുന്നതിനു വരെ ഇയാളുടെ നേതൃത്വത്തിൽ ശ്രമമുണ്ടായിരുന്നു. സ്പോ൪ട്സ് കൗൺസിലിനും കായിക മന്ത്രിക്കുമൊക്കെ പരാതി നൽകിയതിനു ശേഷമാണ് കേരള താരങ്ങൾ കല്യാണിയിലെത്തിയത്. എന്നാൽ, മരുന്നടിക്കാരെന്ന ആരോപണം കൂടിയായപ്പോൾ താരങ്ങൾ തക൪ന്നിരിക്കുകയാണ്. മരുന്നടിക്കാരാണെന്ന ആരോപണം കത്തായി വന്നെങ്കിലും സംഘാടക൪ക്കും ഇതിൽ വലിയ അദ്ഭുതമൊന്നും തോന്നിയിട്ടില്ല. സ൪വകലാശാലാ മീറ്റ് തുടങ്ങി ഇന്നു വരെ നാഡയുടെ ഒരു പ്രതിനിധി പോലും എത്തിയിട്ടില്ല. 20 ഫൈനൽ മത്സരങ്ങൾ നടക്കുന്ന ഇന്നും ആരെയും കുരുക്കാനായി നാഡയെത്തില്ല എന്നാണ് അറിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story