പൊലീസ് സംരക്ഷണത്തില്‍ ഭാരതപ്പുഴയോരത്ത് മാലിന്യം തള്ളി
text_fieldsപൊന്നാനി: കുറ്റിക്കാട് ശ്മശാനത്തിനടുത്ത് ഭാരതപ്പുഴയോരത്ത് പൊലീസ് സംരക്ഷണത്തിൽ നഗരസഭാധികൃത൪ മാലിന്യം തള്ളി. രണ്ടാഴ്ച നഗരത്തിൽ കുമിഞ്ഞ് കൂടിയ മാലിന്യമാണ് ഇരുപതോളം മണൽ ലോറികളിൽ ഇവിടെ തള്ളിയത്. ജനുവരി ഒന്ന് മുതൽ കുറ്റിക്കാട് മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാ൪ തടഞ്ഞതിനെത്തുട൪ന്ന് ആനപ്പടിയിൽ ദേശീയപാതയോരത്ത് 16ന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം കുഴിച്ച് മൂടി. തുട൪ന്ന് 39ാം വാ൪ഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ച് നഗരസഭയിലേക്ക് മാ൪ച്ച് നടത്തി. 17 മുതൽ വീണ്ടും മാലിന്യം കുന്നുകൂടാൻ തുടങ്ങി.
അതിനിടെ തിങ്കളാഴ്ച രാവിലെ പൊന്നാനി സി.ഐ അബ്ദുൽ മുനീറിൻെറ നേതൃത്വത്തിൽ വനിതാ പൊലീസുൾപ്പെടെ കുറ്റിക്കാട്ട് ക്യാമ്പ് ചെയ്തു. നാട്ടുകാരായ കെ.പി. ബഷീ൪, അജയ്ഘോഷ്, ജലീൽ എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നാട്ടുകാരെ വിരട്ടിയോടിച്ചു.
ചന്തപ്പടി പൗലോസ് മിൽ റോഡ് മുതൽ കുറ്റിക്കാട് വരെയും കുറ്റിക്കാട് ക്ഷേത്രം റോഡിലും പൊലീസിനെ വിന്യസിച്ചു. തുട൪ന്ന് മാലിന്യം കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് തള്ളുകയായിരുന്നു.
നഗരസഭ ഇപ്പോഴും മാലിന്യ നിക്ഷേപത്തിന് സ്ഥലം കണ്ടെത്തിയിട്ടില്ല. നെയ്തല്ലൂരിലെ മാലിന്യ സംസ്കരണ യൂനിറ്റ് സാങ്കേതികത്വത്തിൽ കുരുങ്ങിക്കിടക്കുകയാണ്. താൽക്കാലിക നടപടികൾ എത്രകാലം അധികൃത൪ക്ക് തുടരാനാവുമെന്ന് കണ്ടറിയണം. മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.