അസാധുവാക്കപ്പെട്ടത് വിവാദ വിധി
text_fieldsകൊച്ചി:സൂര്യനെല്ലിക്കേസിൽ എറെ ച൪ച്ച ചെയ്യപ്പെട്ട ഹൈകോടതി വിധിയാണ് സുപ്രീംകോടതി ഇടപെടലിലൂടെ ഇല്ലാതായത്. ആഗ്രഹമുണ്ടായിട്ടും ജനം പുറത്തുപറയാൻ മടിച്ച കാര്യങ്ങളാണ് ഹൈകോടതി തുറന്നടിച്ചതെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടപ്പോൾ കനത്ത പ്രതിഷേധങ്ങളുമായാണ് ഹൈകോടതി വിധിയെ വനിതാ സംഘടനകളടക്കം നേരിട്ടത്. ഓരോ പീഡനക്കഥകൾ പുറത്തുവരുമ്പോഴും സൂര്യനെല്ലിക്കേസിലെ ഹൈകോടതി വിധി പൊതുച൪ച്ചകളുടെ ഭാഗമാകാറുണ്ട്.
2005 ജനുവരി 20നാണ് 35 പ്രതികളുടെ ശിക്ഷ റദ്ദാക്കി ജസ്റ്റിസ് കെ.എ. അബ്ദുൽ ഗഫൂറും ജസ്റ്റിസ് ആ൪. ബസന്തും അടങ്ങുന്ന ഡിവിഷൻബെഞ്ച് വിധി പുറപ്പെടുവിച്ചത്. പക്ഷേ, ശിക്ഷ റദ്ദാക്കാൻ കോടതി പറഞ്ഞ ന്യായങ്ങൾ വൻവിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
40 ദിവസം പല൪ക്കുമൊപ്പം പലയിടത്തും സഞ്ചരിച്ച പെൺകുട്ടി രക്ഷപ്പെടാൻ ഒരിക്കലും ശ്രമിച്ചില്ലെന്ന കോടതിയുടെ കണ്ടെത്തൽ ഏറെ വിമ൪ശങ്ങൾക്ക് വഴിവെച്ചിരുന്നു. ജനത്തിരക്കേറിയ പല നഗരങ്ങളിലും പല വാഹനങ്ങളിലായി പെൺകുട്ടി യാത്ര ചെയ്തിട്ടുണ്ട്. 40 ദിവസം കൊണ്ട് 4000 കിലോമീറ്ററോളമാണ് യാത്ര ചെയ്തത്. പരിചിത നാടുകളിലെ ലോഡ്ജുകളിലും താമസിച്ചു. ആദ്യ ദിവസം തന്നെ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ഉപയോഗപ്പെടുത്തിയില്ല. യാത്രാമധ്യേ പ്രതികളല്ലാത്തവരെ കണ്ടുമുട്ടിയിട്ടും രക്ഷപ്പെടാനുള്ള ശ്രമം പെൺകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ഇത്രയും പേ൪ ബന്ധപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 16 വയസ്സ് പൂ൪ത്തിയായ പെൺകുട്ടിയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേ൪പ്പെടുന്നത് ബലാൽസംഗത്തിൻെറ നി൪വചനത്തിൽ വരില്ല്ള. 18 വയസ്സാണ് പ്രായപൂ൪ത്തിയായി കണക്കാക്കുന്നതെങ്കിലും ബലാൽസംഗത്തിൻെറ കാര്യത്തിൽ ‘സമ്മതം’ നൽകുന്നതിനുള്ള പ്രായം 16 വയസ്സായാണ് പരിഗണിക്കുന്നത്. ഇരയായ പെൺകുട്ടിക്ക് 16 വയസ്സിലേറെ പ്രായമുണ്ടെങ്കിൽ സമ്മതത്തോടെയല്ല ലൈംഗികബന്ധത്തിൽ ഏ൪പ്പെട്ടതെന്ന് തെളിയിക്കാനായാലേ ബലാൽസംഗമായി കണക്കാക്കാനാകൂ. പെൺകുട്ടിയുടെ മൊഴി മാത്രമാണ് ഇക്കാര്യത്തിലുള്ളത്. മറ്റ് തെളിവുകളുടെ അഭാവത്തിൽ സംശയത്തിൻെറ ആനുകൂല്യം നൽകി പ്രതികളെ വെറുതെ വിടുന്നുവെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയത്.
പ്രധാന പ്രതി അഭിഭാഷകനായ ധ൪മരാജന് വിചാരണക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷ അഞ്ചുവ൪ഷമായി കുറക്കുകയും ചെയ്തു. ബലാൽസംഗക്കുറ്റം ഒഴിവാക്കിയതിനെ തുട൪ന്നാണ് ശിക്ഷയിൽ ഇളവ് ലഭിച്ചത്. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിക്കൽ, ലൈംഗികവേഴ്ചക്കായി തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ മാത്രം നിലനി൪ത്തിയ ഹൈകോടതി ഇയാൾക്കെതിരായ മറ്റ് കുറ്റങ്ങളെല്ലാം തെളിവുകളുടെ അഭാവത്തിൽ ഉപേക്ഷിച്ചു. ‘സമ്മതം’ നൽകുന്നത് നിയമ വിധേയമാക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 ആക്കണമെന്ന് നിയമകമീഷൻ ശിപാ൪ശ ചെയ്തിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈകോടതി വിധിയെ തുട൪ന്ന് ജഡ്ജിമാ൪ക്കെതിരെ പ്രസ്താവനകളും പരസ്യ പ്രതിഷേധ പ്രകടനങ്ങൾ വരെയുമുണ്ടായി. സ്ത്രീത്വത്തെ അപമാനിക്കുന്ന നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന അഭിപ്രായത്തിന് വലിയ പ്രാധാന്യവും ലഭിച്ചു. രണ്ട് ദിവസങ്ങളിലായാണ് വിധി പ്രസ്താവം കോടതി പൂ൪ത്തിയാക്കിയത്. വിധി പൂ൪ണമാകും മുമ്പേ, ബലാൽസംഗക്കുറ്റം നിലനിൽക്കില്ല, ഗൂഢാലോചനക്കുറ്റമില്ല തുടങ്ങിയ തരത്തിൽ വാ൪ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും കോടതി രൂക്ഷഭാഷയിൽ വിമ൪ശിച്ചിരുന്നു.
കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൽ ഗഫൂ൪ മരണപ്പെട്ടു. ജസ്റ്റിസ് ബസന്ത് വിരമിച്ച ശേഷം സുപ്രീംകോടതിയിൽ അഭിഭാഷകനായി തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.