ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത നാവികാഭ്യാസം തുടങ്ങി
text_fieldsസോൾ: ‘യുദ്ധോത്സുക നടപടി’യെന്ന് ഉത്തരകൊറിയ വിമ൪ശിച്ച, ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത നാവിക അഭ്യാസം ജപ്പാൻ കടലിൽ ആരംഭിച്ചു. ആണവ പരീക്ഷണം നടത്തുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനത്തിൻെറ പശ്ചാത്തലത്തിലാണ് സംയുക്ത സൈനികാഭ്യാസം അരങ്ങേറുന്നത്.
അത്യന്താധുനിക ആണവ മുങ്ങിക്കപ്പലായ യു.എസ്.എസ് സാൻഫ്രാൻസിസ്കോ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
തുറമുഖ നഗരമായ പൊഹാങ്ങിന് സമീപം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനം തുടങ്ങിയതായി ദക്ഷിണ കൊറിയൻ സൈനികമന്ത്രാലയ വക്താവ് അറിയിച്ചു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ മുന്നറിയിപ്പ് വരുന്നതിന് മുമ്പുതന്നെ നിശ്ചയിച്ച സൈനികാഭ്യാസമാണിതെന്ന് സോൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ആണവമുങ്ങിക്കപ്പലുകളടക്കമുള്ള അഭ്യാസം കമ്യൂണിസ്റ്റ് കൊറിയക്കുള്ള മുന്നറിയിപ്പാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കഴിഞ്ഞ ഡിസംബറിൽ നടത്തിയ മിസൈൽ പരീക്ഷണത്തിൻെറ പേരിൽ ഉത്തരകൊറിയക്കെതിരെ ഏ൪പ്പെടുത്തിയ യു.എൻ ഉപരോധത്തോടുള്ള പ്രതിഷേധസൂചകമായാണ് ആണവപരീക്ഷണം. എന്നാൽ, സമാധാനപരമായ ആവശ്യങ്ങൾക്കുള്ള പരീക്ഷണങ്ങളാണ് തങ്ങൾ നടത്തുന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.