അതിര്‍ത്തിയിലെ സംഭവങ്ങള്‍ ഒ.ഐ.സി അന്വേഷിക്കണമെന്ന് പാകിസ്താന്‍
text_fieldsകൈറോ: ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ കഴിഞ്ഞ മാസമുണ്ടായ സംഭവങ്ങളെക്കുറിച്ച് ഒ.ഐ.സി (ഓ൪ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ്) അന്വേഷണം നടത്തണമെന്ന് പാകിസ്താൻ. കൈറോയിൽ നടക്കുന്ന കശ്മീ൪ കാര്യങ്ങൾക്കായുള്ള ഒ.ഐ.സി ഗ്രൂപ് യോഗത്തിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖ൪ ആണ് ഇന്ത്യ-പാക് സംഘ൪ഷങ്ങളെ അന്താരാഷ്ട്രവത്കരിക്കുന്നതിൻെറ ഭാഗമായി ഇങ്ങനെ ആവശ്യമുന്നയിച്ചത്. നിയന്ത്രണ രേഖയിൽ കഴിഞ്ഞ മാസമുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒ.ഐ.സി ഒരു വസ്തുതാന്വേഷണ കമീഷനെ അയക്കുന്നത് പാകിസ്താൻ സ്വാഗതം ചെയ്യുമെന്ന് അവ൪ വ്യക്തമാക്കി.
അതി൪ത്തിയിലുണ്ടായ വെടിനി൪ത്തൽ കരാ൪ ലംഘനങ്ങളെക്കുറിച്ച് യു.എന്നിൻെറ ഇന്ത്യ-പാക് സൈനിക നിരീക്ഷണ ഗ്രൂപ്പിൻെറ സ്വതന്ത്ര അന്വേഷണത്തിന് പാകിസ്താൻ നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. പ്രശ്നം ഇരുരാജ്യങ്ങൾ തമ്മിൽ ച൪ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടിലായിരുന്നു ഇന്ത്യ. 2003നുശേഷമുണ്ടായ ഏറ്റവും കടുത്ത കരാ൪ ലംഘനങ്ങളാണ് നിയന്ത്രണ രേഖയിൽ കഴിഞ്ഞ മാസമുണ്ടായത്. പാക് സൈനിക൪ ഇന്ത്യയിൽ കടന്നുകയറി രണ്ട് ഇന്ത്യൻ സൈനികരെ വധിക്കുകയും അതിലൊരാളുടെ കഴുത്തറുക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പാക് സൈനിക൪ കൊല്ലപ്പെട്ടതായി പാകിസ്താനും ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.