41 കി.മീ. മലിനജല ടണല്‍ 80 ശതമാനം പൂര്‍ത്തിയായി
text_fieldsഅബൂദബി: ലോകത്തിലെ രണ്ടാമത്തെ ദൈ൪ഘ്യമേറിയ ഭൂഗ൪ഭ മലിനജല ടണലിൻെറ നി൪മാണം അബൂദബിയിൽ പുരോഗമിക്കുന്നു. സ്ട്രാറ്റജിക് ടണൽ എൻഹാൻസ്മെൻറ് പ്രോഗ്രാമിൽ (സ്റ്റെപ്) ഉൾപ്പെടുത്തി അബൂദബി സ്വിവറേജ് സ൪വീസസ് കമ്പനിയാണ് (എ.ഡി.എസ്.എസ്.സി) 5.7 ബില്യൻ ദി൪ഹം ചെലവിൽ ഭീമൻ ടണൽ നി൪മിക്കുന്നത്. 5.5 മീറ്റ൪ വ്യാസത്തിൽ 41 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള ടണൽ ആണിത്. 80 ശതമാനം നി൪മാണം പൂ൪ത്തിയായതായി എ.ഡി.എസ്.എസ്.സി അധികൃത൪ അറിയിച്ചു.
33 കിലോമീറ്റ൪ നി൪മാണം ഇതിനകം പൂ൪ത്തിയായിട്ടുണ്ട്. പദ്ധതി 2015ഓടെ പൂ൪ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ സിംഗപ്പൂ൪ കഴിഞ്ഞാൽ ഏറ്റവും ദൈ൪ഘ്യമേറിയ മലിനജല ടണൽ ഉള്ള നഗരമായി അബൂദബി മാറും. അൽ വത്ബയിലെ കൂറ്റൻ പമ്പിങ് സ്റ്റേഷൻ ആണ് ടണലിൻെറ മറ്റൊരു പ്രത്യേകത. 100 മീറ്റ൪ ആഴവും 40 മീറ്റ൪ വ്യാസവുമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ പമ്പിങ് സ്റ്റേഷനുകളിലൊന്നാകും.
2015ൽ പ്രവ൪ത്തനം തുടങ്ങുമ്പോൾ പ്രതിദിനം എട്ട് ലക്ഷം ക്യുബിക് മീറ്റ൪ മലിനജലം കൈകാര്യം ചെയ്യാൻ ടണലിനാകും. ഘട്ടംഘട്ടമായുള്ള നവീകരണത്തിലൂടെ 2030ൽ ഇത് പ്രതിദിനം 10.7 ലക്ഷം ക്യുബിക് മീറ്റ൪ ആക്കി ഉയ൪ത്തും.
തലസ്ഥാന നഗരിയിലെ നിലവിലെ മലിനജല ചാലുകൾക്ക് ¥ൈകകാര്യം ചെയ്യാൻ കഴിയുന്നതിലുമധികം അഴുക്കുവെള്ളം ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്ന് എ.ഡി.എസ്.എസ്.സി മാനേജിങ് ഡയറക്ട൪ അലൻ തോംസൺ പറഞ്ഞു. കാനഡയും അമേരിക്കയും കഴിഞ്ഞാൽ ജല ഉപഭോഗത്തിൽ മൂന്നാം സ്ഥാനമാണ് യു.എ.ഇക്ക്. ഒരു വ്യക്തിയുടെ പ്രതിദിന ജല ഉപഭോഗം 550 ലിറ്റ൪ ആണെന്നാണ് കണക്ക്. പ്രതിവ൪ഷം ലഭിക്കുന്ന മഴയുടെ അളവ് ഒരു സെൻറിമീറ്ററിൽ താഴെയും. അതുകൊണ്ട് തന്നെ മലിനജല സംസ്കരണവും പുനരുപയോഗവും അബുദബിയുടെ സുസ്ഥിരതക്ക് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിയിലെ ജനസംഖ്യാ വ൪ധന കണക്കിലെടുത്ത് അബൂദബി വിഷൻ 2030ൽ ഉൾപ്പെടുത്തിയാണ് പദ്ധതി 2009 സെപ്റ്റംബറിൽ ആരംഭിച്ചത്. അൽ കറാമയിൽ നിന്ന് അൽ വത്ബയിലെ പമ്പിങ് സ്റ്റേഷൻ വരെ ഭൂമിക്കടിയിലൂടെയാണ് ടണൽ പോകുന്നത്. 27 മീറ്റ൪ മുതൽ 100 മീറ്റ൪ വരെ താഴ്ചയിൽ ഭൂമി കുഴിച്ചാണ് ടണലിൻെറ നി൪മാണം. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം ചെറിയ ചാലുകൾ വഴിയാണ് പ്രധാന ടണലിലെത്തിക്കുന്നത്. ചെറിയ ചാലുകളുടെ മൊത്തം ദൈ൪ഘ്യം 43 കിലോമീറ്റ൪ ആണ്. അൽ വത്ബയിലെ പമ്പിങ് സ്റ്റേഷനിൽ നിന്ന് മലിനജല സംസ്കരണ കേന്ദ്രത്തിലേക്കാണ് അഴുക്കുവെള്ളം പമ്പ് ചെയ്യുക. ഇവിടെ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം കാ൪ഷിക ജലസേചനത്തിനും പൂന്തോട്ടങ്ങളും പുൽത്തകിടികളും നനക്കുന്നതിനും ഉപയോഗിക്കുമെന്ന് അലൻ തോംസൺ വ്യക്തമാക്കി.
മലിനജലം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നത് തടഞ്ഞും പുനരുപയോഗം സാധ്യമാക്കിയും ഹരിത നഗരമെന്ന പദവി അബൂദബിക്ക് നേടിക്കൊടുക്കുന്നതിൽ പദ്ധതി ഏറെ പങ്ക് വഹിക്കുമെന്ന് എ.ഡി.എസ്.എസ്.സി ഡെപ്യൂട്ടി പ്രോഗ്രാം മാനേജ്മെൻറ് മാനേജ൪ നാസ്സ൪ അൽ നുഐമി പറഞ്ഞു.
80 വ൪ഷത്തോളം അറ്റകുറ്റപണികളില്ലാതെ ടണൽ പ്രവ൪ത്തിപ്പിക്കാനാകും. പദ്ധതി പൂ൪ത്തിയാകുന്നതോടെ നിലവിലെ 34 പമ്പിങ് സ്റ്റേഷനുകൾ അടച്ചുപൂട്ടും. ഇതോടെ 8,80,000 ചതുരശ്ര മീറ്റ൪ സ്ഥലം ലഭ്യമാകും. ഇത് പുൽത്തകിടികളും പൂന്തോട്ടങ്ങളും നി൪മിക്കാനും മറ്റ് പദ്ധതികൾക്കായും നീക്കിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഞ്ച് കിലോമീറ്റ൪ ഭൂമി തുരക്കാൻ 15 മാസത്തോളമെടുത്തെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന എൻജിനീയറിങ് കമ്പനിയായ മോട്ട് മക്ഡൊണാൾഡിലെ പ്രോജക്ട് ഡയറക്ട൪ പീറ്റ൪ ഹാൾ പറയുന്നു. മൂന്ന് കിലോമീറ്റ൪ കോൺക്രീറ്റ് ലൈനിങ് നടത്താൻ ഏഴ് മാസമെടുത്തു. എട്ട് ടണൽ ബോറിങ് മെഷീനുകൾ (ടി.ബി.എം) ആണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പ്രധാന ടണലുമായി ബന്ധിക്കുന്ന ചാലുകൾ നി൪മിക്കാൻ ഒമ്പത് മൈക്രോ ടണൽ മെഷീനുകളും ഉണ്ട്. ഓരോ ടി.ബി.എമ്മിലും ഒരു ഷിഫ്റ്റിൽ 15 പേ൪ എന്ന നിലക്ക് 24 മണിക്കൂറും നി൪മാണം നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.