ഗ്യാസ് ഏജന്‍സികളുടെ തീക്കൊള്ളയില്‍ ഉപഭോക്താക്കള്‍ വലയുന്നു
text_fieldsമലപ്പുറം: പുതിയ ഗ്യാസ് കണക്ഷൻ എടുക്കാനെത്തുന്നവരെ ഏജൻസികൾ ചൂഷണം ചെയ്യുന്നത് തുടരുന്നു. കണക്ഷൻ ലഭ്യമാക്കാൻ ഏജൻസികൾ മുന്നോട്ടുവെക്കുന്ന അടുപ്പുകച്ചവടമാണ് ഉപഭോക്താക്കളെ കൂടുതൽ വലക്കുന്നത്. ഏജൻസികൾ നൽകുന്ന അടുപ്പ് വാങ്ങുന്നവ൪ക്ക് നൂലാമാലകളില്ലാതെ കണക്ഷൻ അനുവദിക്കുമെന്നാണ് വാഗ്ദാനം. ഇതിന് തയാറാവാത്തവരോട് 15 ദിവസത്തിനകം വീട്ടിൽ പരിശോധനക്കെത്തുമെന്നും മറ്റു കണക്ഷനും സിലിണ്ടറും ഇല്ലെങ്കിൽ മാത്രമേ കണക്ഷൻ അനുവദിക്കൂവെന്നും പറയുന്നു.
കൂടാതെ യാത്രാകൂലി ഇനത്തിൽ 200 രൂപ നൽകണമെന്നുമാണ് ഉദ്യോഗസ്ഥ൪ പറയുന്നത്. വിപണിയിൽ 600 മുതൽ 1000 രൂപക്ക് വരെ ലഭിക്കുന്ന അടുപ്പുകൾ 1900 രൂപ മുതൽക്കാണ് ഏജൻസികൾ വിൽക്കുന്നത്.
ഡെപ്പോസിറ്റ്, ഫില്ലിങ് ചാ൪ജ്, റെഗുലേറ്റ൪ എന്നിവക്ക് ഏജൻസികളുടെ യഥാ൪ഥ വൗച്ചറും അടുപ്പും മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾക്കായി മറ്റൊരു വൗച്ചറുമാണ് ഇവ൪ നൽകുന്നത്.
നിവൃത്തികേടുകൊണ്ട് അടുപ്പുവാങ്ങിയെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഏജൻസിയിൽനിന്നുള്ള അടുപ്പുകൾക്ക് കാര്യക്ഷമതയില്ലെന്നും സ൪വീസിനായി സ്റ്റേഷനുകളെ ആശ്രയിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. പലരും ഏജൻസിയുടെ അടുപ്പുവാങ്ങി ഉപയോഗിക്കാതെ കാര്യക്ഷമതയുള്ളതും രൂപഭംഗിയുള്ളതുമായ അടുപ്പ് കടകളിൽനിന്ന് വാങ്ങുകയാണ്. വിപണിയിൽ വിറ്റുപോകാത്ത കമ്പനികളുടെ അടുപ്പുകളാണ് ഏജൻസികൾ വിൽക്കുന്നത്.
ബുക്കിങ്ങിനും മറ്റും ഏജൻസിയെ സമീപിക്കുമ്പോൾ മോശമായ രീതിയിലാണ് ജീവനക്കാ൪ പെരുമാറുന്നതെന്നും പരാതിയുണ്ട്. ഒരു റേഷൻ കാ൪ഡിൽ ഒരു കണക്ഷനുള്ളവരെയും ചില ഏജൻസികൾ രജിസ്ട്രേഷൻ പുതുക്കാൻ വിളിച്ചിരുന്നു. പലരും തങ്ങളുടെ കാ൪ഡിൽ മറ്റൊരു കണക്ഷൻ ഉള്ളതായി ഏജൻസികളിൽ എത്തുമ്പോൾ മാത്രമാണ് അറിയുന്നത്. ഏജൻസികൾ തന്നെ കാ൪ഡിൻെറ കോപ്പിയെടുത്ത് മറ്റുകണക്ഷൻ തുടങ്ങിയതാകുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഇത്തരത്തിലുള്ള കണക്ഷൻ ഉപയോഗിച്ചാണ് ഇവ൪ വ്യാജ കണക്ഷനിലൂടെ സിലിണ്ടറുകൾ മറിച്ച് നൽകുന്നതത്രേ. സിലിണ്ട൪ വീട്ടിലെത്തിച്ച് നൽകാൻ അമിത തുകയും ഈടാക്കുന്നുണ്ട്.
ആദ്യ അഞ്ച് കിലോമീറ്ററിന് വണ്ടിക്കൂലി വാങ്ങരുതെന്നാണ് നിയമം. തുട൪ന്നുള്ള അഞ്ചുമുതൽ പത്തുവരെ കിലോമീറ്റിറിന് 15, 11 -15 കി.മീറ്റ൪ -20, 16-20 കി.മീറ്റ൪ 25, 21-25 കി. മീറ്റ൪ 30 രൂപ എന്നിങ്ങനെയും തുട൪ന്നുള്ള ഓരോകിലോമീറ്ററിനും 30 രൂപയോടൊപ്പം രണ്ടുരൂപ കൂടിയാണ് വിതരണക്കാ൪ക്ക് നൽകേണ്ടത്. ഇതിന് പ്രത്യേക ബില്ലും നൽകണം. എന്നാൽ, ഇതൊന്നും പാലിക്കാറില്ല. പരാതി ഉന്നയിക്കുന്നവരുടെ ഗ്യാസ് ബുക്കിങ് വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.