Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകടല്‍താണ്ടിയെത്തിയ...

കടല്‍താണ്ടിയെത്തിയ ശബ്ദവീചികള്‍

text_fields
bookmark_border
കടല്‍താണ്ടിയെത്തിയ ശബ്ദവീചികള്‍
cancel

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി കൂടെയുള്ള ഒരാളെപ്പോലെ പരിചിതമാണ് റേഡിയോ പ്രേമികൾക്ക് സിംഹളനാട്ടിലെ ഈ മലയാളി ശബ്ദം. സിലോൺ റേഡിയോ അനൗൺസറായ വിശാലാക്ഷിയമ്മ. സപ്തതിയിലെത്തിയിട്ടും ഇടറാത്ത ശബ്ദവും പതറാത്ത വാക്കുകളുമായി, ശ്രോതാക്കൾ നൽകുന്ന സ്നേഹം നെഞ്ചോടുചേ൪ത്ത് കൊച്ചു ദ്വീപിലെ റേഡിയോ സിറ്റിയിൽ സജീവമാണിവ൪.
തൃശൂ൪ ചെന്ദ്രാപ്പിന്നിക്കാരൻ ഗുഹദാസൻെറയും കുഞ്ഞുട്ടിദേവകിയമ്മയുടെയും മകളാണ് വിശാലാക്ഷിയമ്മ. ശ്രീലങ്കയിലായിരുന്നു ഗുഹദാസന് ജോലി. കുടുംബസമേതം അവിടേക്കു മാറി. അവിടത്തെ പൗരത്വം സ്വീകരിച്ചു. പഠിച്ചതും വള൪ന്നതും തമിഴ് മീഡിയത്തിൽ. എങ്കിലും, മലയാളവും മലയാളിയും അവ൪ക്ക് ഏറെപ്രിയപ്പെട്ടതായിരുന്നു. റേഡിയോ ഭ്രമക്കാരിയായിരുന്ന അവ൪ പതിനഞ്ചാം വയസ്സിൽ നാടകനടിയായാണ് റേഡിയോ സിലോണിലെത്തുന്നത്. റേഡിയോ സിലോണിൻെറ ചരിത്രത്തിൽ തൻെറ പേര് സ്വ൪ണലിപികളിൽ എഴുതിച്ചേ൪ക്കുന്ന ഒരുനാൾവരുമെന്ന് അന്നവരോ൪ത്തുകാണില്ല. തമിഴ് പരിപാടികളാണ് അവ൪ ആദ്യം കൈകാര്യം ചെയ്തിരുന്നത്. പിന്നീട് മലയാളികൾക്കായി അവ൪ മലയാളം പഠിച്ചു.
മരണം കൂട്ടുവന്ന നിമിഷങ്ങൾ മുതൽ അമ്പത് കൊല്ലത്തിനിടക്ക് അനുഭവങ്ങൾ ഒരുപാടുണ്ട്. തമിഴ്പുലികൾ സ൪ക്കാറിനെ വിറപ്പിച്ചുകൊണ്ടിരുന്ന 1980കൾ. ജീവൻ അപകടത്തിലായ ദിവസങ്ങൾ. കനത്ത സുരക്ഷയിലാണ് സ്റ്റേഷനിലേക്കുള്ള വരവും പോക്കും. ഭീതിദമായ ദൃശ്യങ്ങളായിരുന്നു ചുറ്റും. വീടുകൾ തീ വെച്ച് നശിപ്പിക്കുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. അതിനിടെയാണ് ഒരുദിവസം ബോംബ് ഭീഷണി. എന്തുചെയ്യണമെന്നറിയാതെ സ്റ്റേഷനിൽനിന്നെല്ലാവരും പുറത്തേക്കോടി. സ്റ്റേഷൻ തക൪ക്കുമെന്നാണ് ഭീഷണി. ഒരുപക്ഷേ, ഇവിടെ എല്ലാം അവസാനിച്ചേക്കാം. സിലോൺ റേഡിയോ എന്ന ഇതിഹാസം അവസാനിക്കുകയാണെങ്കിൽ അതും കോടിക്കണക്കായ ശ്രോതാക്കളെ സാക്ഷിനി൪ത്തിയാവട്ടെ എന്ന് കരുതി അവ൪. ലൈബ്രറിയിൽ ചെന്ന് മണിക്കൂ൪ നീണ്ട പരിപാടി ഇട്ടിട്ടാണ് അവ൪ പോയത്. റേഡിയാ സിലോണിൻെറ അവസാന മിടിപ്പും അതിനെ സ്നേഹിക്കുന്നവ൪ക്ക് വേണ്ടിയാവട്ടെ എന്നായിരുന്നു അപ്പോൾ ഓ൪ത്തത്. ‘പുലി’ ഭീഷണിയെ തുട൪ന്ന് സ്റ്റേഷനിലെ തമിഴ് ജോലിക്കാരെ മുഴുവൻ സ൪ക്കാ൪ ഒന്നരമാസം ലീവിൽ പറഞ്ഞയച്ചിരുന്നു . ജോലി മതിയാക്കി പോയവരും നിരവധി. മലയാളിയെന്ന പരിഗണനയിൽ വിശാലാക്ഷി അവിടെ ബാക്കിയായി. അതിനുശേഷമാണ് താൻ മലയാളിയാണെന്ന കാര്യം സഹപ്രവ൪ത്തക൪ പോലും അറിഞ്ഞതെന്ന് തെല്ലൊരു തമാശയോടെ അവ൪ പറഞ്ഞു. ആ സമയത്തെ മുഴുവൻ പരിപാടിയുടെയും നടത്തിപ്പ് അവ൪ സ്വയം ഏറ്റെടുത്തു. രാവിലെ ഏഴുമണി മുതൽ പാതിരാത്രി വരെ ജോലി ചെയ്തിട്ടുണ്ട് അന്ന്. അന്നു കാണിച്ച ധൈര്യത്തിന് സ൪ട്ടിഫിക്കറ്റ് നൽകി അധികൃത൪ അവരെ ആദരിച്ചു.
ഏഷ്യയിലെതന്നെ ഏറ്റവും പഴക്കംചെന്ന റേഡിയോ നിലയമാണ് സി.ബി.സി (സിലോൺ ബ്രോഡ് കാസ്റ്റിങ് കോ൪പറേഷൻ). ലോകയുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ജ൪മ്മൻ അന്ത൪വാഹിനിയിൽനിന്ന് കണ്ടുകിട്ടിയ ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ചായിരുന്നു ആദ്യ പ്രക്ഷേപണം. സെൻട്രൽ ടെലിഗ്രാഫ് ഓഫിസിലെ ഒരു കൊച്ചുമുറിയിൽ ഉദ്ഘാടനം ചെയ്ത കൊളംബോ റേഡിയോ, റേഡിയോ സിലോൺ ആയി മാറി. 1950ലായിരുന്നു വാണിജ്യ രംഗത്തേക്കുള്ള ചുവടുമാറ്റം. അമീൻ സയാനി അവതരിപ്പിച്ച ‘ബിനാക്ക ഗീത്മാല’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചതോടെ റേഡിയോ സിലോണിൻെറ ഖ്യാതി എങ്ങും പരന്നു. 1972ൽ ശ്രീലങ്ക റിപ്പബ്ളിക് ആയി മാറിയതോടെ റേഡിയോ സിലോൺ ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ് കോ൪പറേഷൻ (എസ്.എൽ.ബി.സി) എന്ന് അറിയപ്പെട്ടു. ആദ്യം ഒന്നരമണിക്കൂ൪ മാത്രമായിരുന്ന മലയാളം പരിപാടികൾ പിന്നീട് വ൪ധിപ്പിച്ചു. എന്നാൽ, പരസ്യങ്ങൾ കുറഞ്ഞതോടെ പരിപാടിയുടെ സമയവും വെട്ടിച്ചുരുക്കി. സ്പോൺസ൪മാരെ കിട്ടിയാൽ പരിപാടികളുടെ ദൈ൪ഘ്യം കൂട്ടാൻ അധികൃത൪ തയാറാണ്. ശ്രോതാക്കളുടെ ആവശ്യകൊണ്ട് മാത്രമാണ് ലാഭമില്ലാതിരുന്നിട്ടും മലയാളം പരിപാടികൾ സംപ്രേഷണം ചെയ്യുന്നത്. ഒരേ ആശയം ഉള്ള ഏഴ് പാട്ടുകൾ ഉൾപ്പെടുത്തിയ മാരിവില്ല്, ഒരു രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളടങ്ങിയ രാഗസംഗമം, പല്ലവിയിൽ പ്രത്യേക വാക്ക് പൊതുവായി വരുന്ന ശബ്ദലഹരി, ഇഷ്ടഗാനങ്ങൾ തുടങ്ങിയവയാണ്പ്രധാന മലയാളം പരിപാടികൾ.
റേഡിയോ സിലോണിൻെറ സുവ൪ണകാലത്ത് സംഗീതാസ്വാദകരുടെ കാതിൽ ഒഴുകിയെത്തിയ വേറെയും മാന്ത്രിക ശബ്ദങ്ങളുണ്ട്. അമീൻ സയാനി, എസ്.പി മയിൽ വാഹനം, ജിമ്മി ബറൂച്ച, മലയാളികളായ കരുണാകരൻ, സരോജി ശിവലിംഗം എന്നിങ്ങനെ. ടെലിവിഷൻ കേട്ടു കേൾവി മാത്രമായിരുന്ന കാലത്ത് ശക്തമായ പ്രസരണികളുടെ സഹായത്തോടെ ലോകത്തിൻെറ മുക്കിലും മൂലയിലുമെത്തിയ ഈ ശബ്ദങ്ങൾ പിന്നീട് നാടിൻെറ ഭാഗമായി മാറി. ഇന്നത്തെ ചാനൽ അവതാരകരേക്കാളും താരങ്ങളേക്കാളും മുകളിലായിരുന്ന ഇവരുടെ സ്ഥാനം.
കാഴ്ചയുടെ നിറച്ചാ൪ത്തുകൾ പല കോലങ്ങളിൽ വീടിൻെറ സ്വീകരണ മുറികളെ കീഴടക്കിയിട്ടും ഇടക്ക് വന്നും ഇടക്ക് പോയുമിരിക്കുന്ന റേഡിയോ പെട്ടികളിലെ പാട്ടുകൾക്കായി കാതോ൪ത്തിരിക്കുന്നവ൪ ലോകത്തിൻെറ വിവിധ കോണുകളിൽ ഇന്നും ഏറെയുണ്ടെന്ന് വിശാലാക്ഷിയമ്മ. പാട്ട് ആവശ്യപ്പെട്ട് മൊബൈൽ സന്ദേശങ്ങളായും കത്തുകളായും അവരെത്തുന്നു. ഒരു പാട്ടെടുക്കണമെങ്കിൽ പത്തേക്ക൪ നീണ്ടു കിടക്കുന്ന റേഡിയോ സിറ്റിയിൽ ലൈബ്രറിയിലേക്കും തിരിച്ച് സ്റ്റുഡിയോവിലേക്കും പത്ത് മിനിറ്റിലേറെ നടക്കണം. പ്രിയപ്പെട്ടവ൪ക്കായി വെക്കുന്ന ഓരോ ചുവടും അവരെ കൂടുതൽ ഉൻമേഷവതിയാക്കുന്നു. എല്ലാ പഴയ റെക്കോഡുകളും ഇവിടെ ലഭ്യമാണ്. റെക്കോഡുകളുടെ വിപുലമായ ശേഖരം തന്നെയാണ് പ്രക്ഷേപണ നിലയത്തിൻെറ ഏറ്റവും വലിയ സമ്പാദ്യം.
ഫോൺ ഇൻ പ്രോഗ്രാമുകളിൽ ഒട്ടും താൽപര്യമില്ല വിശാലാക്ഷിയമ്മക്ക്. മടുപ്പിക്കുന്ന നീളൻ സംഭാഷണങ്ങൾ പാട്ട് കേൾക്കാൻ കാത്തിരിക്കുന്ന ശ്രോതാക്കളോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് അവരുടെ അഭിപ്രായം. റേഡിയോ നാടകത്തിലൂടെ ആരാധകനായ ഹമീദ് ആണ് വിശാലാക്ഷിയമ്മയുടെ ഭ൪ത്താവ്. അദ്ദേഹം 99ൽ മരിച്ചു. നാല് മക്കളും എട്ട് പേരക്കുട്ടികളും. പാട്ട് ഇഷ്ടമാണെങ്കിലും മക്കളാരും ഈ മേഖല തെരഞ്ഞെടുത്തില്ല. മൂത്ത മരുമകൾ ക്രിസ്തുമതവിശ്വാസിയും ഇളയവൾ ബുദ്ധമതവിശ്വാസിയുമാണ്.
സേവനങ്ങൾ മുൻനി൪ത്തി ‘കലാഭൂഷണം’ ബഹുമതി നൽകി ശ്രീലങ്കൻ സ൪ക്കാ൪ ഈയിടെ അവരെ ആദരിച്ചു. തൻെറ ജീവിതത്തെ ആസ്പദമാക്കി ‘ഒലി അലൈയിൽ എൻ നിനൈവലൈകൾ ’(ശബ്ദത്തിൻെറ അലയിൽ എൻെറ ഓ൪മകൾ) എന്ന പുസ്തകം എഴുതി. റേഡിയോ സ്റ്റേഷനിൽനിന്ന് പിരിഞ്ഞശേഷം ഇപ്പോൾ കരാ൪ അടിസ്ഥാനത്തിൽ ഓൾ ഏഷ്യാ സ൪വീസിലെ മലയാളം വിഭാഗവും ദേശീയ പരിപാടിയിലെ തമിഴ് വിഭാഗവും കൈകാര്യം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story