ആവേശം വിതറി കായികദിനാഘോഷം
text_fieldsദോഹ: രണ്ടാമത് ദേശീയ കായികദിനം പ്രൗഢിയും ആവേശവും തുളുമ്പുന്ന വൈവിധ്യമാ൪ന്ന പരിപാടികളോടെ ഖത്ത൪ ആഘോഷിച്ചു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നടന്ന കായിക പരിപാടികളിൽ തലമുറകളുടെയും വേഷ, ഭാഷകളുടെയും സംസ്കാരങ്ങളുടെയും ദേശങ്ങളുടെയും വ്യത്യാസമില്ലാതെ സ്വദേശികളും പ്രവാസികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. രാജ്യത്തിൻെറ കായികസ്വപ്നങ്ങൾക്ക് കൂടുതൽ നിറവും ആവേശവും ഊ൪ജവും പക൪ന്ന പരിപാടികൾ കായികപ്രവ൪ത്തനങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കാനും അതിലൂടെ ജനങ്ങളുടെ ശാരീരികക്ഷമതയും കൂട്ടായ്മയും സഹവ൪ത്തിത്വവും ഊട്ടിയുറപ്പിക്കാനുമുള്ള ആഹ്വാനം കൂടിയായിരുന്നു.
വിവിധ സ൪ക്കാ൪ മന്ത്രാലയങ്ങളും സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളും വിവിധ പ്രായക്കാരായവ൪ക്ക് വേണ്ടി സംഘടിപ്പിച്ച വ്യത്യസ്തയിനം കായിക പരിപാടികളിൽ പങ്കെടുക്കാൻ ഇതിനായി ഒരുക്കിയ വേദികളിലേക്ക് രാവിലെ മുതൽ ട്രാക്ക് സ്യൂട്ടും ബ൪മുഡയും ടീഷ൪ട്ടും തൊപ്പിയും ധരിച്ച് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോ൪ണിഷ്, അസ്പെയ൪ സോൺ, കത്താറ കൾച്ചറൽ വില്ലേജ്, വെസ്റ്റ് ബെ, അൽ ബിദ പാ൪ക്ക്, ഇസ്ലാമിക് ആ൪ട്ട് മ്യൂസിയം, ദോഹയിലെ വിവിധ സ്റ്റേഡിയങ്ങൾ, വക്റ, ഗറാഫ, അൽഖോ൪, മിസഈദ്, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നടന്ന നടത്തവും ഓട്ടവും ജോഗിങ്ങും മുതൽ ഫുട്ബാളും വോളിബാളും ഹാൻറ്ബാളും ക്രിക്കറ്റും ടേബിൾ ടെന്നീസും പരമ്പരാഗത മൽസരങ്ങളും വരെയുള്ള പരിപാടികളിൽ സ്വദേശികളും വിദേശികളും ആവേശപൂ൪വം പങ്കെടുത്തു. അതത് സംഘടനകളും കമ്പനികളും കായിക അസോസിയേഷനുകളും സംഘടിപ്പിച്ച പരിപാടികളിലാണ് മിക്കവരും ശ്രദ്ധ കേന്ദീകരിച്ചതെങ്കിലും കോ൪ണിഷിലും അസ്പെയ൪ സോണിലും സ്റ്റേഡിയങ്ങളിലൂം നടന്ന പരിപാടികളിലും വൻ ജനപങ്കാളിത്തമുണ്ടായി. കോ൪ണിഷ് കടപ്പുറത്ത് നടക്കാനും ഓടാനും എത്തിയവരിൽ മൂന്ന് വയസ്സുള്ളവ൪ മുതൽ 70 പിന്നിട്ട വൃദ്ധ൪ വരെയുണ്ടായിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയവരെ കൊണ്ട് കോ൪ണിഷ് തീരം രാവിലെ തന്നെ ജനനിബിഡമായി.
കൂട്ട നടത്തത്തോടെയാണ് കോ൪ണിഷിലെ പരിപാടികൾ ആരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെയും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെയും പ്രതിനിധികളും അത്ലറ്റുകളും അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരന്നു. എല്ലാ സ്പോ൪ട്സ് ക്ളബ്ബുകളുടെയും ഫെഡറേഷനുകളുടെയും സ്റ്റേഡിയങ്ങളും ഹാളുകളും ഇന്നലെ രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.
സിദ്ര മെഡിക്കൽ ആൻറ് റിസ൪ച്ച് റെൻറ൪ (എസ്.എം.ആ൪.സി) കോ൪ണിഷിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. കായികദിന പരിപാടികളിൽ ജനപങ്കാളിത്തം പ്രതീക്ഷകൾക്കപ്പുറമായിരുന്നെന്ന് എസ്.എം.ആ൪.സി കമ്യൂണിക്കേഷൻസ് പ്രൊജക്ട് ഡയറക്൪ ഖാലിദ് അൽ മുഹന്നദി പറഞ്ഞു. അസ്പെയ൪ സോണിലെ ട്രാക്കുകളും ഫീൽഡുകളും വിവിധ പരിപാടികൾ കൊണ്ട് ഇന്നലെ മുഴുവൻ സജീവമായിരുന്നു. ഖലീഫ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച നാല് കിലോമീറ്റ൪ ‘ഫൺ റണ്ണിൽ’ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ധനകാര്യ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, കഹ്റമ, റാസ് ഗ്യാസ്, സുപ്രീം വിദ്യാഭ്യാസ കൗൺസിൽ, സിവിൽ ഡിഫൻസ്, ഖത്ത൪ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, ജനറൽ റിട്ടയ൪മെൻറ് ആൻറ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റി, ഖത്ത൪ ചേമ്പ൪, ഖത്ത൪ ഡെവലപ്മെൻറ് ബാങ്ക്, ഖത്ത൪ ഡയബറ്റിക് അസോസിയേഷൻ, ദേശീയ മനുഷ്യാവകാശ കമീഷൻ, ഖത്ത൪ വനിതാ കായിക സമിതി, ഖത്ത൪ ഫുട്ബാൾ അസോസിയേഷൻ, ഖത്ത൪ ക്രിക്കറ്റ് അസോസിയേഷൻ, ഖത്ത൪ ഫൗണ്ടേഷൻ, ഖത്ത൪ എയ൪വെയ്സ്, യൂത്ത് സെൻററുകൾ, വിദ്യാലയങ്ങൾ, സ൪വ്വകലാശാലകൾ, പ്രമുഖ ഹോട്ടലുകൾ, കമ്പനികൾ എന്നിവക്ക് പുറമെ ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളും പ്രവാസി സംഘടനകളും കായികപരിപാടികൾ സംഘടിപ്പിച്ചു. എൽ.ജി ആൻറ് ജമ്പോ ഇലക്ട്രോണിക്സ് വക്റ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ് ടൂ൪ണമെൻറുകളിൽ അഞ്ഞൂറോളം ജീവനക്കാ൪ പങ്കെടുത്തു. മറ്റ് ടീമുകളെ കൂടി പങ്കെടുപ്പിച്ച് ഇത്തരം ടൂ൪ണമെൻറുകൾ പതിവായി സംഘടിപ്പിക്കുമെന്ന് ജമ്പോ ഡയറക്ടറും ജനറൽ മാനേജരുമായി സി.വി റപ്പായി പറഞ്ഞു.
വിദേശകാര്യം, നീതിന്യായം എന്നീ മന്ത്രാലയങ്ങളുടെയും സുപ്രീം ആരോഗ്യ കൗൺസിലിൻെറയും (എസ്.സി.എച്ച്) പരിപാടികൾ അൽ രിഫാ സ്ട്രീറ്റിലാണ് നടന്നത്. വിദേശകാര്യമന്ത്രാലയത്തിൻെറ പരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന ചടങ്ങിൽ അസിസ്റ്റൻറ് വിദേശകാര്യമന്ത്രി അലി ബിൻ ഫഹദ് അൽ ഹാജ്രി, ഖത്തറിലെ ഐരിത്രിയൻ അംബാസഡ൪ അലി ഇബ്രാഹിം അഹമദ് എന്നിവ൪ സംസാരിച്ചു. തുട൪ന്ന് നടന്ന മാ൪ച്ചിലും ഫുട്ബാൾ, വോളിബാൾ, ടേബിൾ ടെന്നീസ്, സൈക്ളിങ്, ഒട്ടക സവാരി മൽസരങ്ങളിലും മന്ത്രാലയത്തിലെ നിരവധി ജീവനക്കാ൪ പങ്കെടുത്തു. നീതിന്യായ മന്ത്രാലയത്തിൻെറ പരിപാടികൾ നീതിന്യായ മന്ത്രി ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികളും തൈക്കോണ്ടോ, കരാട്ടെ മൽസരങ്ങളും നടന്നു. ഒരു കിലോമീറ്റ൪ നടത്തത്തോടെയായിരുന്നു എസ്.സി.എച്ച് പരിപാടികളുടെ തുടക്കം. ഫുട്ബാൾ, വോളിബാൾ, ടേബിൾ ടെന്നീസ്, എയ്റോബിക്സ് തുടങ്ങിയ മൽസരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. പൊതുജനാരോഗ്യമന്ത്രിയും എസ്.സി.എച്ച് സെക്രട്ടറി ജനറലുമായ അബ്ദുല്ല ബിൻ ഖാലിദ് അൽ ഖഹ്താനി കോ൪ണിഷിൽ നടന്ന മാ൪ച്ചിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.