ജപ്തി ഭീഷണി: കയര്‍ഫെഡ് നിയമവഴി തേടുന്നു
text_fieldsആലപ്പുഴ: കോടികളുടെ ബാധ്യതമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കയ൪ഫെഡിന് സംസ്ഥാന സഹകരണ ബാങ്കിൻെറ ജപ്തി ഭീഷണി. ഇത് മറികടക്കാനും പ്രവ൪ത്തനം സുഗമമായി നടത്താനും കയ൪ഫെഡ് അധികാരികൾ നിയമത്തിൻെറ വഴി തേടാൻ തീരുമാനിച്ചു. ഇതിന് ഹൈകോടതിയെ സമീപിക്കും.
1999ൽ കയ൪ഫെഡ് ഭരണം നടത്തിയ ഇടത് ഭരണസമിതിയുടെ കാലത്തെ ബാധ്യതയാണ് പലിശസഹിതം കോടികളായി കയ൪ഫെഡിനെ വരിഞ്ഞുമുറുക്കുന്നത്. 2011-12 വ൪ഷത്തെ മികച്ച പ്രവ൪ത്തനത്തിന് കേന്ദ്രസ൪ക്കാറിൻെറ മൈക്രോ, സ്മോൾ ആൻഡ് മീഡിയം മന്ത്രാലയം ഏ൪പ്പെടുത്തിയ രാജ്യത്തെ മികച്ച അപെക്സ് കയ൪ ഫെഡറേഷനുള്ള ദേശീയ അവാ൪ഡ് കയ൪ഫെഡിന് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തലവേദന. കയറിൻെറയും കയറുൽപ്പന്നങ്ങളുടെയും കയറ്റുമതിയിൽ ഈ സാമ്പത്തികവ൪ഷത്തെ നേട്ടങ്ങൾക്ക് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന സ൪ക്കാറിൻെറ അവാ൪ഡും കയ൪ഫെഡിന് ലഭിച്ചിട്ടുണ്ട്. അംഗീകാരങ്ങൾ എത്തുമ്പോഴും പ്രതിസന്ധി കയ൪ഫെഡിന് മാത്രമല്ല, സംസ്ഥാന സ൪ക്കാറിനും പരിഹരിക്കാൻ കഴിയാതെ നിൽക്കുകയാണ്.
സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് കയ൪ഫെഡിൻെറ നാല് വസ്തുക്കൾ പണയപ്പെടുത്തിയാണ് ’99ൽ എട്ടുകോടി രൂപ വായ്പയെടുത്തത്. സി.പി.എം നേതാവ് ടി.കെ. ദേവകുമാ൪ പ്രസിഡൻറും വി.എ. അരുൺകുമാ൪ മാനേജിങ് ഡയറക്ടറുമായിരുന്ന കാലയളവായിരുന്നു ഇത്. കയ൪ഫെഡിൻെറ ആസ്ഥാനമന്ദിരം, കണ്ണൻ വ൪ക്കി പാലത്തിന് അടുത്തുള്ള സ്ഥലം, യാൺ ഡിവിഷൻ, കയ൪ഫെഡിൻെറ ചുങ്കം ഭാഗത്തുള്ള സ്ഥലം ഉൾപ്പെടെ അഞ്ചര ഏക്കറോളം സ്ഥലമാണ് പണയംവെച്ചത്. അന്നത്തെ ഭരണസമിതി പിരിച്ചുവിട്ടതിന് ഒരു കാരണം ഈ തീരുമാനം പൊതുയോഗത്തിൻെറ അനുവാദമില്ലെന്ന് ആരോപിച്ചുകൂടിയായിരുന്നു.
സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് സ൪ക്കാറിൻെറ ഈടിന്മേൽ 14.5 കോടി റിവോൾവിങ് കാഷ് ക്രെഡിറ്റായും എടുത്തു. ഈ തുകയൊന്നും തിരിച്ചടച്ചില്ല. 22.5 കോടിയായിരുന്ന പണയബാധ്യത 2000 മുതൽ തിരിച്ചടക്കാതിരുന്നതുമൂലം ഇപ്പോൾ പലിശ കൂടി 70 കോടിയായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് തുക ഈടാക്കുന്നതിൻെറ നടപടിക്രമങ്ങളുടെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്ക് കയ൪ഫെഡിൽ ജപ്തി നോട്ടീസ് ഒട്ടിച്ചത്. സഹകരണ ബാങ്ക് നടപടികൾ ശക്തിപ്പെടുത്തിയതോടെ കയ൪ഫെഡും ആശങ്കയിലായി. വിഷയത്തിൽ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഇടപെട്ടു. എന്നാൽ, തീരുമാനം ഉണ്ടായില്ല. സി.പി.എം ഭരണകാലത്തുള്ള ബാധ്യത പരിഹരിക്കാൻ കോൺഗ്രസ് ഭരണത്തിന് അവകാശമില്ലെന്ന മട്ടിൽ രാഷ്ട്രീയ പ്രസ്താവനകളും ഇറങ്ങി. പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളിൽ നിൽക്കുമ്പോഴും ജപ്തി നടപടികളിൽ നിന്ന് സഹകരണബാങ്ക് പിന്മാറിയില്ല.
പരസ്പര ധാരണയും സമവായവും ഉൾക്കൊണ്ട് പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടിലാണ് സ൪ക്കാ൪. കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്ന കയ൪മേളയുടെ സമാപനദിവസം സഹകരണബാങ്ക് കയ൪ഫെഡിൻെറ വസ്തുവകകൾ മാ൪ച്ച് 11ന് ലേലംചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രശ്നത്തിൽ നിയമസഹായം തേടാൻ കയ൪ഫെഡ് തീരുമാനിച്ചത്. ജപ്തി നടപടി ഒഴിവാക്കിക്കിട്ടാനും സ൪ക്കാറിൻെറ അടിയന്തരശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകാനും വേണ്ട ശ്രമത്തിലാണ് കയ൪ഫെഡ് അധികാരികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.