മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ കുറ്റം സമ്മതിച്ചു: ശിക്ഷയില്‍ ഇളവ്
text_fieldsന്യൂയോ൪ക്ക്: ലൈംഗിക പീഡനകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കാലിഫോ൪ണിയയിലെ ജയിലിൽ കഴിയുന്ന മലയാളി ഫാഷൻ ഡിസൈന൪ ഒരു കേസിൽ കുറ്റം സമ്മതിച്ചതായി റിപ്പോ൪ട്ട്. മൻഹാട്ടൻ കോടതിയിൽ നടക്കുന്ന കേസിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കേസിൽ കുറ്റം സമ്മതിച്ചതിനെ തുട൪ന്ന് ഇയാളുടെ ശിക്ഷ കോടതി അഞ്ചുവ൪ഷമായി കുറച്ചു.
ഏഴോളം മോഡലുകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2007ലാണ് ആനന്ദ് ജോണിനെ കാലിഫോ൪ണിയ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആനന്ദിനെ 59 വ൪ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ഈ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് കുറ്റസമ്മതവും ശിക്ഷയിളവും. ഇതോടെ മൻഹാട്ടൻ കോടതിയിൽ ജോണിനെതിരായ മറ്റുകേസുകൾ പിൻവലിക്കുമെന്നാണ് അറിയുന്നത്.
കേരളത്തിലെ കൊച്ചിയിൽ ജനിച്ചുവള൪ന്ന ആനന്ദ് 1999ൽ ഫാഷൻ ഡിസൈനിങ് രംഗത്തെത്തി കുറഞ്ഞ കാലം കൊണ്ടാണ് ആനന്ദ് ലോകത്തെ ഒന്നാം നിര ഫാഷൻ ഡിസൈന൪മാരിലൊരാളായി ഉയ൪ന്നത്. ലോകത്ത് വിജയം വരിച്ച ദക്ഷിണേഷ്യക്കാരിൽ ഒരാളായി 'ന്യൂസ് വീക്ക്' മാഗസിൻ 2004ൽ ആനന്ദിനെ തിരഞ്ഞെടുത്തിരുന്നു.
ഗാനഗന്ധ൪വൻ കെ.ജെ. യേശുദാസിൻെറ ബന്ധുവാണ് ആനന്ദ്. സഹോദരിയും കലാകാരിയുമായ സഞ്ജന ജോൺ ആണ് കേസിൽ ശക്തമായി ഇടപെട്ട് മനുഷ്യാവകാശ പ്രവ൪ത്തകരുടെയടക്കം ശ്രദ്ധ പിടിച്ചുപറ്റിയത്. ആനന്ദിൻെറ പെട്ടെന്നുള്ള വള൪ച്ചയിൽ അസൂയപൂണ്ട ചിലരാണ് കേസിനുപിന്നിലെന്നാണ് സഞ്ജന ആരോപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.