മോഡിക്കെതിരെ വീണ്ടും കട്ജു; പ്രതിഷേധവുമായി ബി.ജെ.പി
text_fieldsന്യൂദൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ അതി ശക്തമായ വിമ൪ശവുമായി പ്രസ് കൗൺസിൽ ചെയ൪മാനും മുൻ സുപ്രീംകോടതി ജഡ്ജിയുമായ മാ൪കണ്ഡേയ കട്ജു വീണ്ടും രംഗത്ത്. ഇതിൻെറ പേരിൽ കട്ജുവും ബി.ജെ.പിയും തമ്മിൽ കൊമ്പുകോ൪ത്തു.
2002ലെ ഗുജറാത്ത് വംശഹത്യയിൽ മോഡിക്ക് പങ്കില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഗോധ്ര സംഭവത്തിൽ ദുരൂഹതകൾ ഏറെയാണെന്നും കട്ജു ഒരു പത്രത്തിൽ എഴുതിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ബിഹാ൪ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കട്ജു ലേഖനത്തിൽ വിമ൪ശിച്ചിരുന്നു.
‘കോൺഗ്രസിനേക്കാൾ വലിയ കോൺഗ്രസുകാര’നായി മാറിയ പ്രസ് കൗൺസിൽ ചെയ൪മാൻ രാജിവെക്കണമെന്ന് മുതി൪ന്ന ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. കോൺഗ്രസ് ഇതര സംസ്ഥാനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടുക വഴി, സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം തനിക്ക് പുതിയ തസ്തിക അനുവദിച്ചതിലുള്ള നന്ദി പ്രകടിപ്പിക്കുകയാണ് കട്ജുവെന്നും ഇത്തരം സ്ഥാനങ്ങളിലിരിക്കുന്നവ൪ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രസ്താവന നടത്തും മുമ്പ് രാജിവെച്ചൊഴിയണമെന്നും ജെയ്റ്റ്ലി പറഞ്ഞു.
എന്നാൽ യാഥാ൪ഥ്യം വളച്ചൊടിക്കുന്ന ജെയ്റ്റ്ലി രാഷ്ട്രീയം വിടണമെന്ന് ജസ്റ്റിസ് കട്ജു തിരിച്ചടിച്ചു. കോൺഗ്രസ് ഭരണാധികാരികളുടെ തെറ്റായ നയങ്ങളെയും താൻ വിമ൪ശിക്കാറുണ്ടെന്നും, ബാൽതാക്കറെയുടെ മരണ സമയത്തെ ഹൽത്താലിനെ ഫേസ്ബുക്കിൽ വിമ൪ശിച്ച രണ്ട് പെൺകുട്ടികളെ അറസ്റ്റുചെയ്ത നടപടിയെ വിമ൪ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന് താൻ ശക്തമായ ഭാഷയിൽ കത്തെഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവ൪ത്തകരോട് മോശമായി പെരുമാറിയ ഹിമാചൽ മുഖ്യമന്ത്രി വീ൪ഭദ്ര സിങ്ങിനെതിരെ താൻ രംഗത്തെത്തിയ കാര്യവും കട്ജു ഓ൪മിപ്പിച്ചു.
ഗുജറാത്തിലെ പോഷകാഹാരക്കുറവിൻെറ അളവ് സോമാലിയയെക്കാൾ ദയനീയമാണെന്ന് നേരത്തേ കട്ജു നടത്തിയ പരാമ൪ശവും ബി.ജെ.പിയുടെ ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഗുജറാത്തിൽ പറയപ്പെടുന്ന വികസനം വ്യാജമാണെന്നും സംസ്ഥാനത്തെ സാധാരണക്കാരൻെറ അവസ്ഥ ഏറെ പരിതാപകരമാണെന്നുമായിരുന്നു കട്ജുവിൻെറ പ്രസ്താവന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.