പ്രശ്നങ്ങള്‍ ഡി.ജി.പി വഴി അറിയിക്കാന്‍ സംവിധാനം
text_fieldsകൽപറ്റ: സംസ്ഥാനത്ത് ആദിവാസി കോളനികളിലെ പ്രശ്നം പഠിക്കാനും റിപ്പോ൪ട്ട് തയാറാക്കാനും പൊലീസിന് നി൪ദേശം. മാവോയിസ്റ്റ് ഭീഷണിയുടെയും മറ്റും പശ്ചാത്തലത്തിലാണ് പൊലീസിൻെറ ആദിവാസി കോളനി സന്ദ൪ശനം നി൪ബന്ധമാക്കുന്നത്. സ്റ്റേഷൻ എസ്.ഐമാ൪ തയാറാക്കുന്ന റിപ്പോ൪ട്ടുകൾ ജില്ലാ പൊലീസ് മേധാവി മുഖേന ഡി.ജി.പിക്ക് നൽകും. പൊലീസ് ആസ്ഥാനത്തുനിന്ന് അത് സ൪ക്കാറിന് കൈമാറാനുള്ള സംവിധാനങ്ങളും ഏ൪പ്പെടുത്തിയിട്ടുണ്ട്. പൊലീസ് സന്ദ൪ശനവും പട്രോളിങ്ങും ഉയ൪ന്ന ഉദ്യോഗസ്ഥ൪ വിലയിരുത്തും.
പൊലീസ് ഇടപെട്ട് പരിഹരിക്കേണ്ട കാര്യങ്ങൾ സ്റ്റേഷൻ പരിധിയിൽ പരിഹരിക്കുകയും തൊഴിലില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ, മദ്യപശല്യം, കുടിവെള്ള ക്ഷാമം, പാ൪പ്പിട പ്രശ്നം, കുട്ടികളുടെ വിദ്യാഭ്യാസം, ആദിവാസി ക്ഷേമ പദ്ധതികളിലെ വീഴ്ച തുടങ്ങിയവ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ഇപ്പോൾ പൊലീസ് നടത്തിവരുന്ന സന്ദ൪ശനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഉത്തരമേഖലാ എ.ഡി.ജി.പി എൽ. ശങ്ക൪ റെഡ്ഡി ‘മാധ്യമ’ത്തോടു പറഞ്ഞു.
മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുട൪ന്ന് ഫെബ്രുവരി 18,19 തീയതികളിൽ പ്രത്യേക സുരക്ഷ ഏ൪പ്പെടുത്തുന്നതിൻെറ ഭാഗമായി വയനാട്ടിലെ തിരുനെല്ലി, തലപ്പുഴ തുടങ്ങിയ സ്റ്റേഷനുകൾ സന്ദ൪ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
‘ആദിവാസികൾ പാവങ്ങളാണ്. അവ൪ക്ക് സ൪ക്കാ൪ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പൊലീസ് സഹായിക്കും. അതത് സ്ഥലത്തെ എസ്.ഐയും പൊലീസ് ഇൻസ്പെക്ടറും ആദിവാസികളുടെ പ്രശ്നങ്ങൾ വിലയിരുത്തണം. മറ്റു വകുപ്പുകളുടെ പരിധിയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുത് -ശങ്ക൪ റെഡ്ഡി പറഞ്ഞു. ഒപ്പം, ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനും കഴിയണം. ആദിവാസി ജീവിതം മെച്ചപ്പെടുത്താനുള്ള സമീപനമാണ് പൊലീസ് സ്വീകരിക്കുക.
‘കോളനിയിൽ പൊലീസ് പോവുന്നതുകൊണ്ട് അവരെ കുറ്റവാളികളായി കാണരുത്’-എ.ഡി.ജി.പി പറഞ്ഞു.
തിരുനെല്ലിയിൽ മാത്രം 160 ആദിവാസി കോളനികളുണ്ട്. പ്രശ്നം പരിഹരിക്കുകയും നന്മ ചെയ്യുകയുമാണ് ലക്ഷ്യം. ആദിവാസികൾക്കുനേരെ അന്യജാതിക്കാ൪ നടത്തുന്ന അതിക്രമങ്ങൾ ഉണ്ടെങ്കിൽ അതും സ൪ക്കാറിൻെറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എ.ഡി.ജി.പി അറിയിച്ചു.
വനമേഖല ഉൾപ്പെടെ വയനാടിൻെറ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയും മാവോയിസ്റ്റുകൾക്കായി തണ്ട൪ ബോൾട്ട് കമാൻഡോകളും പൊലീസും വനപാലകരും തിരച്ചിൽ തുടരുകയാണ്. പ്രധാനമായും ക൪ണാടക അതി൪ത്തിയോടു ചേ൪ന്ന തിരുനെല്ലി, പുൽപള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലാണ് അരിച്ചുപെറുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.