ഇനിയും അണയാതെ ബ്രഹ്മപുരം
text_fieldsപള്ളിക്കര: കൊച്ചി കോ൪പറേഷൻ ബ്രഹ്മപുരത്ത് നി൪മിച്ച ഖരമാലിന്യ പ്ളാൻറിലെ തീപിടിത്തം മൂന്ന് ദിവസമായിട്ടും പൂ൪ണമായും അണഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ ഏഴ് മുതലാണ് പ്ളാൻറിൽ തീ പിടിത്തം തുടങ്ങിയത്. ഉച്ചക്ക് രണ്ടോടെ തീ മാലിന്യത്തിലേക്ക് പടരുകയായിരുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. 15 ഏക്കറോളം വരുന്ന സ്ഥലത്താണ് പ്ളാൻറിൽ പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. രണ്ടര വ൪ഷമായി ഇവിടെ പ്ളാസ്റ്റിക് മാലിന്യം സംസ്കരിച്ചിട്ടില്ല. ദിവസവും നൂറുകണക്കിന് മാലിന്യങ്ങളാണ് ഇവിടെ ഡമ്പ് ചെയ്യുന്നത്.
വെള്ളിയാഴ്ച ഏഴോളം ഫയ൪ഫോഴ്സുകൾ മാറിമാറി വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞിരുന്നില്ല. ഇതേ തുട൪ന്ന് ശനിയാഴ്ച രാവിലെ മുതൽ ടിപ്പറിൽ കൊണ്ടുവന്ന് മണ്ണടിക്കുകയാണ്. എന്നാൽ, ഞായറാഴ്ചയും തീ അണഞ്ഞിട്ടില്ല. അന്തരീക്ഷത്തിൽ മലിന്യപ്പുക രൂക്ഷമായതോടെ പരിസരത്തുള്ള ജനങ്ങളുടെ ജീവിതവും ദുരിതത്തിലായി. ബ്രഹ്മപുരം പ്ളാൻറ് സ്ഥിതി ചെയ്യുന്ന പ്രദേശം വൻ സുരക്ഷിതത്വ മേഖലയാണെങ്കിലും മാലിന്യപ്ളാൻറിൽ തീപിടിത്തം ഉണ്ടായാൽ സ്വീകരിക്കുന്നതിന് ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. തീപിടിച്ചിട്ട് മൂന്ന് ദിവസം ആയെങ്കിലും ഇതുവരെയും കോ൪പറേഷൻ അധികൃത൪ സ്ഥലത്തെത്തുക പോലും ചെയ്തില്ലെന്നും നാട്ടുകാ൪ പറയുന്നു.
കോ൪പറേഷൻ മന$പൂ൪വം തീ കത്തിച്ചതാണെന്നും ആരോപണം ഉയ൪ന്നിട്ടുണ്ട്. കടമ്പ്രയാറിനോട് ചേ൪ന്ന് നിൽക്കുന്ന പ്ളാൻറിൽ നിന്ന് മലിന ജലം ഒഴുകുന്നത് കടമ്പ്രയാറിലേക്കാണ്. മാലിന്യം മണ്ണിട്ട് മൂടിയാലും മഴ ശക്തമാകുന്നതോടെ മലിനജലം കടമ്പ്രയാറിലേക്ക് ഒഴുകുമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ കടമ്പ്രയാറും മനക്കത്തോടും ചിത്രപ്പുഴയുടെയും സംഗമ സ്ഥാനം കൂടിയാണ് ഈ പ്രദേശം. ഒരു ദിവസം രണ്ട് കോടി ലിറ്റ൪ ശുദ്ധജലം വിവിധ പഞ്ചായത്തുകളും സാമ്പത്തിക മേഖലയും ഇൻഫോ പാ൪ക്കും എടുക്കുന്നതും ഭാവിയിൽ സ്മാ൪ട്ട്സിറ്റിയും പല വികസന പദ്ധതികളും ശുദ്ധജലത്തിന് ആശ്രയിക്കേണ്ടതും കടമ്പ്രയാറിനെയാണ്.
പ്ളാൻറിന് ചുറ്റുമതിലും ഗ്രീൻ ബെൽറ്റും നി൪മിക്കുമെന്ന കോ൪പറേഷൻെറ പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. ബ്രഹ്മപുരം ചെല്ലിപ്പാടത്ത് കോ൪പറേഷൻ 102 ഏക്ക൪ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. 15 ഏക്കറിൽ 20 കോടി മുടക്കിയാണ് 2007ൽ പ്ളാൻറ് നി൪മിച്ചത്. അന്നുതന്നെ നി൪മാണത്തിലും മാലിന്യം സംസ്കരിക്കുന്നതിലും വൻഅഴിമതിയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.