മാവോയിസ്റ്റ് ഭീഷണി: മണല്‍ ചാക്കുകള്‍ നിരത്തി പൊലീസിന്‍െറ പ്രതിരോധം
text_fieldsപന്തളം: മാവോയിസ്റ്റുകളും മണൽ ചാക്കും തമ്മിൽ എന്താണ് ബന്ധം? ദിവസങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുറ്റുവട്ട കാഴ്ചയിൽ സാധാരണക്കാരുടെ മനസ്സിൽ ഉയരുന്ന ചോദ്യമാണിത്. പൊലീസ് സ്റ്റേഷനുകളുടെ മുന്നിൽ മണൽ ചാക്കുകൾ നിരത്തിയും ചുടുകട്ട അടുക്കിയും തീ൪ത്ത പ്രതിരോധമാണ് സംശയത്തിന് കാരണമായത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ ആക്രമണമുണ്ടായാൽ തടയാനാണ് ഇവയെന്നാണ് വിശദീകരണം. 1956ൽ രൂപവത്കരിച്ച പൊലീസ് സേന സ്റ്റേഷൻ ആക്രമണത്തെ ചെറുക്കാൻ മണൽ ചാക്കുകളെ ആശ്രയിക്കേണ്ട ഗതികേടിലെത്തിയെന്നാണ് നാട്ടുകാ൪ പറയുന്നത്. മാവോയിസ്റ്റുകളും മണൽ ചാക്കും തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നത് 1968 ലെ പുൽപ്പള്ളി സ്റ്റേഷൻ ആക്രമണത്തിന് ശേഷമാണ്. പൊലീസിൻെറ കൈയിൽ തോക്കും ലാത്തിയും മാത്രമുണ്ടായിരുന്ന കാലമായിരുന്നു അത്. ഇന്ന് കഥയാകെ മാറി. ആക്രമണം ആസൂത്രണം ചെയ്യുന്നത് മുതൽ നീക്കം ചികഞ്ഞെടുക്കാൻ ശേഷിയുള്ള രഹസ്യാന്വേഷണ വിഭാഗം അടക്കം സാങ്കേതികമായും ബുദ്ധിപരമായും വലിയ മികവാണ് പൊലീസ് സേന ഇതിനകം ആ൪ജിച്ചത്. ഹൈടെക് ക്രൈം സെൽ, സ്പെഷൽ ബ്രാഞ്ച് സി.ഐ.ഡി, ക്രൈംബ്രാഞ്ച് സി.ഐ.ഡി, സായുധ പൊലീസ് സേന, ഹൈവേ പൊലീസ്, തീരദേശ സേന, ഡോഗ് സ്ക്വാഡ്, വനിതാ ഡെസ്ക്, ക്രൈം സ്റ്റോപ്പ൪ തുടങ്ങിയവ പൊലീസ് സേവനത്തിൻെറ ഉപവിഭാഗങ്ങളാണ്. കുറ്റാന്വേഷണത്തിലടക്കം സാങ്കേതികമായി പ്രാപ്തമായ ശേഷമാണ് ജനകീയ മുഖം വീണ്ടെടുക്കാൻ കമ്യൂണിറ്റി പൊലീസിങ്ങും ജനമൈത്രി പൊലീസ് പദ്ധതിയും ആവിഷ്കരിച്ചത്. ഇതിനിടയിലാണ്, ആക്രമണത്തെ തടയാൻ അറുപതുകളിലെ പ്രതിരോധ മാ൪ഗം അവലംബിച്ച പൊലീസ് നടപടി ച൪ച്ചയാകുന്നത്. എല്ലാ സ്റ്റേഷനുകളുടെയും അങ്കണത്തിൽ വ്യാഴാഴ്ച വരെ ചാക്കിൽ മണൽ നിറച്ച് അടുക്കി വെക്കാനാണ് നി൪ദേശം. ഈ കൃത്രിമ മതിലിന് ഒരു മീറ്ററാകും ആകെ ചുറ്റളവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.