നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ സജീവം
text_fieldsപൂന്തുറ: പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ വിപണനം പൂ൪ണമായും ഇല്ലാതാക്കാനുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. വിപണികളിൽ നിരോധിത പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ വ്യാപകമായി വിറ്റ്പോകുന്നു. ജനുവരി ഒന്ന് മുതലാണ് നഗരത്തിൽ നഗരസഭ പ്ളാസ്റ്റിക് ബഹിഷ്കരണം ക൪ശനമാക്കിയത്. മാലിന്യത്താൽ വീ൪പ്പ്മുട്ടുന്ന നഗരത്തിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കാൻ പോകുന്ന വിപത്ത് മാരകമാണ്. ഇത് മുൻനി൪ത്തിയാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല മോഡലിൽ നഗരത്തിൽ പ്ളാസ്റ്റിക് ബഹിഷ്കരണം നടപ്പിലാക്കിയത്.
പ്ളാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ മാലിന്യം വലിച്ചെറിയുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും വിദഗ്ധ൪ മുന്നറിയിപ്പ് നൽകിയതിൻെറയും കൂടി അടിസ്ഥാനത്തിലായിരുന്നു ബഹിഷ്കരണം പ്രഖ്യാപിച്ചത്. നഗരത്തിലും തീരദേശത്തും ഒട്ടുമിക്ക സ്ഥാപനങ്ങളിലും മാ൪ക്കറ്റുകളിലും നിരോധിച്ച പ്ളാസ്റ്റിക് കവറുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മുപ്പത് മൈക്രോണിൽ താഴെയുള്ള പാസ്റ്റിക് ഉൽപന്നങ്ങൾ പോലും വിപണിയിൽ സുലഭമാണ്. മുപ്പത് മൈക്രോണിൽ കുറവ് കനമുള്ള പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുട൪ന്ന് ഇത്തരം പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധം നേരത്തെ നടപ്പിലാക്കിയിരുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക പരിസ്തിതിക്ക് ഗുരുതര ഭീഷണിയാണ് ഉയ൪ത്തുന്നത്.
നഗരത്തിൽ വിവിധ ഭാഗങ്ങളിലുള്ള ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പോലും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം മൂലം ഫലവത്തായി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ് നഗരസഭക്കുള്ളത്.
ഇതിന് പുറമെയാണ് ഒരു നിയന്ത്രണവും ഇല്ലാതെ വീണ്ടും പ്ളാസ്റ്റിക്കിൽ പൊതിഞ്ഞ് മാലിന്യങ്ങൾ പൊതുവഴികളിൽ തള്ളുന്നത്. അറവ്ശാലകളിലെ മാംസത്തിൻെറ അവശിഷ്ടങ്ങൾപോലും പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് റോഡിൻെറ വശങ്ങളിൽ വലിച്ചെറിയുന്നത് നഗരത്തിൻെറയും തീരത്തിൻെറയും വിവിധഭാഗങ്ങളിൽ ഇപ്പോഴും സ്ഥിരം കാഴ്ചയാണ്. കവറുകൾ പോലെ തന്നെ തലസ്ഥാന നഗരം നേരിടുന്ന മറ്റൊരു സാമൂഹിക വിപത്താണ് പ്ളാസ്റ്റിക് കുപ്പിമാലിന്യങ്ങൾ. കുടിവെള്ള കുപ്പികൾ വലിച്ചെറിഞ്ഞ് പൊതുകുളങ്ങൾ, കായലുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ മലിനപ്പെടുത്താറുണ്ട്. ഇവ ഫലവത്തായി സംസ്കരിക്കാനുള്ള മാ൪ഗങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. അതേ സമയം നഗരസഭയുടെ പ്ളാസ്റ്റിക് നിയന്ത്രണം ചെറുകിട വ്യാപാരികളിൽ മാത്രമായി ഒതുങ്ങുന്നുവെന്ന പരാതിയും വ്യാപകമാണ്. ചെറുകിട വ്യാപാരികളിൽ ക൪ശനമായ നിയമങ്ങൾ അടിച്ചേൽപ്പിച്ച് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമ്പോഴും നഗരത്തിലെ വൻകിട വ്യാപാരകേന്ദ്രങ്ങളിൽ പ്ളാസ്റ്റിക് കവറുകൾ യഥേഷ്ടം വിതരണം ചെയ്യുകയാണ്. നിരോധിച്ച പ്ളാസ്റ്റിക് കവറുകളുടെ വൻശേഖരമാണ് പലവ്യാപാര സ്ഥാപനങ്ങളിലും ഇപ്പോഴുമുള്ളത്. അതേ സമയം നിരോധിത പ്ളാസ്റ്റിക് കണ്ടെത്തുന്നതിനായി നഗരസഭ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പരിശോധനകൾ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.