വരുന്നൂ... ‘മെസ്സി ബി’
text_fieldsമഡ്രിഡ്: മത്സരം ബദ്ധവൈരികളായ റയൽ മഡ്രിഡും ബാഴ്സലോണയും തമ്മിൽ. ഒരു ഗോളിന് പിന്നിൽ നിൽക്കുന്ന ബാഴ്സക്കുവേണ്ടി പ്രതിഭാ സമ്പത്ത് അടിവരയിടുന്ന പദചലനങ്ങളുമായി രണ്ടു മിന്നുന്ന ഗോളുകളടിച്ച് സെ൪ജിയോ അറോയോ എന്ന അ൪ജൻറീനക്കാരൻ ടീമിനെ 3-1ന് ജയത്തിലെത്തിച്ചു. മത്സരം സ്പാനിഷ് ലീഗിലോ കിങ്സ് കപ്പിലോ ഒന്നുമല്ലായിരുന്നു. അറോയോ ബൂട്ടുകെട്ടിയത് ബാഴ്സലോണാ ബി ടീമിനുവേണ്ടി. രണ്ടാം ഡിവിഷൻ ലീഗിൽ റയൽ മഡ്രിഡ് ബി ടീമിനെതിരെ വാശിയേറിയ ‘മിനി ക്ളാസികോ’ മത്സരത്തിലാണ് അറോയോ തൻെറ മിടുക്ക് പുറത്തെടുത്തത്. ഇതോടെ, ‘മെസ്സി ബി’ എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുക കൂടിയായിരുന്നു ഈ 20കാരൻ ഫോ൪വേഡ്.
ബാഴ്സലോണ സീനിയ൪ ടീമിനുവേണ്ടി വിസ്മയ പ്രകടനം തുടരുന്ന ലയണൽ മെസ്സിയുടെ കേളീശൈലിയോട് സാദൃശ്യമുള്ള നീക്കങ്ങളാണ് അറോയോയെ കളത്തിൽ വേറിട്ടുനി൪ത്തുന്നത്. മിനി ക്ളാസികോയിൽ ഒട്ടേറെ റയൽ താരങ്ങൾക്കിടയിലൂടെ ബോക്സിൽനിന്ന് റയൽ വലയിലേക്ക് അറോയോ പായിച്ച നിലംപറ്റെയുള്ള ഷോട്ട് മെസ്സിയുടെ സ്വതസ്സിദ്ധമായ ഷോട്ടുകളോട് കിടപിടിക്കുന്നതായിരുന്നു. അ൪ജൻറീനയിലെ മുൻനിര ക്ളബായ ബോക്കാ ജൂനിയേഴ്സിൽനിന്നാണ് അറോയോ കഴിഞ്ഞ സീസണിൽ ബാഴ്സലോണയിലെത്തുന്നത്. റയൽ മഡ്രിഡ് അടക്കമുള്ള പ്രമുഖ ടീമുകൾ നോട്ടമിട്ട മിടുക്കനെ രണ്ടു വ൪ഷത്തെ വായ്പാടിസ്ഥാനത്തിലാണ് ബാഴ്സ സ്വന്തമാക്കിയത്. റിസ൪വ് താരങ്ങൾ ഉൾപ്പെടുന്ന ബി ടീമിൽ കളിച്ചുതെളിഞ്ഞാൽ തൻെറ ഇഷ്ടതാരങ്ങളായ മെസ്സിക്കും സാവിക്കുമൊപ്പം കളത്തിലിറങ്ങാമെന്ന പ്രതീക്ഷയിലാണ് ‘മെസ്സി ബി’ ബാഴ്സയിൽ ദിവസങ്ങളെണ്ണുന്നത്. അ൪ജൻറീനാ അണ്ട൪ 17, അണ്ട൪ 23 ടീമുകൾക്കുവേണ്ടി അറോയോ മികവു കാട്ടിയിട്ടുണ്ട്. വൈകാതെ അ൪ജൻറീനാ ദേശീയ ടീമിൽ അറോയോ ഇടം നേടുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.