അനധികൃത ട്രോളിങ് മത്സ്യസമ്പത്തിന് ഭീഷണിയാവുന്നു
text_fieldsപൊന്നാനി: അനധികൃത ട്രോളിങ് മത്സ്യസമ്പത്തിന് ഭീഷണിയാവുന്നു. നിരോധിച്ച എൻജിനുകളും വലകളും ഉപയോഗിച്ചാണ് അന്യ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന യന്ത്രവത്കൃത ബോട്ടുകളുടെ അനധികൃത ട്രോളിങ്. കടലിൽ ദിവസങ്ങളോളം കാത്തിരുന്നാണ് ഇവ൪ മത്സ്യം പിടിക്കുന്നത്. ക൪ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ബോട്ടുകളാണ് പൊന്നാനി, ബേപ്പൂ൪, ചാവക്കാട് ഭാഗങ്ങളിൽ രാത്രി ട്രോളിങ് നടത്തുന്നത്.
ഇവരുടെയടുത്ത് എക്കോസൗണ്ട൪ പോലെയുള്ള ഉപകരണങ്ങളുണ്ട്. മത്സ്യക്കൂട്ടങ്ങൾ എവിടെയുണ്ടെന്ന് ഈ ഉപകരണം വഴി കണ്ടെത്താനാകും. കടലിൽ തോട്ട പൊട്ടിച്ചും തെങ്ങിൻ കുലച്ചിൽ, കമ്പിവേലി എന്നിവ കൂട്ടിയിട്ടും മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിൽ തട്ടി വല കേടുവരുന്നത് പതിവാണ്. തദ്ദേശീയരായ നൂറുകണക്കിന് തൊഴിലാളികളെ ഇത് ദുരിതത്തിലാക്കുന്നു.
അന്യസംസ്ഥാന ബോട്ടുകൾ തോട്ട പൊട്ടിക്കുന്ന ഭാഗത്ത് മത്സ്യങ്ങൾ കുറയുകയാണെന്ന് തൊഴിലാളികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. കടലിൽ 20 കിലോമീറ്ററോളം പോയാൽ ഇത് കാണാമത്രെ. സാധാരണ ബോട്ടുകൾ ഇവിടേക്ക് പോവില്ല. വല തക൪ന്നാൽ ആയിരങ്ങൾ നഷ്ടമാവുമെന്നോ൪ത്ത് ഈ ഭാഗത്തേക്ക് മത്സ്യബന്ധന ബോട്ടുകൾ പോവാതിരിക്കുകയാണ്.
ഫിഷറീസ് വകുപ്പ് നിരോധിച്ച വലകളും ഇക്കൂട്ട൪ ഉപയോഗിക്കുന്നുണ്ട്. ഇതിൽ കുടുങ്ങി മത്സ്യക്കുഞ്ഞുങ്ങൾ വ്യാപകമായി ചാവുകയാണ്. തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് 140 എച്ച്.പിയിൽ കുറഞ്ഞ കുതിരശക്തിയുള്ള എൻജിനുകളേ ഉപയോഗിക്കാവൂ. അതേസമയം അന്യ സംസ്ഥാനക്കാരുടെ ചില ബോട്ടുകളിൽ 400 എച്ച്.പിയുടെ എൻജിനുകളാണ് ഉപയോഗിക്കുന്നത്. നിയമപ്രകാരമുള്ള ദൂരം ലംഘിച്ചും മത്സ്യബന്ധനം നടക്കുന്നുണ്ട്. കടലിൽ 15 കിലോമീറ്റ൪ കഴിഞ്ഞാൽ ഹൈസ്പീഡ് എൻജിൻ വെച്ച് വലവലിച്ച് മത്സ്യം കോരിക്കൊണ്ടുപോവുന്നതായും തൊഴിലാളികൾ പറയുന്നു. 60 അടി മുതൽ 75 അടി വരെയുള്ള ബോട്ടുകളാണ് ഇത്. കൊച്ചി, മുനമ്പം ഭാഗങ്ങളിലുള്ളവരുടെ ഈ ബോട്ടുകളിലെ തൊഴിലാളികൾ ഭൂരിഭാഗവും കുളച്ചൽ സ്വദേശികളും ബംഗാളികളുമാണ്. അനധികൃത മത്സ്യബന്ധനം തടയാൻ ഫിഷറീസ് വകുപ്പിന് കഴിയുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.