ഏഴംകുളത്തുകാര്‍ കുടിവെള്ളത്തിന് കേഴുന്നു
text_fieldsഅടൂ൪: ഏഴ് കുളങ്ങളുടെ നാടായ ഏഴംകുളത്ത് കുടിവെള്ളം കിട്ടാക്കനി. അടൂ൪ ശുദ്ധജല വിതരണ പദ്ധതി പ്രദേശമായ ഏഴംകുളത്ത് വാട്ട൪ അതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം എത്തുന്നത് താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ്. ജലവിതരണം നിയന്ത്രിക്കുന്നതിൽ കെ.ഐ.പി കനാലിന് പ്രധാന പങ്കാണുള്ളത്. കോളനികളിൽ വേണ്ടത്ര പൊതുകിണറുകളും ടാപ്പുകളുമില്ല. നിലവിലെ കിണറുകൾ പലതിലും വെള്ളവുമില്ല. മാലിന്യ കേന്ദ്രങ്ങളായി മാറിയ കിണറുകൾ ശുദ്ധീകരിച്ച് സംരക്ഷിക്കാനും പദ്ധതിയില്ല. എല്ലാ വ൪ഷവും വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുക ചെലവഴിക്കാതെ പാഴാക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഏഴംകുളം മുസ്ലിം പള്ളിക്ക് വടക്കുവശം, കൊയ്പ്പള്ളിമല, പ്രിയദ൪ശിനി കോളനി,കരിച്ചാൽപടി,മരോട്ടിമൂട്ടിൽപടി, കാത്താട്ടുകുളം, കവല, മലയിടിഞ്ഞ് കവല എന്നിവിടങ്ങളിലെ പൊതുകിണറുകൾ ഉപയോഗ യോഗ്യമല്ല. പലയിടത്തും നാമാവശേഷമായി. കുഴൽക്കിണറുകളും പൊതുകുളങ്ങളും ഉപയോഗയോഗ്യമല്ല. വെള്ളപ്പാറമുരുപ്പ്, അയനിക്കാമുകൾ, കൊയ്പ്പള്ളിമല, പനക്കമുരുപ്പ്, കളമല, കാടൻമുറി, ഓലികുളങ്ങര, കുതിരമുക്ക്, കിളിക്കോട്, മങ്കോട്ടുമുരുപ്പ്, മുക്കുഴിക്കൽ, മുരുകൻകുന്ന്, ഒഴുക്കുപാറ, അറുകാലിക്കൽ, വയല കോളനി, ദേശക്കല്ലുംമൂട്, മണ്ടച്ചൻപാറ, പോളച്ചിറ കോളനി, കുന്നത്തുമല, കൈതപ്പറമ്പ്, പൂവത്തിനാൽ, കുലശേരിമേലേമുക്ക്, വട്ടയം, ഇളംശൂരനാട്, പടിക്കമുരുപ്പ്, കടിക, ഇളംഗമംഗലം, വെള്ളാരംകുന്ന്, കൊട്ടാരംവിളപടി എന്നിവിടങ്ങൾ കുടിവെള്ളക്ഷാമം രൂക്ഷമാണ്. അയനിക്കാമുകൾ പ്രദേശത്ത് വാട്ട൪ അതോറിറ്റിയുടെ കുടിവെള്ളം ആഴ്ചയിൽ ഒരുദിവസം മാത്രമാണ് കിട്ടുന്നത്. ഗ്രാമത്തിലെ ഉയ൪ന്ന പ്രദേശമായ ഇവിടെ അമ്പതോളം കുടുംബങ്ങൾ വെള്ളം കിട്ടാതെ വലയുകയാണ്. ചെറിയ വേനലിൽ പോലും വെള്ളം വറ്റുന്ന കിണറുകളുള്ള ഇവിടെ വാട്ട൪ അതോറിറ്റിയുടെ കുടിവെള്ളമാണ് നാട്ടുകാ൪ക്ക് ആശ്രയം. തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോഴാണ് അയനിക്കാമുകളിൽ വാട്ട൪ അതോറിറ്റി വെള്ളമെത്തിച്ച് തുടങ്ങിയത്. നാല് പൊതുടാപ്പും ഗാ൪ഹിക കണക്ഷനുകളുമുണ്ട്. വെള്ളപ്പാറമുരുപ്പിലും നാട്ടുകാ൪ കുടിവെള്ളത്തിനായി കേഴുകയാണ്. ഗ്രാമപഞ്ചായത്തിൻെറ തെക്കുകിഴക്കേ അതി൪ത്തിയായ കിളിക്കോട് കിഴക്കേഭാഗത്ത് വാട്ട൪ അതോറിറ്റിയുടെ ആകെയുള്ള ഒരു പൊതുടാപ്പിൽനിന്ന് വെള്ളം ലഭിക്കുന്നുമില്ല. നാട്ടുകാ൪ മുഖ്യമന്ത്രിക്കുവരെ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. വെള്ളപ്പാറ മുരുപ്പിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ കെ. പ്രസന്നകുമാ൪ പ്രസിഡൻറ് ആയിരിക്കുമ്പോൾ ഗ്രാമപഞ്ചായത്ത് 2008-’09ൽ അനുവദിച്ച 5.55 ലക്ഷം രൂപയും 2009-’10 സാമ്പത്തിക വ൪ഷം അനുവദിച്ച 1.17 ലക്ഷം രൂപയും ചെലവഴിച്ച് കിണറും ടാങ്കും നി൪മിച്ച് മോട്ടോറും പൈപ്പ്ലൈനും സ്ഥാപിച്ച് ശുദ്ധജല വിതരണ പദ്ധതി കമീഷൻ ചെയ്തിരുന്നു. 11 വീട്ടുകാ൪ക്ക് മാത്രമുള്ള പദ്ധതിയായിരുന്നു ഇത്. എന്നാൽ, പിന്നീട് മോട്ടോ൪ കേടായി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായി. ഗ്രാമപഞ്ചായത്ത് അധികൃത൪ പുതിയ മോട്ടോ൪ സ്ഥാപിച്ച് ജലവിതരണം പുന$സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.