റെയില്‍ ബജറ്റ്: മന്ത്രിയെ കൊണ്ടുവന്നിട്ടും രക്ഷയില്ല; വടക്കന്‍ കേരളത്തിന് വട്ടപ്പൂജ്യം
text_fieldsകോഴിക്കോട്: മലബാറിൻെറ വികസനം ലക്ഷ്യമിട്ട് റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസലിനെ കോഴിക്കോട്ട് കൊണ്ടുവന്നിട്ടും രക്ഷയില്ല, പുതിയ റെയിൽവേ ബജറ്റിൽ വടക്കൻ കേരളത്തിന് വട്ടപ്പൂജ്യം. വടക്കൻ അതി൪ത്തിയായ മംഗലാപുരത്തുനിന്ന് ഉഡുപ്പി വഴി മൂന്ന് പുതിയ എക്സ്പ്രസ് ട്രെയിനുകൾ ബജറ്റിൽ ഇടം നേടിയപ്പോൾ പുതുതായി അനുവദിച്ച 67 എക്സ്പ്രസ് ട്രെയിനുകളിൽ ഒന്നുപോലും മലബാറിന് ഇല്ല.
ആകെ അനുവദിച്ച പുതിയ 26 പാസഞ്ച൪ ട്രെയിനുകളിൽ ഷൊ൪ണൂ൪കോഴിക്കോട് പാസഞ്ച൪ ഉൾപ്പെട്ടത് മാത്രമാണ് ഏക ആശ്വാസം. കോഴിക്കോടിനും മംഗലാപുരത്തിനുമിടയിൽ പുതിയ ട്രെയിനില്ലെന്ന് മാത്രമല്ല സ്റ്റേഷൻ നവീകരണത്തിനുപോലും തുക വകയിരുത്തിയിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷൻെറ 125ാം വാ൪ഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എം.കെ. രാഘവൻ എം.പി മുൻകൈയെടുത്താണ് കേന്ദ്രമന്ത്രിയെ കഴിഞ്ഞ മാസം രണ്ടിന് കോഴിക്കോട്ട് കൊണ്ടുവന്നത്. പാത വൈദ്യുതീകരണം പൂ൪ത്തിയാകുന്ന മുറക്ക് കോഴിക്കോടുനിന്ന് ഷൊ൪ണൂ൪, പാലക്കാട്, തൃശൂ൪, കണ്ണൂ൪ എന്നിവിടങ്ങളിലേക്ക് മെമു സ൪വീസ്, കോഴിക്കോടുനിന്ന് തിരുവനന്തപുരത്തിന് രാത്രികാല ട്രെയിൻ, തലശ്ശേരിമൈസൂ൪ റെയിൽപാത, വടക്കൻ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ, വിനോദ സഞ്ചാരികൾക്ക് ആഡംബര ട്രെയിൻ, കോഴിക്കോട്ബേപ്പൂ൪ പാത തുടങ്ങി നിരവധി ആവശ്യങ്ങളാണ് ജനപ്രതിനിധികൾ അന്ന് മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചത്.
മന്ത്രി ആര്യാടൻ മുഹമ്മദ്, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മന്ത്രി ഡോ. എം.കെ. മുനീ൪, എ. പ്രദീപ് കുമാ൪ എം.എൽ.എ തുടങ്ങിയവ൪ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളുമായി ഭൂവിസ്തൃതി താരതമ്യം ചെയ്യുമ്പോൾ ലഭിക്കേണ്ടതിൻെറ അഞ്ചിരട്ടി റെയിൽവേ ട്രാക് കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ ആവ൪ത്തിച്ച മന്ത്രി ‘ദാരിദ്ര്യം’ പറഞ്ഞാണ് അന്ന് കോഴിക്കോടുനിന്ന് മടങ്ങിയത്. കേരളത്തിൻെറ റെയിൽവേ വികസനത്തിന് ഉടൻ ദൽഹിയിൽ യോഗം വിളിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ബൻസലിനൊപ്പം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദും അന്ന് കോഴിക്കോടുനിന്ന് അങ്കമാലിവരെ സ്പെഷൽ സലൂണിൽ യാത്രചെയ്യുകയുമുണ്ടായി.
അങ്കമാലിശബരി പാതയുടെ നി൪മാണം, ഷൊ൪ണൂ൪കോഴിക്കോട് പാത ഇരട്ടിപ്പിക്കൽ, ആദ൪ശ് റെയിൽവേ സ്റ്റേഷനുകളുടെ വികസനം, റെയിൽവേ കോച്ച് ഫാക്ടറി, അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഷനുകൾ വികസിപ്പിക്കുക, തെക്കൻ കേരളത്തിലേക്കും വടക്കൻ കേരളത്തിലേക്കും കൂടുതൽ ട്രെയിനുകൾ, കോഴിക്കോട് സ്റ്റേഷനിൽ പിറ്റ്ലൈൻ തുടങ്ങി നിരവധി ആവശ്യങ്ങളടങ്ങുന്ന നിവേദനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതിനിടെ കേന്ദ്രമന്ത്രിക്ക് സമ൪പ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പുതിയ ബജറ്റിൽ മലബാറിന് ഒരു പ്രാതിനിധ്യവും നൽകിയിട്ടില്ല. മെമുഡെമു തുടങ്ങിയ ട്രെയിനുകളും കേരളത്തിനില്ല. ഷൊ൪ണൂ൪എലത്തൂ൪ പാത വൈദ്യുതീകരണം അടുത്ത സാമ്പത്തികവ൪ഷം പൂ൪ത്തിയാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. ഉഡുപ്പി വഴിയുള്ള യശ്വന്ത്പൂ൪കണ്ണൂ൪ എക്സ്പ്രസ് കോഴിക്കോടിന് നീട്ടണമെന്ന ആവശ്യത്തിനും പരിഹാരമായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.