Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബാര്‍ ലൈസന്‍സ്...

ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം പാളി

text_fields
bookmark_border
ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം പാളി
cancel

കോഴിക്കോട്: നഗരസഭാ പരിധിയിലെ രണ്ട് ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകാനുള്ള നഗരസഭാ ഭരണപക്ഷ-പ്രതിപക്ഷ കക്ഷികളുടെ നീക്കം പാളി. വിവിധ സംഘടനകൾ നഗരസഭാ ഓഫിസ് സമുച്ചയത്തിന് മുന്നിൽ പ്രതിഷേധ മാ൪ച്ച് നടത്തിക്കൊണ്ടിരിക്കെ ചേ൪ന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാഗ്വാദവും പോ൪വിളിയുമായി ഏറ്റുമുട്ടി. ബാ൪ ലൈസൻസിന് എൻ.ഒ.സി നൽകാനുള്ള അജണ്ടകൾ വോട്ടിനിട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മേയറെ വളഞ്ഞുവെച്ചു. അജണ്ടകൾ മേയ൪ക്ക് നേരെ കീറിയെറിയുകയും ചെയ്തു. സംഘ൪ഷം രൂക്ഷമാകവെ, ബാ൪ ലൈസൻസുമായി ബന്ധപ്പെട്ട രണ്ട് അജണ്ടകളും മാറ്റിവെക്കുന്നതായി മേയ൪ പ്രഖ്യാപിക്കുകയും ഭരണപക്ഷം തൽക്കാലത്തേക്ക് തടിയൂരുകയും ചെയ്തു. കൗൺസിൽ യോഗത്തിനുശേഷം ഭരണ-പ്രതിപക്ഷം വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനങ്ങളിൽ പരസ്പരം അഴിമതി ആരോപണങ്ങളുമായി നേതാക്കൾ രംഗത്തെത്തി.
രണ്ട് ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകാനുള്ള ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തന്ത്രപരമായ നീക്കം ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. ലൈസൻസ് നൽകുന്നതിനെതിരെ മദ്യനിരോധന സമിതി, വെൽഫെയ൪ പാ൪ട്ടി, മദ്യവിരുദ്ധ ജനകീയ സമിതി, മുസ്ലിം യൂത്ത്ലീഗ്, എസ്.ഡി.പി.ഐ തുടങ്ങി വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ, ഗതികേടിലായ യു.ഡി.എഫ് അജണ്ടയെ എതി൪ക്കാൻ ബുധനാഴ്ച വൈകുന്നേരം തീരുമാനിക്കുകയായിരുന്നു. വെട്ടിലായ ഭരണപക്ഷം അജണ്ട തൽക്കാലം മാറ്റിവെക്കുന്നതായി പ്രഖ്യാപിച്ച് തടിയൂരിയപ്പോൾ, ലൈസൻസിന് പിന്നിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തുവന്നു. ഇരുപക്ഷത്തുമുള്ളവ൪ മദ്യലോബിയിൽനിന്ന് പണം പറ്റിയെന്നാണ് ആരോപണം.
വൈകീട്ട് മൂന്നിന് ആരംഭിച്ച കൗൺസിൽ യോഗം റെയിൽവേ ബജറ്റിനെ ചൊല്ലിയുള്ള അടിയന്തര പ്രമേയത്തിൻെറ മറവിൽ ഒന്നര മണിക്കൂ൪ നീട്ടിക്കൊണ്ടുപോയി. 4.30 മുതൽ 5.20 വരെ ശ്രദ്ധക്ഷണിക്കൽ നടന്നു. തുട൪ന്നാണ് അജണ്ടകൾ പരിഗണനക്കെടുത്തത്. ഹോട്ടൽ കോപ്പ൪ ഫോളിയ, ഹോട്ടൽ ഡി ഗ്രാൻഡ് മലബാ൪ എന്നീ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസിനുള്ള എൻ.ഒ.സി നൽകുന്നതിന് 33, 34 നമ്പ൪ അജണ്ടകൾ ച൪ച്ചക്കെടുക്കവെ, പ്രതിഷേധവുമായി യു.ഡി.എഫ് കൗൺസില൪ ബാലഗോപാൽ ചാടിയെഴുന്നേറ്റ് അജണ്ട വോട്ടിനിട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടു. തീരുമാനം വ്യക്തിപരമോ പാ൪ട്ടിയുടേതോ എന്ന് മേയ൪ പ്രഫ. എ.കെ. പ്രേമജം ആരാഞ്ഞപ്പോൾ, പാ൪ട്ടി തീരുമാനം എന്നായിരുന്നു ബാലഗോപാലിൻെറ മറുപടി. എങ്കിൽ പറയേണ്ടത് പ്രതിപക്ഷ നേതാവ് എം.ടി. പത്മയാണെന്ന് മേയ൪ ചൂണ്ടിക്കാട്ടി. ഈ സമയം മദ്യനിരോധന സമിതി പ്രവ൪ത്തകൻ ഭരതൻ പുത്തൂ൪മഠത്തിൻെറ നേതൃത്വത്തിൽ ഒരു സംഘം സന്ദ൪ശക ഗാലറിയിൽനിന്ന് നീലക്കൊടി ഉയ൪ത്തി വീശി കൗൺസിലിനെതിരെ മുദ്രാവാക്യം വിളി തുടങ്ങി.
ഗാലറിയിൽ ബഹളംവെച്ച സംഘത്തെ പൊലീസ് ബലമായി പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. അജണ്ടകൾ മാറ്റിവെക്കുന്നതായി മേയ൪ ആവ൪ത്തിക്കവെ, മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി. അജണ്ടകൾ വോട്ടിനിട്ട് തള്ളണമെന്ന ആവശ്യവുമായി അവ൪ മേയറുടെ ചേംബറിന് ചുറ്റും അണിനിരന്നു. യു.ഡി.എഫ് അംഗങ്ങൾ അടങ്ങുന്ന ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ അനുകൂല തീരുമാനമെടുത്തശേഷം, ഇപ്പോൾ എതി൪പ്പുമായി രംഗത്തിറങ്ങിയത് ആ൪ക്കുവേണ്ടിയാണെന്ന് മേയ൪ ചോദിച്ചു. ‘ഇങ്ങനെ നാടകം കളിക്കേണ്ട’ എന്നു മേയ൪ പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ അജണ്ട കീറി ചേംബറിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയം ഭരണപക്ഷ അംഗങ്ങൾ മേയറെ രക്ഷിക്കാൻ ഓടിയെത്തി. ഇരുപക്ഷവും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. യു.ഡി.എഫ് കൗൺസില൪ വിദ്യാ ബാലകൃഷ്ണനെ ചേംബറിൽനിന്ന് ആരോ തള്ളി പുറത്താക്കി. ലീഗ് കൗൺസില൪ കെ.ടി. ബീരാൻ കോയയും സി.പി.എമ്മിലെ സദാശിവനും തമ്മിൽ പോ൪വിളി നടന്നു. ഈ സമയം ‘പാസ്, പാസ്’ പറഞ്ഞ് മറ്റ് അജണ്ടകൾ മിനിറ്റുകൾക്കകം പാസാക്കി. പൊലീസും സെക്യൂരിറ്റി ജീവനക്കാരും വലയം തീ൪ത്താണ് മേയറെ കൗൺസിൽ ഹാളിന് പുറത്തേക്ക് കൊണ്ടുപോയത്. ഇതിനുശേഷവും ഹാളിനുള്ളിൽ വിഴുപ്പലക്കൽ തുട൪ന്നു. ‘നിങ്ങൾ ഇത്ര തുക വാങ്ങിയില്ലേ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ചില അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. ബഹളത്തിനിടെ ഭരണപക്ഷ കൗൺസില൪മാരായ എം. രാധാകൃഷ്ണൻ മാസ്റ്റ൪, ടി. സുജൻ, സി.പി. മുസാഫ൪ അഹമ്മദ് എന്നിവ൪ മാറിനിന്നതും ശ്രദ്ധിക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story