തട്ടിക്കൊണ്ടു പോയ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ കണ്ടെത്തി
text_fieldsചാലക്കുടി/കൊരട്ടി/പഴയന്നൂ൪: ചാലക്കുടിയിൽ സ്കൂൾ മുറ്റത്തുനിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നാലുവയസ്സുകാരിയെ തിരുവില്വാമലയിൽ കണ്ടെത്തി. കൊരട്ടി വിളക്കത്തുപറമ്പിൽ മധു-സൗമ്യ ദമ്പതികളുടെ മകളും കാടുകുറ്റി ആംഗ്ളോ ഇൻഡ്യൻ യു.പി സ്കൂളിലെ എൽ.കെ.ജി വിദ്യാ൪ഥിനിയുമായ അനുശ്രീയെയാണ് തട്ടിക്കൊണ്ടുപോയി പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തിരുവില്വാമല സെൻറ് ജോ൪ജ് പള്ളിക്കുസമീപത്തെ സ്കൂളിന് മുൻവശം ഉച്ചക്ക് രണ്ടരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ആദ്യം 15 ലക്ഷവും പിന്നീട് ഏഴു ലക്ഷവും മോചന ദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം പിടിക്കപ്പെടുമെന്നായതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. വഴിതെറ്റി എത്തിയതെന്ന് കരുതി പള്ളി വികാരി പഴയന്നൂ൪ പൊലീസിലറിയിച്ചതിനെ തുട൪ന്നാണ് തട്ടിക്കൊണ്ടു പോയ കുട്ടിയാണെന്ന് വ്യക്തമായത്.
രാവിലെ ഒമ്പതരയോടെ സ്കൂൾ വാഹനത്തിൽ കോമ്പൗണ്ടിൽ വന്നിറങ്ങിയ കുട്ടിയെ രണ്ടു കാറുകളിലെത്തിയ സംഘം മധുര പലഹാരങ്ങൾ കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു. ഇതവഗണിച്ച് വരാന്തയിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട മറ്റു കുട്ടികൾ ബഹളമുണ്ടാക്കി എത്തുമ്പോഴേക്കും കാ൪ പാഞ്ഞുപോയി. ഉടൻ സ്കൂളധികൃത൪ കുട്ടിയുടെ രക്ഷിതാക്കളെയും ചാലക്കുടി പൊലീസിനെയും അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസ് ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലേക്കും അയൽജില്ലകളിലെ പോലീസിനെയും അറിയിച്ചു. 11ഓടെ മധുവിനെ ഫോണിൽ വിളിച്ച് സംഘം കുട്ടി കൈവശമുണ്ടെന്നും 15 ലക്ഷം തരണമെന്നും ആവശ്യപ്പെട്ടു. കുറച്ചുസമയത്തിനുശേഷം തുക ഏഴു ലക്ഷമാക്കി കുറച്ചു. ഡിവൈ.എസ്.പി ടി.കെ. തോമസിൻെറ നേതൃത്വത്തിൽ പോലീസ് സംഘം സൈബ൪സെൽ സഹായത്തോടെ അന്വേഷണം ഊ൪ജ്ജിതമാക്കുന്നതിനിടെയാണ് കുട്ടിയെ തിരുവില്വാമല സെൻറ് ജോ൪ജ് സ്കൂളിനുമുന്നിൽ കണ്ടെത്തിയത്.
ഫോൺ വന്ന നമ്പ൪ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പേരാമ്പ്ര പ്രദേശത്തെ ടെലഫോൺ ബൂത്തിൽ നിന്നാണ് വിളിച്ചതെന്ന് അറിവായി. ഇവിടെ പൊലീസ് അന്വേഷിച്ചുവെങ്കിലും ഒന്നും അറിയാനായില്ല. എന്നാൽ, സംഘത്തെ സംബന്ധിച്ച വ്യക്തമായ സൂചന പോലീസിന് ലഭിച്ചതായി പറയുന്നുണ്ട്. പ്രതികളെ പിടികൂടിയാലേ സംഭവത്തിൻെറ ചുരുളഴിയൂ.
തിരുവില്വാമലയിൽ സെൻറ് ജോ൪ജ് പള്ളിക്കുസമീപം സ്കൂളിനുമുൻവശം പരിഭ്രാന്തയായി കരഞ്ഞുനിന്ന കുട്ടിയെ കണ്ട വഴിപോക്കനാണ് വികാരിയെ വിവരമറിയിച്ചത്. വികാരി ചോദിച്ചപ്പോഴാണ് സ്കൂളിൽനിന്ന് കാറിൽ കയറ്റിക്കൊണ്ടുവന്ന വിവരം അറിഞ്ഞത്. പിന്നീട് പഴയന്നൂ൪ പൊലീസ് സ്ഥലത്തെത്തി യൂനിഫോമിനൊ പ്പമുണ്ടായിരുന്ന തിരിച്ചറിയൽ കാ൪ഡിലെ നമ്പറിൽ സ്കൂളിലും വീട്ടിലും വിളിച്ചറിയിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങൾ പുറത്തുവിട്ടതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് കുട്ടിയെ വഴിയിൽ ഇറക്കിവിട്ടതാണെന്ന് സംശയിക്കുന്നു. കുട്ടിയെ കാണാതായതോടെ നാടും ജനങ്ങളും ഇളകി. സ്കൂൾ മുറ്റത്തും പരിസരത്തും രോഷത്തോടെ രക്ഷിതാക്കളും സംഘടനാപ്രവ൪ത്തകരും തടിച്ചു കൂടി. സ്കുൾ അധികൃത൪ക്ക് നേരെയും ജനങ്ങൾ രോഷം പ്രകടിപ്പിച്ചു. കുട്ടിയെ അന്വേഷിക്കുന്നതിൽ പൊലീസും ഉത്തരവാദിത്വം കാട്ടിയില്ലെന്ന് ആരോപണമുയ൪ന്നു. വൈകീട്ട് ആറോടെ ചാലക്കുടി സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ രക്ഷിതാക്കൾ ഏറ്റുവാങ്ങി. വൻ ജനക്കൂട്ടമാണ് കുട്ടിയെ കാണാൻ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.