ലോഡ്ഷെഡിങ് ഒഴിവാക്കല്‍: സ്വകാര്യനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിത്തുടങ്ങി
text_fieldsതിരുവനന്തപുരം: പരീക്ഷ പ്രമാണിച്ച് ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിനായി സ്വകാര്യനിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങൽ ആരംഭിച്ചു. അതേസമയം ഇടുക്കി, ശബരിഗിരി പദ്ധതികളിൽനിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. കൊച്ചിയിലെ സ്വകാര്യനിലയമായ ബി.എസ്.ഇ.എസ്, കാസ൪കോട് ഡീസൽ നിലയം എന്നിവിടങ്ങളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ഫെബ്രുവരി 28ന് 55.94 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉപയോഗം. വെള്ളിയാഴ്ച അത് 56.97 ശതമാനവും ശനിയാഴ്ച 56.46 ദശലക്ഷം യൂനിറ്റുമായി ഉയ൪ന്നു. വരുംദിവസങ്ങളിൽ ഉപഭോഗം വീണ്ടും കൂടിയേക്കും. ഫെബ്രുവരി 28ന് പുറത്തുനിന്ന് 40.52 ദശലക്ഷം യൂനിറ്റായിരുന്നു ഇറക്കുമതി . കേരളത്തിൽ നിന്നുള്ള ഉൽപാദനം 15.41 ദശലക്ഷമായി പിടിച്ചുനി൪ത്തുകയുംചെയ്തു. എന്നാൽ വെള്ളിയാഴ്ച പുറത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ ആറ് ദശലക്ഷം യൂനിറ്റ് കുറഞ്ഞു. ശനിയാഴ്ച കുറവ് ഏഴ് ദശലക്ഷത്തിൻേറതായി. സ്ഥിതി ഗുരുതരമായതോടെ പിടിച്ചുനിൽക്കുക പ്രയാസമായിരുന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം ആകെയുള്ള 56.97 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതിൽ 23.04 ദശഷം യൂനിറ്റും കേരളത്തിൽ നിന്നുതന്നെ ഉൽപാദിപ്പിച്ചതാണ്. ഇതിൽ 14.69 ദശലക്ഷം ജലപദ്ധതികളിൽ നിന്നായിരുന്നു. 28ന് 1.56 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്ന ഇടുക്കിയിലെ ഉൽപാദനം ശനിയാഴ്ച 4.55 ദശലക്ഷം യൂനിറ്റായി ഉയ൪ത്തി. 28ന് 1.07 ദശലക്ഷം മാത്രമായിരുന്ന ശബരിഗിരിയിലെ ഉൽപാദനം ശനിയാഴ്ച 3.56 ദശലക്ഷം യൂനിറ്റായി. ഉൽപാദനം 14.69 ദശലക്ഷം യൂനിറ്റായാണ് വ൪ധിച്ചത്.
വെള്ളിയാഴ്ച കായംകുളത്ത് നിന്ന് 7.74 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിച്ചിരുന്നു. എന്നാൽ ശനിയാഴ്ച അത് 3.82 ദശലക്ഷമായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ഇക്കൊല്ലം ആദ്യമായി ബി.എസ്.ഇ.എസിൽ നിന്ന് 1.90 ദശലക്ഷം യൂനിറ്റ് വാങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ കാസ൪കോട് നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. സംസ്ഥാനത്തെ സംഭരണികളിൽ ഇനി 34 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇതുകൊണ്ട് 1395 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. എന്നാൽ ജൂണിലേക്ക് നിശ്ചിത വെള്ളം കരുതലുംവേണം. ഏറ്റവുംവലിയ സംഭരണിയായ ഇടുക്കിയിൽ വെറും 23 ശതമാനം വെള്ളമേയുള്ളൂ. പമ്പ-കക്കി 43 ശതമാനം, ഷോളയാ൪ 54, ഇടമലയാ൪ 36, കുണ്ടല 85, മാട്ടുപ്പെട്ടി 66 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന സംഭരണികളിലെ സ്ഥിതി. ചെറുകിട പദ്ധതികളിലെല്ലാം നാമമാത്രമായ ഉൽപാദനമേ നടക്കുന്നുള്ളൂ.
പലഭാഗത്തും പെയ്യുന്ന മഴയും രാത്രിയിലെ തണുപ്പുമാണ് ഇപ്പോൾ ഉപഭോഗം നിയന്ത്രിക്കാൻ സഹായകമാകുന്നത്.
താപവൈദ്യുതി കൂടുതൽ വാങ്ങുന്നത് മൂലം ദിനം പ്രതി കോടികളുടെ അധികബാധ്യതയും ബോ൪ഡിനുണ്ടാകുന്നു. കായംകുളം വൈദ്യുതിക്ക് യൂനിറ്റിന് 11.71 രൂപയാണ് വില. ബി.എസ്.ഇ.എസ് 11.34 രൂപ, കാസ൪കോട് 12.45 രൂപ, ബ്രഹ്മപുരം 11.97 രൂപ, കോഴിക്കോട് 10.72 എന്നിങ്ങനെയാണ് താപനിലയങ്ങളിലെ ഒരു യൂനിറ്റ് വൈദ്യുതിയുടെ വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.