‘ഗിത്താര്‍ ബില്‍ഡിങ്’ വിസ്മൃതിയിലേക്ക്
text_fieldsദുബൈ: ബു൪ജ് ഖലീഫയും ബു൪ജുൽ അറബും ദുബൈയുടെ അലങ്കാരമാകുന്നതിന് മുമ്പ് ശൈഖ് സായിദ് റോഡരികിൽ തലയുയ൪ത്തി നിന്ന ‘ഗിത്താ൪ ബിൽഡിങ്’ വിസ്മൃതിയിലേക്ക്. മലയാളികൾക്കിടയിൽ ‘ഗിത്താ൪ ബിൽഡിങ്’ എന്നറിയപ്പെട്ടിരുന്ന ‘ഹാ൪ഡ് റോക്ക് കഫെ’ പ്രവ൪ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങി. ഏതാണ്ട് പകുതിയോളം പൊളിച്ച കെട്ടിടത്തിൻെറ ഭാഗമായി ഉയ൪ന്നുനിൽക്കുന്ന ടവറും മുൻഭാഗത്തെ രണ്ടു ഇലക്ട്രിക് ഗിത്താറുകളും ഉൾപ്പെടുന്ന ഭാഗമാണ് ഇനി ബാക്കിയുള്ളത്.
ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ പദ്ധതി പ്രകാരമാണ് ഈ കെട്ടിടവും പൊളിക്കുന്നത്. അൽ റാശിദ് ബിൽഡിങ് ഡിമോളിഷൻസാണ് ദൗത്യം ഏറ്റെടുത്തത്.
ശൈഖ് സായിദ് റോഡിൻെറ ഇരുവശത്തും ഇന്ന് തലയുയ൪ത്തി നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ നി൪മിക്കുന്നതിന് മുമ്പാണ് ‘ഗിത്താ൪ ബിൽഡിങ്’ എന്ന് മലയാളികൾ പറയുന്ന ‘ഹാ൪ഡ് റോക്ക് കഫെ’ വന്നത്. നഖീൽ മെട്രോ സ്റ്റേഷന് സമീപത്തെ ഈ കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച രണ്ടു വലിയ ഇലക്ട്രിക് ഗിത്താറുകളാണ് ‘ഗിത്താ൪ ബിൽഡിങ്’ എന്ന പേരിന് കാരണം.
ലഭ്യമായ വിവരമനുസരിച്ച് 1997 ഡിസംബറിലാണ് ഇവിടെ കഫെ പ്രവ൪ത്തിച്ചു തുടങ്ങിയത്. അക്കാലത്ത് ഈ പ്രദേശത്ത് ഇന്നത്തെപ്പോലെ ബഹുനില കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. പെട്ടെന്ന് തിരിച്ചറിയാനും സ്ഥലം കണ്ടുപിടിക്കാനുള്ള അടയാളം എന്ന നിലയിലുമാണ് ‘ഗിത്താ൪ ബിൽഡിങ്’ എന്ന് മലയാളികൾ പേരിട്ടത്.
ലോകത്തിൻെറ പല ഭാഗങ്ങളിലും ഹോട്ടലുകളുള്ള ഹാ൪ഡ് റോക്ക് ഇൻറ൪നാഷനലായിരുന്നു ഉടമസ്ഥ൪. 2008 വരെ ദിവസവും നിരവധി പേ൪ എത്തിയിരുന്ന നൈറ്റ് ക്ളബാണിത്. മൂന്നു ലക്ഷ്വറി ബാറുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയാണ് രാത്രികാലങ്ങളിൽ സ്വയം മറന്ന് ആടാനും പാടാനും ആഗ്രഹിച്ചവരെ ഇവിടേക്ക് ആക൪ഷിച്ചത്. എന്നാൽ, 2008ൽ മദ്യ വിൽപനക്കുള്ള ലൈസൻസ് റദ്ദാക്കി. 2009 മാ൪ച്ചിൽ പൂ൪ണമായി പ്രവ൪ത്തനം അവസാനിപ്പിച്ചു. പിന്നീട് പുതിയ ഹാ൪ഡ് റോക്ക് കഫെ ഫെസ്റ്റിവൽ സിറ്റിയിൽ ആരംഭിച്ചു.
രണ്ടു വലിയ ഇലക്ട്രിക് ഗിത്താറുകൾക്ക് പുറമെ ഈ കെട്ടിടത്തിൻെറ നി൪മാണ ശൈലിയും ഏറെ ആക൪ഷകമാണ്. ന്യൂയോ൪ക്ക് സിറ്റിയിലെ എമ്പയ൪ സ്റ്റേറ്റ് ബിൽഡിങിനെ അനുസ്മരിപ്പിക്കുന്ന മാതൃകയാണ് ഇതിനുള്ളത്. ചുറ്റുഭാഗത്തും ബഹുനില കെട്ടിടങ്ങൾ വരുന്നത് വരെ വലിയ ടവ൪ വളരെ ദൂരെനിന്നു പോലും കാണാമായിരുന്നു. 35 മീറ്റ൪ ഉയരമുള്ള ടവറിന് മുകളിൽ വലിയ ഭൂഗോളവും അതിനുചുറ്റും ‘സേവ് ദി പ്ളാനറ്റ്’ എന്ന വാചകവുമുണ്ട്. കെട്ടിടത്തിൻെറ ഉൾഭാഗത്തും നിരവധി അലങ്കാരങ്ങളുണ്ടായിരുന്നു. പക്ഷേ, ‘അംനെഷ്യ’ എന്ന വാക്ക് കൊത്തിവെച്ച കെട്ടിടം, ഈ വാക്കിൻെറ അ൪ഥം അന്വ൪ഥമാക്കി വിസ്മൃതിയിലേക്ക് മറയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.