ക്ഷേത്രോത്സവത്തിനിടെ പൊലീസ് അതിക്രമം
text_fieldsകൊയിലാണ്ടി: ഉത്സവസ്ഥലത്ത് പൊലീസിൻെറ അതിക്രമം. ഡോക്ട൪, അഭിഭാഷകൻ, സൈനികൻ എന്നിവരുൾപെടെയുള്ളവ൪ക്ക് പരിക്കേറ്റു. അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിനിടെ തിങ്കളാഴ്ച അ൪ധരാത്രിയാണ് സംഭവം. പ്രകോപനമൊന്നുമില്ലാതെ പൊലീസ് പ്രശ്നം സൃഷ്ടിക്കുകയായിരുന്നെന്നാണ് ആരോപണം. പൊലീസ് മ൪ദനത്തിൽ പരിക്കേറ്റ സൈനികൻ അരിക്കുളം പനത്തോടിമീത്തൽ ബിജു (34), അഡ്വ. കെ.ടി. ശ്രീനിവാസൻ, ഭാര്യ ഡോ. ജയശ്രീ എന്നിവ൪ ആശുപത്രിയിൽ ചികിൽസയിലാണ്. പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ വീണും പല൪ക്കും പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപൻ, എ.ആ൪ ക്യാമ്പിലെ നിഖിൽ എന്നിവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വലിയവിളക്കായതിനാൽ ക്ഷേത്രത്തിൽ വൻജനാവലി ഉണ്ടായിരുന്നു. രാത്രി മട്ടന്നൂ൪ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ തൃത്തായമ്പക അരേങ്ങറുമ്പോൾ പുറത്ത് റോഡിനു സമീപം പൊലീസ് അതിക്രമം കാട്ടുകയായിരുന്നു. അതിനുമുമ്പ് ക്ഷേത്രപരിസരത്തെ മതിലിൽ ഇരുന്നവരെ പൊലീസ് വിരട്ടിയിരുന്നു.
പൊലീസിൻെറ ലാത്തിയടിയേറ്റ് തലക്കും തുടയെല്ലിനും കാര്യമായ പരിക്കേറ്റ ബിജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തലക്ക് തുന്നലുകളുണ്ട്. ലാത്തിയേറ്റ് ചുണ്ടിനും പരിക്കേറ്റു. ബിജുവിനെ മ൪ദിക്കുന്നതുകണ്ട് വീട്ടിൽനിന്ന് ഇറങ്ങിവന്ന് കാര്യങ്ങൾ അന്വേഷിക്കുമ്പോഴാണ് അഡ്വ. ശ്രീനിവാസനെയും ഭാര്യ ജയശ്രീയെയും ലാത്തികൊണ്ട് തല്ലിയത്. ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മലബാ൪ ദേവസ്വം ബോ൪ഡ് മുൻ ഏരിയ പ്രസിഡൻറും കൊയിലാണ്ടി ബാ൪ അസോസിയേഷൻ മുൻ പ്രസിഡൻറുമാണ് ശ്രീനിവാസൻ. ഡോ. ജയശ്രീ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.മഥുരയിൽ ആ൪മിയിൽ ജോലി ചെയ്യുന്ന ബിജു പിതാവിൻെറ ചികിത്സ, ഉത്സവം എന്നീ കാര്യങ്ങൾക്കാണ് അവധിയിൽ നാട്ടിലെത്തിയത്. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പൊലീസ് ലാത്തികൊണ്ട് അടിക്കുകയായിരുന്നു. പട്ടാളക്കാരനാണെന്ന് പറഞ്ഞിട്ടും വിട്ടില്ലെന്ന് ബിജു പറഞ്ഞു. ജീപ്പിൽ പിടിച്ചിട്ട് ലാത്തികൊണ്ട് തലക്കും ചുണ്ടിനും കുത്തിപ്പരിക്കേൽപിച്ചു. സ്റ്റേഷനിൽ കൊണ്ടിട്ടശേഷം മണിക്കൂറോളം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച ഉത്സവത്തോടനുബന്ധിച്ച് ഗാനമേള നടന്നിരുന്നു.
ഗാനമേള മോശമാണെന്ന് ആരോപിച്ച് ചില൪ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനാൽ ഇടക്കുവെച്ച് നി൪ത്തി. ഇതിനെ തുട൪ന്നാണ് ചൊവ്വാഴ്ച കൂടുതൽ പൊലീസ് എത്തിയത്. പൊലീസ് നടപടിയിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമുയ൪ന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.