സിറിയ: ഉത്തരവാദി ഭരണകൂടം തന്നെ-പ്രധാനമന്ത്രി
text_fieldsദോഹ: സിറിയയെ തക൪ത്തതിൻെറയും ആയിരകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതിൻെറയും പൂ൪ണ ഉത്തരവാദിത്തം അവിടുത്തെ ഭരണകൂടത്തിന് മാത്രമാണെന്ന് ഖത്ത൪ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനി.
തുടക്കം മുതൽ അറബ് ലീഗ് സമധാന ശ്രമം ആരഭിച്ചെങ്കിലും ബശ്ശാറുൽ അസദിൻെറ ഭരണകൂടം അതിനോടെല്ലാം പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നെന്ന് കെയ്റോയിൽ അറബ് ലീഗ് മന്ത്രി തല സമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. അറബ് സമൂഹം സിറിയൻ ജനതയെ കൈവിട്ടെന്ന് ലബനാൻ വിദേശകാര്യ മന്ത്രി അദ്നാൻ മൻസൂ൪ സമ്മേളനത്തിൽ നടത്തിയ പരാമ൪ശത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ഭീകരനാണ് ബശ്ശാറുൽ അസദെന്ന് കഴിഞ്ഞദിവസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിക്കൊപ്പം ദോഹയിൽ നടത്തിയ സംയുക്ത വാ൪ത്താസമ്മേളനത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അയൽ രാജ്യങ്ങളോടും സുഹൃദ് രാഷ്ട്രങ്ങളോടും മികച്ച ബന്ധം പുല൪ത്താനും അത് വഴി മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഖത്ത൪ ശ്രമിക്കുന്നത്. സിറിയയുടെ പവിത്രത നശിപ്പിക്കാനുള്ള ശ്രമങ്ങളെ ഒരു നിലക്കും ഖത്ത൪ അംഗീകരിക്കില്ല. സിറിയയിൽ നിയമ വാഴ്ച നിലവിൽ വരണമെന്നും നിലവിലെ വ്യവസ്ഥ മാറണമെന്നും ഖത്ത൪ ആഗ്രഹിക്കുന്നു. സമാധാന ശ്രമങ്ങൾക്ക് സമയപരിധി നിശ്ചയിച്ചുള്ള ഒരു പദ്ധതി രൂപപ്പെടാത്തത് നിരാശാജനകമാണ്. പ്രശനം തുടങ്ങിയ ഉടൻ പരിഹാരത്തിന് കൂട്ടായ ശ്രമം ഉണ്ടായിരുന്നെങ്കിൽ ഇന്ന് സിറിയൻ ഭരണ കൂടം നിലനിൽക്കുമായിരുന്നില്ല. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ അമേരിക്ക നടത്തുന്ന ഏത് ശ്രമങ്ങളെയും ഖത്ത൪ പിന്തുണക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.