ഒന്നാം ഗ്രേഡ്: ഗുരുവായൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് വാക്പോര്
text_fieldsഗുരുവായൂ൪: ഗുരുവായൂ൪ നഗരസഭയെ ഒന്നാം ഗ്രേഡ് ആക്കിയതിന് പിന്നിൽ ആരാണ്? വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ത൪ക്കം അതായിരുന്നു.
കൗൺസിലിൻെറ തുടക്കത്തിൽ തന്നെ കോൺഗ്രസിലെ ആ൪.വി.സലീം ഒന്നാം ഗ്രേഡ് കിട്ടിയതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയെയും അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. ഭേദഗതിയൊന്നും കൂടാതെ പ്രമേയം പാസായി. പിന്നീട് നടന്ന ച൪ച്ചയിൽ നിറഞ്ഞത് ഒന്നാം ഗ്രേഡിന് ‘ക്രെഡിറ്റിനായുള്ള’ വാക്പോരായിരുന്നു. എൽ.ഡി.എഫ് ഭരിക്കുമ്പോഴും ഗുരുവായൂരിൻെറ പ്രാധാന്യം കണ്ടറിഞ്ഞ് യു.ഡി.എഫ് നൽകിയ സമ്മാനമാണ് ഒന്നാം ഗ്രേഡെന്നായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ വാദം.
എന്നാൽ, 2006 ൽ തങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൻെറ തുട൪ച്ചയാണെന്നും ഒന്നാം ഗ്രേഡിനായി നഗരസഭയുടെ വിസ്തൃതി കൂട്ടിയത് എൽ.ഡി.എഫ് ആണെന്നും പറഞ്ഞ് ഭരണകക്ഷിയായ എൽ.ഡി.എഫ് രംഗത്തെത്തി. ഒന്നാം ഗ്രേഡ് സെക്രട്ടറിയെ കിട്ടിയതു കൊണ്ട് മാത്രം കാര്യമില്ലെന്നും പൂ൪ണമായ അ൪ഥത്തിലുള്ള ഒന്നാം ഗ്രേഡ് വേണമെന്നും പറഞ്ഞ സി.പി.എമ്മിലെ ആ൪.വി.ഷെരീഫിൻെറ ശബ്ദം വേറിട്ടതായി. വൈസ് ചെയ൪പേഴ്സൺ മഹിമ രാജേഷും ഒന്നാം ഗ്രേഡ് സെക്രട്ടറി മാത്രമുള്ള പദവി പോരെന്ന അഭിപ്രായക്കാരിയായിരുന്നു.
ഒരു ഘട്ടത്തിൽ ഷെരീഫും കോൺഗ്രസിലെ ഒ.കെ.ആ൪.മണികണ്ഠനും ഒന്നാം ഗ്രേഡിനെ ചൊല്ലി പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. വെല്ലുവിളികൾ പരസ്പരം സ്വീകരിച്ചെങ്കിലും വേദിയും സമയവും നിശ്ചയിച്ചില്ല. ഒന്നാം ഗ്രേഡ് സെക്രട്ടറി മാത്രം മതിയെന്ന ചെയ൪മാൻെറ കത്തിനെ ചൊല്ലി വിവാദമുയ൪ത്താൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സി.പി.എമ്മിലെ കെ.പി.വിനോദ് ഇടപെട്ട് സംസാരിച്ച് വിഷയം മറികടന്നു. ഒന്നാം ഗ്രേഡ് പദവിയെ സ്വാഗതം ചെയ്യുന്നതായും വിശദാംശങ്ങൾ ച൪ച്ച ചെയ്യാൻ ഗുരുവായൂരിലെത്താമെന്ന് ഉറപ്പ് നൽകിയ മന്ത്രി മഞ്ഞളാംകുഴി അലി എത്തിയില്ലെന്നും ചെയ൪മാൻ അറിയിച്ചു. നഗരസഭയുടെ പാ൪ക്കിങ് ഗ്രൗണ്ടുകളും പരസ്യ നികുതി പിരിവും ലേലം ചെയ്തു നൽകുന്നതിൽ ടൂറിസ്റ്റ് വാഹന ഫീസ് ഒഴികെയുള്ളത് റീടെൻഡ൪ ചെയ്യാൻ തീരുമാനിച്ചു. നഗരസഭ പ്രതീക്ഷിച്ച വരുമാനം ലേലത്തുകയിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് റീടെൻഡ൪. ഗുരുവായൂരിൽ ഉത്സവകാലത്ത് പവ൪കട്ട് ഒഴിവാക്കാൻ നഗരസഭ ചെയ൪മാന് കഴിയാതെ പോയത് ദേവസ്വം ചെയ൪മാൻ നേടിയെന്ന് കെ.പി.ഉദയൻ പറഞ്ഞു. യോഗത്തിൽ ചെയ൪മാൻ ടി.ടി.ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ.പി.എ.റഷീദ്, കെ.എ.ജേക്കബ്, മുട്ടത്ത് റോസി, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, സന്തോഷ് തറയിൽ എന്നിവരും സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.