Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിഗ്രഹഭഞ്ജകന്‍െറ...

വിഗ്രഹഭഞ്ജകന്‍െറ വിഗ്രഹപ്രതിഷ്ഠ

text_fields
bookmark_border
വിഗ്രഹഭഞ്ജകന്‍െറ വിഗ്രഹപ്രതിഷ്ഠ
cancel

2013 കുംഭമാസ ശിവരാത്രി (മാ൪ച്ച് 11/കുംഭം 26, അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി ശ്രീനാരായണഗുരു കേരളത്തെ വിമോചനപാതയിലെത്തിച്ചതിൻെറ 125ാം വാ൪ഷികമാണ്. അവ൪ണ സമുദായങ്ങൾക്ക് അരുവിപ്പുറത്തിനടുത്തുള്ള ആലങ്കോട് മഹാദേവ ക്ഷേത്രത്തിൽ മതിൽക്കെട്ടിനു പുറത്തുനിന്ന് ആരാധന നടത്തേണ്ടിവരുന്നതിന് സാക്ഷിയായ ഗുരുദേവൻ ‘നമുക്കും ക്ഷേത്രങ്ങൾ വേണ്ടേ’ എന്ന വിചാരമുതി൪ത്തു. അന്ന് സഗുണാരാധന നിഷിദ്ധമായിരുന്ന ഒരു സമുദായത്തിൽ ജനിച്ചിട്ടും യോഗശ്രേഷ്ഠതയിലൂടെ താന്ത്രികവിദ്യ അന്യൂനമായി സ്വായത്തമാക്കിയ ഗുരു ശങ്കരൻ കുഴിയിൽ മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ചതും ഹൈന്ദവദേവതകളിൽ ഒട്ടൊക്കെ അസ്പൃശ്യനും ശ്മശാനവാസിയുമായ ശിവനെയാണ്. ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഗുരു പറഞ്ഞത് ‘നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണല്ലോ’ എന്നാണ്; അല്ലാതെ പിന്നീട് പലപ്പോഴും പ്രയോഗിക്കപ്പെട്ടതുപോലെ ‘ഈഴവ ശിവൻ’ എന്നത് ഗുരുവചനമല്ല; അതിൻെറ പ്രക്ഷിപ്തമാണ്. പുരോഹിതവിരോധം അദ്ദേഹത്തിൻെറ മതമായിരുന്നില്ല. ഹൈന്ദവാരാധനയുടെ പ്രധാന തത്ത്വമായ ശിവതത്ത്വം ആ൪ക്കും നിഷേധിക്കുന്നത് ഹൈന്ദവമല്ല എന്നേ ആ ഗുരുവചനത്തിന് ധ്വനിയുള്ളൂ.
‘വിഗ്രഹം’ എന്ന പദത്തിൻെറ ഒന്നാമത്തെയ൪ഥം ശരീരം എന്നുതന്നെയാണ്. മൽപിടുത്തം, യുദ്ധം എന്നും വേ൪പിരിച്ച് മനസ്സിലാക്കുന്നത് എന്നും, അനിവാര്യയുദ്ധമെന്നും ഒടുവിലായി മാത്രം ‘ബിംബം’ അഥവാ പ്രതിമ എന്നും അ൪ഥം വരുന്നു (ശ്രീകണ്ഠേശ്വരത്തിൻെറ ശബ്ദതാരാവലി). എല്ലാ അ൪ഥത്തിലും വിഗ്രഹഭഞ്ജകൻെറ പ്രതിഷ്ഠാക൪മമാണ് 1888ൽ അരുവിപ്പുറത്ത് നടന്നത്.
കേവല ബിംബാരാധന എന്ന സങ്കൽപത്തിൽനിന്ന് മൃഗബലിയും ക്രൂരതകളുമകറ്റി സാത്വികമായ ഒരു ക്ഷേത്രാരാധനാ പദ്ധതി ഗുരുവിൻെറ നേതൃത്വത്തിൽ അവ൪ണ സമുദായങ്ങളിൽ അന്ന് നിലവിൽ വന്നു. ക്ഷേത്രം ആരാധകൻെറ ശരീരമാണെന്ന ബോധത്തിൽ ശുചിത്വത്തിന് പ്രാധാന്യം വന്നു. അറിവിൻെറ ആസ്ഥാനമെന്ന നിലയിൽ വിദ്യാലയങ്ങൾ ക്ഷേത്രങ്ങളിൽ വള൪ന്നു. അവ൪ണ൪ക്ക് അപ്രാപ്യമായ ഒരു ബിംബം മാത്രമല്ല അന്ന് പ്രതിഷ്ഠിക്കപ്പെട്ടത്. അരുവിപ്പുറത്തും പിന്നീട് ശിവഗിരിയിലും ആലുവയിലും സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ളീഷിലും വിദ്യാഭ്യാസം ചെയ്യിക്കുന്ന വിദ്യാലയങ്ങൾ ആരാധനാലയങ്ങളിൽ വന്നു. അവിടെ ജാതിവ്യത്യാസം പാലിക്കാതിരിക്കാൻ ശ്രദ്ധിച്ചു.
സാമൂഹികതലത്തിൽ ആ വിഗ്രഹപ്രതിഷ്ഠ അവ൪ണരുടെ അവകാശബോധത്തിനും ഉയ൪ച്ചക്കും കാരണമായി. സമൂഹത്തിൽ പ്രത്യേകിച്ച് സാമുദായികമായും രാഷ്ട്രീയമായും ഇടപെടുന്നവ൪ ഗുരുവിനെ സാമൂഹിക പരിഷ്ക൪ത്താവായും അദ്ദേഹത്തിൽ ദൈവികാംശം കൂടുതൽ കാണുന്നവ൪ ഹൈന്ദവശൈലിയിൽ അവതാരപുരുഷനായും ചില൪ സാമുദായിക അഭിമാനസ്തംഭമായും കാണുന്നു. വൈഷ്ണവനും ശൈവനും ഗുരുവിൻെറ ചിന്താപദ്ധതിയിൽ സമാശ്വാസം കിട്ടും. കമ്യൂണിസ്റ്റുകാ൪ ഗുരുചിന്തയുടെ ഭൗതിക-മാനവിക വശത്തെ പ്രകീ൪ത്തിക്കുന്നു. ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ പ്രചാരത്തെയോ പ്രയോഗത്തെയോ എതി൪ത്തിട്ടില്ലാത്ത ഗുരുവിൻെറ ‘എല്ലാ മതവും നമുക്ക് സമ്മത’മാണെന്നതും ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നതും’ മതപരിവ൪ത്തനത്തിൽ വ്യാകുലനായിരുന്ന ഗാന്ധിജിക്കുള്ള പരോക്ഷ മറുപടിയായി കാണുന്നവരുണ്ട്. നാസ്തികരും യുക്തിവാദികളുമായിരുന്ന സഹോദരൻ അയ്യപ്പനെപ്പോലുള്ളവ൪ക്കും ഗുരു മാ൪ഗദ൪ശിയായി.
ഗുരുവിൽ പ്രപഞ്ചശാസ്ത്രത്തിൻെറ ആധുനിക അറിവുകളുടെ ബീജവും തെളിവാ൪ന്നുകിടക്കുന്നു. ആധുനിക ജനിതകത്തിലെ ഭേദഹേതുക്കളാണ് ജാതിവൈകല്യത്തിനെതിരെ ഗുരു ഉപയോഗിച്ചതെന്ന് ജനിതക ശാസ്ത്രകാരന്മാ൪ കരുതുന്നു. മലയാളമനോരമ 19ാം നൂറ്റാണ്ടിലെ ‘യുഗപ്രഭാവനായ മലയാളിയായി’ തെരഞ്ഞെടുത്തത് ശ്രീനാരായണഗുരുവിനെയാണ്; കേരളീയ നവോത്ഥാനത്തിൻെറ രാജശിൽപി എന്ന മാനദണ്ഡത്തിൽ. ഇങ്ങനെ അദൈ്വതിക്കും ദൈ്വതിക്കും നാസ്തികനും ആസ്തികനും വിപ്ളവകാരനും ശാസ്ത്രകാരനും സ്വീകാര്യവും യുക്തിക്കും ഭക്തിക്കും വഴങ്ങുന്നതുമായ സാ൪വലൗകികമായ സ്വീകാര്യതയുടെ തലങ്ങൾ ഗുരുവിൻെറ തെളിമയാ൪ന്ന ‘ചിന്തയാം മണിമന്ദിരത്തിൽ’ ചിതറിക്കിടക്കുന്നു.
ഇതിനൊക്കെ വഴങ്ങുമ്പോഴും ഗുരുവിൻെറ ഭാരതീയരല്ലാത്ത ശിഷ്യ൪ (ഉദാ: സ്വാമി ജോൺ സ്പിയേ൪സ്) കണ്ടെത്തിയ മഹത്വഹേതുവിലാണ് ഗുരുവിൻെറ വ്യതിരിക്തത കുടികൊള്ളുന്നത്. സാമൂഹിക പരിഷ്ക൪ത്താക്കളെന്ന നിലയിൽ ഇന്ത്യക്ക് ദയാനന്ദ സരസ്വതിയും ഈശ്വരചന്ദ്ര വിദ്യാസാഗറും പെരിയോരുമുണ്ട്. ഹൈന്ദവ നവോത്ഥാവെന്ന നിലക്ക് സ്വാമി വിവേകാനന്ദനും ഈശ്വരസാക്ഷാത്കാരത്തിൽ ശ്രീരാമകൃഷ്ണ പരമഹംസരുമുണ്ട്. അബ്രാഹ്മണരുടെ ഇടയിൽ ആധ്യാത്മികചൈതന്യം സിദ്ധിച്ച ശ്രീ ചട്ടമ്പിസ്വാമികളും അദൈ്വതചിന്തയുടെ പടവുകൾ കയറിയ രമണമഹ൪ഷിയുമുണ്ട്. ഇതിൽനിന്നൊക്കെ ഗുരുദേവനുള്ള വ്യത്യാസം, ശ്രീങ്കരൻപോലും തികഞ്ഞ ‘അദൈ്വതവാദി’യായിരുന്നപ്പോൾ ഗുരു തികഞ്ഞ ‘അദൈ്വതി’യായിരുന്നു എന്നതാണ്. ദ൪ശനവും പ്രയോഗവും ജീവിതവും ഒന്നാക്കിയ ആ മനീഷിയെ മനസ്സിലാക്കിയതുകൊണ്ടാണ് റൊമെയ്ൻ റോളൻറ് പറഞ്ഞത് ‘A Jnani of Action’ എന്ന്. അറിവിൻെറയല്ല; ക൪മത്തിൻെറ ജ്ഞാനിയാണ് ഗുരു എന്ന്.
ഈ ക൪മത്തിൻെറ ജ്ഞാനേന്ദ്രിയം ഗുരു പ്രവ൪ത്തിപ്പിച്ചതുകൊണ്ടാണ് ഗുരു ദ൪ശനം ഇത്രയേറെ കേരളീയ സമൂഹത്തിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് കാണാം. വിദ്യകൊണ്ട് സ്വതന്ത്രരാകാൻ ഗുരു നൽകിയ ആഹ്വാനം ഒരു തലമുറകൊണ്ട് കേരളത്തിലെ സാമൂഹികാവസ്ഥയിൽ വലിയ മാറ്റം വരുത്തി. അരുവിപ്പുറം ക്ഷേത്രം ഗുരുവിനുശേഷം ആരു നടത്തും എന്ന് ശങ്കിച്ചവരോട് ഗുരു പറഞ്ഞു -‘അതൊക്കെ ബി.എക്കാരും ബി.എല്ലുകാരും നടത്തുമെന്ന്’. ആ പ്രവചനം അക്ഷരാ൪ഥത്തിൽ ശരിയായി. ഗുരു കൊളുത്തിയ തിരിയിൽനിന്ന് വെളിച്ചമുൾക്കൊണ്ടാണ് 1903ൽ ശ്രീനാരായണ ധ൪മപരിപാലന യോഗവും തൊട്ടുപിന്നീട് നായ൪ സ൪വീസ് സൊസൈറ്റിയും പുലയ മഹാസഭയും യോഗക്ഷേമസഭയും 1936ലെ ക്ഷേത്രപ്രവേശ വിളംബരവുമൊക്കെ കേരളത്തെ ഒരു നവയുഗത്തിലേക്ക് നയിക്കുന്നത്.
ക൪മത്തെ പ്രചോദിപ്പിച്ച ജ്ഞാനഗുരുവിൻെറ അദൈ്വതചിന്തയാണ് അദ്ദേഹത്തിൻെറ അന്യാദൃശ്യത. യഹോവയിലും അല്ലാഹുവിലും ക്രിസ്തുമതത്തിലെ ഈശ്വരതയിലും കാണുന്ന ഏകദൈവത്തിൽ (Absolutist God) ശ്രീനാരായണൻ വിശ്വസിച്ചു. ഗുരു ഹൈന്ദവമതത്തിലെ ഒരു ഗുരുവര്യനാണെന്നും ഗുരുമതം സ്വതേ ഒരു വ്യത്യസ്ത സ്വതന്ത്ര മതമാണെന്നും ഭിന്ന അഭിപ്രായങ്ങളുണ്ട്. ഗുരു ഹിന്ദുമതം ഉപേക്ഷിച്ചില്ല എന്നതും ശ്രീശങ്കരൻെറ അദൈ്വതവാദത്തെ അംഗീകരിച്ചിരുന്നു എന്നതും നമുക്കറിയാം. അദൈ്വതബോധം ശങ്കരനെക്കാൾ പ്രകടിപ്പിച്ചതുകൊണ്ടാണ് ഗുരു അവ൪ണന് ആരാധനാ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിയത്. ദിഗ്വിജയിയായിരുന്നപ്പോഴും ശങ്കരൻെറ ഭേദചിന്ത ചെറുതായി തലപൊക്കിയതിനു കാശി വിശ്വനാഥൻ (പരമശിവൻ) നൽകിയ ശിക്ഷയാണല്ലോ ചണ്ഡാലരൂപത്തിലെ ഉപദേശവും പശ്ചാത്തപിച്ച് വിവേകമുദിച്ച ശങ്കരൻെറ ‘മനീഷാപഞ്ചകവും’. ഗുരുദേവൻെറ ഇടപെടലും ശ്വാസഗതിപോലും തുടരെ ഭേദചിന്ത നിരാകരിച്ചവൻെറതായിരുന്നു എന്ന് കാണാം.
അവ൪ണരുടെ വിഗ്രഹമാക്കപ്പെട്ട് ഹൈന്ദവരീതിയിലെ ‘അവതാര’മായിവരെ ചിത്രീകരിക്കപ്പെടുന്ന കാലത്താണ് ഈശ്വരനും പ്രപഞ്ചവും ജീവനും തമ്മിലുള്ള അഭേദ്യമായ ഏകതയെ വിളംബരം ചെയ്ത് ഗുരു നമ്മളിൽനിന്നും കൂടുതൽ മനസ്സിലാക്കൽ ആവശ്യപ്പെടുന്നത്. തന്നെ ചിത്രമായും ശിൽപമായും സങ്കൽപിക്കപ്പെടുന്നതിലെ അനൗചിത്യവും അസ്വസ്ഥതയും ഗുരു എപ്പോഴും പ്രകടിപ്പിച്ചു. സിലോണിൽവെച്ച് ശിഷ്യ൪ ഇറ്റലിയിൽ തീ൪ത്ത ഗുരുപ്രതിമ കാട്ടിയപ്പോൾ ‘കൊള്ളാമല്ലോ, ഭക്ഷണമൊന്നും കൊടുക്കയും വേണ്ട’ എന്നായിരുന്നു ആ മഹാഭിക്ഷുവിൻെറ പരാമ൪ശം. ഗുരുവരുളിൻെറ ആത്മതേജസ്സ് പ്രചരിപ്പിക്കാൻ വിഗ്രഹമെന്തിനെന്ന് അദ്ദേഹം ദ്യോതിപ്പിച്ചു. തീവണ്ടിയിൽവെച്ച് ഗുരുവിനെ ആദ്യം ബഹുമാനിച്ചയാൾ ‘ജാതിയിൽ എവിടെ വരും’ എന്ന ചോദിച്ചപ്പോൾ ‘കണ്ടാലറിയാത്തത് പറഞ്ഞാലെങ്ങനെയറിയും’ എന്ന് സുസ്മേരവദനായി വളരെ ആഴമുള്ള ചോദ്യമെറിഞ്ഞു. ‘ഈ ‘കണ്ടാലറിയാത്തതിൽ’ കുരുങ്ങിയാണ് ശ്രീശങ്കരൻ ചണ്ഡാലനോട് അന്നു വഴിമാറാൻ പറഞ്ഞത്. ‘രണ്ടായി കാണൽ എന്ന ഇണ്ടലിൽ’നിന്നും മോചിതനായിരുന്നു ജീവന്മുക്തനായ ഗുരു.
ശിവലിംഗം പ്രതിഷ്ഠിച്ച് ശിവതത്ത്വമാവിഷ്കരിച്ച ഗുരു പിന്നെ വിദ്യാദേവിയുടെ ഉപാസകനായി. അറിവിൻെറ ഉപാസനയിൽ പാടെ മുഴുകിയതോടെ പ്രതിഷ്ഠയിലും ശിൽപത്തിലും നൂതനമായ ആശയങ്ങൾ പുല൪ത്തി. ആത്മനിഷ്ഠവും അദൈ്വതരൂപവുമായ കണ്ണാടിയും ‘സത്യം, കരുണ, ദയ, ധ൪മം’ എന്നതും ആരാധനാമൂ൪ത്തികളാക്കി. ഈ വിഗ്രഹഭഞ്ജകൻെറ വിഗ്രഹം പലരൂപത്തിൽ പിന്നീട് ആവിഷ്കരിക്കപ്പെട്ടെങ്കിലും ആത്യന്തികമായി അറിവിൻെറ -മനുഷ്യചേതനയുടെയും പ്രപഞ്ചസത്യത്തിൻെറയും അന്തസ്സത്തയുടെ-ഉപാസകനായിരുന്നു ഗുരു. അഭേദ്യമായ ആ ഏകതയായിരുന്നു ഗുരുവിൻെറ നിരന്തര ധ്യാനം.
ലോകം കണ്ട ഭേദചിന്തയുടെ ഏറ്റവും വലിയ നിരാകരണത്തിൻെറ തുടക്കമെന്ന നിലക്കാണ് ഗുരുവിൻെറ അരുവിപ്പുറം പ്രതിഷ്ഠ ചരിത്രമാകുന്നത്. ഗുരുചിന്തയുടെ 125 വ൪ഷം സംഗതമാവുന്നതും ഭേദചിന്തയെ യുക്തികൊണ്ട് നിരാകരിച്ച ഒരു ജനതയായി കേരളീയ൪ ഒട്ടൊക്കെ മാറി എന്നതിലാണ്. അതാണ് കേരളത്തിൻെറ തനത് ‘നെയ്യാറ്റിൻ നദീതട’ സംസ്കാരം. സനാതനയിലേക്ക് നമ്മെ മടക്കിയ അദൈ്വതത്തിൻെറ മനുഷ്യാവിഷ്കാരമായിരുന്നു ഗുരുദേവൻ. ദുഷിച്ചുപോയ ഒരു സംസ്കൃതിയെ വീണ്ടെടുത്ത മഥനമാണ് കുംഭമാസ ശിവരാത്രിയിൽ 125 വ൪ഷം മുമ്പ് ആ ‘ജ്ഞാനക൪മി’ ചെയ്തത്. അതിൻെറ പുണ്യമാണ് ഇന്നത്തെ കേരളീയ സമൂഹം.

(കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സ൪വകലാശാല വൈസ് ചാൻസലറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story