Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും വഷളാവുന്ന...

വീണ്ടും വഷളാവുന്ന യു.പി

text_fields
bookmark_border
വീണ്ടും വഷളാവുന്ന യു.പി
cancel

പ്രായത്തിൻെറ പ്രസരിപ്പും ജനാംഗീകാരവും കൈമുതലാക്കി മികച്ച നേതാവായി വളരുമെന്ന് കരുതിയവരെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് നിരാശപ്പെടുത്തുകയാണ്. മുലായംസിങ് ഒരിക്കൽ നേടിയെടുത്ത സ്വീകാര്യതയെ കടത്തിവെട്ടിയാണ് 10 മാസം മുമ്പ് മകൻ മുഖ്യമന്ത്രിയായത്. രാഹുലിനെ മുന്നിൽനി൪ത്തി യു.പിയിൽ കളിക്കുന്ന കോൺഗ്രസിനും അഖിലേഷിൻെറ സ്വീകാര്യത വെല്ലുവിളിയായിരുന്നു. മകനൊപ്പം പാ൪ട്ടിക്കാ൪ നിലയുറപ്പിക്കുന്നതു കണ്ട മുലായത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിപദ മോഹങ്ങൾ മാറ്റിവെക്കേണ്ടിവന്നു. പയ്യൻ എന്തെങ്കിലുമൊക്കെ മാറ്റം ഉണ്ടാക്കുമെന്ന വികാരത്തോടെയാണ് ജനം യുവമുഖ്യമന്ത്രിയെ കണ്ടത്. പക്ഷേ, 10 മാസം പിന്നിട്ടപ്പോഴത്തെ സ്ഥിതി അതല്ല. ഭരണത്തിൽ മുലായമിൻെറയും കുടുംബക്കാരുടെയും പിൻസീറ്റ് ഡ്രൈവിങ്. ഓഹരിയും വീതംവെപ്പുമൊക്കെയായി ഖജനാവ് മുഖ്യമന്ത്രിയറിയാതെ ചോ൪ത്തുന്നു. ക്രമസമാധാനം വലിയ പ്രശ്നമായി മാറിയ ഗുരുതരമായ സാമൂഹികാന്തരീക്ഷത്തിലേക്ക് യു.പി വീണ്ടും എടുത്തെറിയപ്പെട്ടിരിക്കുന്നു.
യു.പിയുടേത് ക്രിമിനൽ രാഷ്ട്രീയമാണ്. എന്നാൽ, ഗുണ്ടകളുടെ പിടിയിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്നായിരുന്നു അഖിലേഷിൻെറ ആദ്യ വാഗ്ദാനം. അതു പൊളിഞ്ഞു. പഴയ കുതിരകളുടെ സമ്മ൪ദത്തിൽ ക്രിമിനലുകൾ വരെ മന്ത്രിസഭയിലെത്തി. പ്രതാപ്ഗഢിൽനിന്നുള്ള ജനപ്രതിനിധിയും അധോലോക നേതാവുമായ രാജാഭയ്യ എന്ന രഘുരാജ് പ്രതാപ്സിങ് മന്ത്രിസഭയിൽ ജയിൽ-പൊതുവിതരണ മന്ത്രിയായി എത്തിയതിൽ തുടങ്ങിയതാണ് പ്രത്യക്ഷമായ പാളിച്ചകൾ. മേൽജാതിക്കാരും ജന്മികളുമായ ഠാക്കൂ൪മാരെ സന്തോഷിപ്പിക്കാനുള്ള സമാജ്വാദി പാ൪ട്ടിയുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് 46കാരനായ രാജാഭയ്യയെ വീണ്ടുമൊരിക്കൽക്കൂടി മന്ത്രിസഭയിൽ എത്തിച്ചത്. ക്രമസമാധാനം തക൪ന്ന് ക്രിമിനൽ വാഴ്ചയിലേക്ക് ഉത്ത൪പ്രദേശ് കൂപ്പുകുത്തിയ കഴിഞ്ഞ മുലായം മന്ത്രിസഭയുടെ കാലത്ത് രാജാഭയ്യ മന്ത്രിയായിരുന്നു. ബി.ജെ.പി നേതാവ് കല്യാൺസിങ്ങിൻെറ മന്ത്രിസഭയിലായിരുന്നു കന്നിപ്രവേശം. സി.ബി.ഐ അന്വേഷണം നടക്കുന്ന രണ്ടു കേസുകളിലടക്കം, 45 കേസുകളിൽ കുറ്റാരോപിതനായി നിൽക്കുന്ന സമയത്താണ്, കഴിഞ്ഞവ൪ഷം രാജാഭയ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
നിസ്സഹായരും നിരക്ഷരരുമായ ഗ്രാമീണരെ അടക്കിവാഴുന്ന ജന്മിയും മാഫിയ സംഘത്തലവനുമായ രാജാഭയ്യക്കും കൂട്ടാളികൾക്കും സ്വദേശമായ കുണ്ട അടക്കം പ്രതാപ്ഗഢ് മണ്ഡലത്തിലെ സാമുദായിക അന്തരീക്ഷം കലക്കുന്നതിൽ വലിയ പങ്കുണ്ട്. ഇതൊക്കെ ബോധ്യമുണ്ടായിട്ടും, അയാളെ മാറ്റിനി൪ത്താൻ സമാജ്വാദി പാ൪ട്ടി നേതൃത്വത്തിന് കഴിയാതെ പോകുന്നതാണ് ഠാക്കൂ൪മാരുടെ വിജയം. ബി.ജെ.പിയുടെ വോട്ട൪മാരായ സവ൪ണരിൽ പ്രമാണികളായ ഠാക്കൂ൪മാരെ മുലായം സ്വാധീനിക്കുന്നത് രാജാഭയ്യയെയും മറ്റും ഉപയോഗിച്ചാണ്. മറുവശത്ത് രാജാഭയ്യയുടെ ഭരണ ദു$സ്വാധീനവും വ൪ഗീയമായ ചെയ്തികളും അതുവഴി സൃഷ്ടിക്കപ്പെടുന്ന കലാപാന്തരീക്ഷവും പ്രതാപ്ഗഢിന് കുപ്രസിദ്ധി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഈ മാസം രണ്ടിനാണ് അത്തരത്തിൽ ഏറ്റവും പുതിയത് നടന്നത്.
രാജാഭയ്യയുടെ കണ്ണിലെ കരടായ ബലിപ്പൂരിലെ ഗ്രാമമുഖ്യൻ നാനെ യാദവിനെ തട്ടുകടയിൽ ചായകുടിക്കുന്നതിനിടയിൽ അജ്ഞാതരായ ആറംഗ സംഘമെത്തി വെടിവെച്ചു കൊന്നു. രോഷാകുലരായ ജനക്കൂട്ടം പല വീടുകൾക്കും തീവെച്ചു. അതിനിടയിൽ ഗ്രാമമുഖ്യൻെറ സഹോദരനും കൊല്ലപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ ഡിവൈ.എസ്.പി സിയാഉൽ ഹഖിനെ സ൪വീസ് റിവോൾവ൪ പിടിച്ചുവാങ്ങി വെടിവെച്ചുകൊന്നു. കൂട്ടത്തിലുണ്ടായിരുന്ന പൊലീസുകാ൪ തക്കംനോക്കി കടന്നുകളഞ്ഞു. ഇതെല്ലാം രാജാഭയ്യയുടെ കൂട്ടാളികളുടെ ഒത്തുകളിയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞ ജൂണിൽ അസ്താൻ എന്ന ഗ്രാമത്തിലുണ്ടായ വ൪ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് റിപ്പോ൪ട്ട് സമ൪പ്പിക്കേണ്ട സമയമടുത്തപ്പോൾ വെടിയേറ്റു മരിച്ചത്. 60ഓളം മുസ്ലിം വീടുകൾ തീവെച്ച ഈ കലാപത്തിൽ രാജാഭയ്യയുടെ പങ്കാളിത്തം മിക്കവാറും വ്യക്തമായിരുന്നു. വൻതോതിൽ നടക്കുന്ന അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതും രാജാഭയ്യയെ രോഷാകുലനാക്കിയിരുന്നു.
തെരഞ്ഞെടുപ്പു നേരത്ത് സമാജ്വാദി പാ൪ട്ടിയെ പ്രധാനമായും സഹായിച്ചുപോരുന്ന മുസ്ലിംകൾക്കിടയിൽ സിയാഉൽ ഹഖിൻെറ കൊലപാതകത്തെ തുട൪ന്ന് ആളിപ്പട൪ന്ന ജനരോഷം അവഗണിക്കാൻ, രാജാഭയ്യയെ കൊണ്ടുനടക്കുമ്പോഴും മുലായത്തിനോ അഖിലേഷിനോ കഴിയില്ല. അഖിലേഷ് യാദവ് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻെറ വീട്ടിൽ ഓടിക്കിതച്ചെത്തി വിധവക്കും പിതാവിനും 20 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. രണ്ടുപേ൪ക്കും സ൪ക്കാ൪ ജോലിയും നൽകിക്കഴിഞ്ഞു. പൊലീസ് ഓഫിസറുടെ മരണത്തെക്കുറിച്ച അന്വേഷണം സി.ബി.ഐക്ക് വിട്ടു. നിവൃത്തിയില്ലാതെ രാജാഭയ്യയുടെ രാജി എഴുതിവാങ്ങി. പക്ഷേ, എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തുകഴിഞ്ഞിട്ടും രാജാഭയ്യയെ പൊലീസ് പിടികൂടുകയോ ചോദ്യം ചെയ്യുകപോലുമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, സംസ്ഥാന സ൪ക്കാറിൻെറ നടപടികളിലെ ആത്മാ൪ഥത ജനത്തിനു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയും ചെയ്യുന്നു. സമാജ്വാദി പാ൪ട്ടിയുടെ ഭാവിയിൽ ആപൽക്കരമായ പ്രത്യാഘാതമാണ് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ളത്.
നിരവധി മുസ്ലിം ചെറുപ്പക്കാ൪ ഭീകരതയുടെ പേരിൽ ജയിലിലാക്കപ്പെടുന്നതിനിടയിലാണ് യു.പിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഈ കേസുകളത്രയും പരിശോധിച്ച്, തെറ്റിദ്ധാരണയിൽ പിടികൂടിയ ചെറുപ്പക്കാരെ വിട്ടയക്കുമെന്ന് സമാജ്വാദി പാ൪ട്ടി തെരഞ്ഞെടുപ്പു നേരത്ത് വാഗ്ദാനം ചെയ്തു. അതനുസരിച്ച് ഫൈസാബാദ്, ബറാബാങ്കി, ലഖ്നോ, ഗൊരഖ്പൂ൪, വാരാണസി, റാംപൂ൪ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പുന$പരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. പക്ഷേ, ഈ നീക്കം അട്ടിമറിക്കപ്പെടുകയാണ് പിന്നീടുണ്ടായത്. പ്രതികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സ൪ക്കാ൪ പദ്ധതിയിടുകയാണെന്ന ഹരജി അലഹബാദ് ഹൈകോടതിയിലെത്തി. സ൪ക്കാ൪ നടപടി ഇതോടെ മരവിച്ചുകിടക്കുന്നു.
സത്യപ്രതിജ്ഞ ചെയ്തശേഷം ഏറെ വൈകാതെ വിളിച്ചുകൂട്ടിയ യോഗത്തിൽ, ക്രമസമാധാനം നേരെയാക്കണമെന്നും അതിൽ പിഴവു വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയുണ്ടാവുമെന്നും അഖിലേഷ് തറപ്പിച്ചുപറഞ്ഞിരുന്നു. എന്നാൽ, അഖിലേഷ് അധികാരത്തിൽ വന്ന ശേഷം വ൪ഗീയ വിദ്വേഷത്തിൻെറ സാഹചര്യങ്ങൾ വ൪ധിച്ചിട്ടുണ്ടെന്നാണ് അവിടെനിന്നുള്ള റിപ്പോ൪ട്ടുകൾ. മഥുര, ദുസറെ, ബറേലി എന്നിവിടങ്ങളിലുണ്ടായ ഹിന്ദു-മുസ്ലിം സംഘ൪ഷങ്ങൾ ക൪ഫ്യൂ ഏ൪പ്പെടുത്തുന്നതിലേക്ക് എത്തി. സിയാഉൽ ഹഖിൻെറ കാര്യത്തിലെന്നപോലെ നഷ്ടം സംഭവിച്ചവ൪ക്ക് സഹായം വാരിക്കോരി കൊടുത്ത് പുകയടക്കാനാണ് അഖിലേഷ് ശ്രമിച്ചത്. പക്ഷേ, ധനസഹായത്തിൽ ഒതുങ്ങുന്നതല്ല ഇത്തരം പ്രശ്നങ്ങൾ. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി വ൪ഗീയ സംഘ൪ഷം കുത്തിപ്പൊക്കി മുതലാക്കാൻ ശ്രമം നടത്തുന്നു. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനാണ് അവ൪ ശ്രമിക്കുന്നത്. രാജാഭയ്യ വരെ അതിലെ കരുക്കളാണെന്ന് സംശയിക്കണം.
ക്രമസമാധാനത്തിൽ മാത്രമല്ല പ്രശ്നം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ അഖിലേഷിന് കഴിയുന്നില്ല. കുടുംബത്തിലെ പോരും വ്യവസായി താൽപര്യവുമെല്ലാം തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും പിതാവിൻെറയും ഭാര്യാപിതാവിൻെറയും താൽപര്യങ്ങൾക്കിടയിൽ ഞെരുങ്ങുന്ന മുഖ്യമന്ത്രിയാണിന്ന് അഖിലേഷ് യാദവ്. രണ്ടു പേ൪ക്കുമിടയിൽ അധികാരം ചോ൪ന്നുപോയ മുഖ്യമന്ത്രി. അഖിലേഷിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചപ്പോൾ കുടുംബത്തിനുള്ളിൽ തുടങ്ങിയ കിടമത്സരവും വീതംവെപ്പും പ്രശ്നങ്ങൾ വഷളാക്കുന്നു. സ്വന്തം ടീമിനെത്തന്നെ തെരഞ്ഞെടുക്കാൻ മുലായത്തിൻെറ ഇടപെടൽ മൂലം മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറിയായ സഞ്ജയ് അഗ൪വാളിനെ നിയമിച്ച് ഒറ്റ ദിവസത്തിനുള്ളിൽ മാറ്റേണ്ടിവന്നത് ഉദാഹരണം.
അഖിലേഷിൻെറ നി൪ദേശങ്ങൾക്ക് മുതി൪ന്ന ഉദ്യോഗസ്ഥ൪ വലിയ വിലകൽപിക്കുന്നില്ല. മുലായം തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രതിഷ്ഠിച്ചിട്ടുള്ള അനിതാ സിങ്ങിൻെറ വാക്കുകൾക്കാണ് ഉദ്യോഗസ്ഥ൪ ചെവിയോ൪ക്കുന്നത്. മുലായത്തിൻെറ രണ്ടാം ഭാര്യയായ സാധന ഗുപ്തയുടെ മകൻ പ്രതീക് യാദവ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥിയാകാൻ ഇപ്പോഴേ നീക്കം തുടങ്ങി.
കുടുംബകലഹം മൂത്ത് സ്വന്തംനിലക്കും പാ൪ട്ടിബലത്തിലും ദു൪ബലനായ കരുണാനിധിയുടെ മറ്റൊരു പതിപ്പായി മാറാൻ പോവുകയാണ് മുലായമെന്നാണ് യു.പി ഇപ്പോൾ പറഞ്ഞുതരുന്നത്. ഗണേഷ്കുമാ൪ എന്ന മന്ത്രിക്ക് ബാലകൃഷ്ണപിള്ളയെന്ന പാ൪ട്ടി നേതാവ് പെരുന്തച്ചനായി മാറിയതുപോലെയാണ് അഖിലേഷ്-മുലായം ബന്ധത്തിൻെറ പരിണതി. അതിനിടയിലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ പങ്ക് വഹിക്കാനുള്ള ഉദ്ദേശ്യവുമായി മുലായം കരുനീക്കം നടത്തുന്നത്. ദേശീയതലത്തിൽ പ്രാമാണ്യം കൂടിയാൽ, അധികാര വികേന്ദ്രീകരണത്തിന് കൂടുതൽ സ്കോപ്പുണ്ടെന്ന കുടുംബതാൽപര്യവും അതിൽ അടങ്ങിയിരിക്കുന്നു. ഇതിനെല്ലാമിടയിൽ അഖിലേഷ് എന്ന യുവമുഖ്യമന്ത്രിയും, അദ്ദേഹത്തിൽ വിശ്വാസമ൪പ്പിച്ചുപോയ യു.പിയിലെ വോട്ട൪മാരും കെടുതി അനുഭവിക്കാതെ തരമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story