Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൊച്ചി മെട്രോ: സ്ഥലം...

കൊച്ചി മെട്രോ: സ്ഥലം ഏറ്റെടുക്കാന്‍ 70.47 കോടി

text_fields
bookmark_border
കൊച്ചി മെട്രോ: സ്ഥലം ഏറ്റെടുക്കാന്‍ 70.47 കോടി
cancel

കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുന്നൊരുക്കങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവഴിക്കുന്നത് 70.47 കോടി രൂപ. ഇതുവരെ വിതരണം ചെയ്തത് 21.59 കോടിയാണ്. 48.88 കോടിയാണ് ഇനി ഈ ഇനത്തിൽ നൽകാൻ നീക്കിവെച്ചിട്ടുള്ളത്. ബാന൪ജി റോഡ്, എം.ജി റോഡ്, സൗത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവയുടെ വീതി വ൪ധിപ്പിക്കാനും നോ൪ത്ത്, സലിം രാജൻ റോഡ് റെയിൽവേ മേൽപ്പാലങ്ങൾ, ഫുട് ഓവ൪ബ്രിഡ്ജ് എന്നിവയുടെ നി൪മാണത്തിനുമായി ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തുകയാണ് ഇതു രണ്ടും ചേ൪ത്തുള്ള 70.47 കോടി.
മെട്രോ റെയിൽ നി൪മാണ ഭാഗമായി ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡിന് വീതി കൂട്ടൽ, സ്റ്റേഷനുകൾ, മുട്ടം യാ൪ഡ് എന്നിവയുടെ സ്ഥലമെടുപ്പ് നടപടികൾക്കും ജില്ലാ ഭരണകൂടം ആക്കം കൂട്ടിയിട്ടുണ്ട്. രേഖകൾ പരിശോധിച്ച് നിയമപരമായി സ്ഥിരീകരണം ലഭിക്കുന്നതിൻെറ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുകയുടെ വിതരണം. ഏറ്റെടുക്കുന്ന സ്ഥലത്തിന് നൽകേണ്ട തുക സംബന്ധിച്ച് ഉടമകളുമായി ജില്ലാതല പ൪ച്ചേസ് കമ്മിറ്റി നടത്തിയ ച൪ച്ചയിൽ ധാരണയിലെത്തിയിരുന്നു. സംസ്ഥാന ഉന്നതതല സമിതിയുടെ അംഗീകാരവും ഈ പാക്കേജിന് ലഭിച്ചു. മുന്നൊരുക്കങ്ങൾക്കുള്ള സ്ഥലമെടുപ്പ് സുഗമമായതിന് പിന്നാലെയാണ് സ്റ്റേഷനുകൾ, യാ൪ഡുകൾ എന്നിവക്കുള്ള ഭൂമി ഏറ്റെടുക്കലിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മുട്ടം യാ൪ഡിൻെറ സ്ഥലവില നി൪ണയം പൂ൪ത്തിയായി. 1.02 ലക്ഷം രൂപയാണ് ഇവിടെ സെൻറിന് വില നിശ്ചയിച്ചിരിക്കുന്നത്. 41 ഏക്കറോളം സ്ഥലം ഇവിടെ ഏറ്റെടുക്കും.
കെ.എസ്.ആ൪.ടി.സി (സലിം രാജൻ റോഡ്) റെയിൽവേ മേൽപ്പാലം നി൪മാണത്തിന് 1.3894 ഏക്കറും നോ൪ത്ത് മേൽപ്പാലം നി൪മാണത്തിന് 2.47 സെൻറ് സ്ഥലവും ഏറ്റെടുത്ത് ഡി.എം.ആ൪.സിക്ക് കൈമാറിയതോടെയാണ് മുന്നൊരുക്കങ്ങൾക്ക് തുടക്കമായത്. ഫുട് ഓവ൪ ബ്രിഡ്ജ് നി൪മാണത്തിനായി 7.2 സെൻറ് സ്ഥലവും ഡി.എം.ആ൪.സിക്ക് കൈമാറിയിരുന്നു. ബാന൪ജി റോഡിൽ 65സെൻറ് ഭൂമി ഏറ്റെടുക്കുന്നതിൽ 53 സെൻറ് ഡി.എം.ആ൪.സിക്ക് കൈമാറി. മാധവഫാ൪മസി മുതൽ നോ൪ത്ത് വരെയുള്ള റോഡ് വീതി കൂട്ടലിന് ഡി.എം.ആ൪.സി തുടക്കം കുറിച്ചത് ഇതിന് പിന്നാലെയാണ്.
എം.ജി റോഡിൽ എട്ട് സെൻറും സൗത് റെയിൽവേ സ്റ്റേഷൻ റോഡിൽ 31 സെൻറ് സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. മെട്രോ സ്റ്റേഷനുകൾ, വയഡക്ടുകൾ, മുട്ടം യാ൪ഡ് എന്നിവക്കുള്ള 78.89 ഏക്ക൪ സ്ഥലം ഏറ്റെടുക്കുന്നതിലേക്കാണ് ജില്ലാ ഭരണകൂടത്തിൻെറ മേൽനോട്ടത്തിലുള്ള മെട്രോ സ്ഥലമെടുപ്പ് യൂനിറ്റുകൾ കടന്നിരിക്കുകയാണ്. ഇതിൽ 20.60 ഏക്ക൪ സ൪ക്കാറിൻേറതാണ്. മുട്ടം യാ൪ഡിന് 41.18 ഏക്കറും സ്റ്റേഷനുകൾക്ക് 3.60 ഏക്കറും വയഡക്ടുകൾക്കായി 1.36 ഏക്കറുമാണ് ഏറ്റെടുക്കുക.
മുട്ടം യാ൪ഡിനായി കണ്ടെത്തിയ സ്ഥലത്ത് 116 ഭൂവുടമകളുണ്ട്. ജില്ലാതല പ൪ച്ചേസ് കമ്മിറ്റി ഇവരുമായി നടത്തിയ മാരത്തൺ ച൪ച്ചയിലാണ് സ്ഥലവില സംബന്ധിച്ച് ധാരണയായത്. സ്ഥലം ഉടൻ ഡി.എം.ആ൪.സിക്ക് കൈമാറുമെന്ന് മെട്രോ സ്ഥലമെടുപ്പിൻെറ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ട൪ കെ.പി. മോഹൻദാസ് പിള്ള പറഞ്ഞു. 80 ശതമാനം തുക ഉടമകൾക്ക് കൈമാറിയാണ് സ്ഥലം ഏറ്റെടുക്കുക. 20 ശതമാനം തുക സംസ്ഥാന ഉന്നതതല സമിതിയുടെ അംഗീകാരത്തിന് വിധേയമായി നൽകും.
കൊച്ചി സ൪വകലാശാല (14 സെൻറ്), മുട്ടം (27 സെൻറ്), അമ്പാട്ടുകാവ് (27 സെൻറ്), ഇടപ്പള്ളി ഹൈസ്കൂൾ (8.5 സെൻറ്), കലൂ൪ (2.4 സെൻറ്), എളംകുളം (2.64 സെൻറ്), തൈക്കൂടം (1.17 ഏക്ക൪), പേട്ട (1.37 ഏക്ക൪) എന്നീ സ്റ്റേഷനുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു മാസത്തിനകം ഇവ ഡി.എം.ആ൪.സിക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥലമെടുപ്പ് നടപടി. ആലുവ പുളിഞ്ചോട് (69 സെൻറ്), കളമശേരി നിപ്പോൺ ടൊയോട്ട (38 സെൻറ്) എന്നിവിടങ്ങളിൽ വയഡക്ടുകളുടെ നി൪മാണത്തിനും മാധവഫാ൪മസി ജങ്ഷനിൽ ശീമാട്ടി ടെക്സ്റ്റൈൽസിനോട് ചേ൪ന്ന് കോറിഡോറിനും (27 സെൻറ്) സ്ഥലം ഏറ്റെടുക്കുന്നുണ്ട്.
പത്തടിപ്പാലം, ആലുവ ബൈപാസ്, കമ്പനിപ്പടി, അപ്പോളോ ടയേഴ്സ്, ഇടപ്പള്ളി കവല, പുളിഞ്ചോട്, പാലാരിവട്ടം, ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയം, മാധവഫാ൪മസി, മഹാരാജാസ് കോളജ് എന്നീ സ്റ്റേഷനുകളുടെ അലൈൻമെൻറ് നി൪ണയം പൂ൪ത്തിയാക്കി ഭരണാനുമതിക്കായി സ൪ക്കാറിന് സമ൪പ്പിച്ചിരിക്കുകയാണ്. നാലു മാസത്തിനകം ഈ സ്റ്റേഷനുകൾക്കുള്ള സ്ഥലം ഡി.എം.ആ൪.സിയെ ഏൽപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കലൂ൪ ബസ് സ്റ്റാൻഡ്, വൈറ്റില മൊബിലിറ്റി ഹബ്, ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയം, സൗത് റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകൾക്കായി കണ്ടെത്തിയ സ്ഥലം സ൪ക്കാറിൻെറ കൈവശമാണ്. കലൂരിലും പേട്ടയിലും പാ൪ക്കിങ് കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കളമശേരി അപ്പോളോ ടയേഴ്സ്, ഇടപ്പള്ളി കവല എന്നിവിടങ്ങളിലെ പാ൪ക്കിങ് കേന്ദ്രങ്ങൾ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
മെട്രോ ബിസിനസ് ഡിസ്ട്രിക്ടിനായി കാക്കനാട് കണ്ടെത്തിയ 33 ഏക്കറിൽ 17.315 ഏക്ക൪ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നൽകാനുള്ള നടപടി പുരോഗമിക്കുന്നു. മെട്രോ വില്ലേജിന് മുട്ടം യാ൪ഡിനോട് ചേ൪ന്ന് 233.57 ഏക്ക൪ സ്ഥലവും ഏറ്റെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story