Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവരുന്നൂ കേരളത്തിന്‍െറ...

വരുന്നൂ കേരളത്തിന്‍െറ സചിന്‍

text_fields
bookmark_border
വരുന്നൂ കേരളത്തിന്‍െറ സചിന്‍
cancel

ഗുവാഹതി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിൽനിന്നൊരു താരം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടുന്നത്. 2001ൽ പേസ് ബൗള൪ ടിനു യോഹന്നാനിലൂടെ മലയാളികളുടെ സ്വപ്നം സഫലമായി. താമസിയാതെ മറ്റൊരു പേസ൪ എസ്. ശ്രീശാന്തും ദേശീയ സംഘത്തിൽ സ്ഥാനംപിടിച്ചപ്പോൾ ഒന്നുറപ്പിച്ചു. കേരള താരങ്ങൾക്ക് മുന്നിൽ ഇന്ത്യൻ ടീമിൻെറ വാതിൽ കൊട്ടിയടച്ചിട്ടില്ല. ആ പട്ടികയിലെ മൂന്നാമനാവാൻ അവസരം കാത്ത് ഒരാൾ നേട്ടങ്ങളിലേക്ക് ബാറ്റ് വീശുകയാണിപ്പോൾ. കേരളത്തിൻെറ യുവനായകൻ സചിൻ ബേബി. ദേവ്ധ൪ ട്രോഫിയിലെ പ്രകടനം ജൂനിയ൪ സചിൻെറ മികവിന് അടിവരയിടുന്നു.
ഏതാനും ഫസ്റ്റ് ക്ളാസ് മത്സരങ്ങളുടെ മാത്രം പരിചയമുള്ള 24കാരന് സംസ്ഥാന ടീമിൻെറ നായകത്വം ഏൽപിച്ചുകൊടുത്തത് ആ മികവിൻെറ പ്രതിഫലമായായിരുന്നു. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളം സെമി ഫൈനലിലെത്തി. വിശാഖപട്ടണത്ത് ആദ്യ കളിയിൽതന്നെ കരുത്തരായ ഹൈദരാബാദിനെ ആറു വിക്കറ്റിന് തറപറ്റിച്ച കേരളം ആന്ധ്രയെയും ഗോവയെയും സമാന മാ൪ജിനിൽ തമിഴ്നാടിനെ അഞ്ച് വിക്കറ്റിനും വീഴ്ത്തിയാണ് ക്വാ൪ട്ട൪ ഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യൻ ജഴ്സിയണിഞ്ഞ യുവരാജ് സിങ്, മൻപ്രീത് സിങ് ഗോണി തുടങ്ങിയവ൪ ഉൾപ്പെട്ട പഞ്ചാബിനെതിരെ 46 റൺസിന് ജയിച്ച് ടീം സെമിയിലുമെത്തി.
കേരളത്തിൻെറ സമീപകാല ചരിത്രത്തിൽ പുതിയ അനുഭവമായിരുന്നു തുട൪ച്ചയായ ഈ വൻവിജയങ്ങൾ. ഇതിന് ചുക്കാൻപിടിച്ചതാവട്ടെ സചിൻ ബേബിയെന്ന നായകനും. ഏഴ് കളികളിൽനിന്നായി 300ഓളം റൺസ് അടിച്ചുകൂട്ടിയ സചിൻെറ പ്രകടനത്തിൽ ഒരു സെഞ്ച്വറിയും രണ്ട് അ൪ധ ശതകങ്ങളുമുണ്ടായിരുന്നു. പഞ്ചാബിനെതിരായ ക്വാ൪ട്ടറിൽ 104 റൺസെടുത്ത് പുറത്താവാതെ നിന്നു. മിക്ക മത്സരങ്ങളിലും ഈ ഇടംകൈയൻ ബാറ്റ്സ്മാൻ പുറത്തായില്ലെന്നതും ശ്രദ്ധേയം. താരത്തിൻെറ ഉജ്ജ്വല ബാറ്റിങ് കണ്ട രാജസ്ഥാൻ റോയൽസ് അധികൃത൪ അദ്ദേഹത്തിന് ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ) അരങ്ങേറ്റത്തിനും വഴിയൊരുക്കി.
ദേവ്ധ൪ ട്രോഫിയിൽ സചിനെക്കൂടാതെ കേരളത്തിൽനിന്ന് സന്ദീപ് വാര്യരും സഞ്ജു വിശ്വനാഥ് സാംസണും ദക്ഷിണമേഖലാ ടീമിലുണ്ടായിരുന്നു. സഞ്ജുവിന് രണ്ട് കളിയിലും പ്ളേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. അണ്ട൪ 19 ഇന്ത്യൻ ടീമിൻെറ ഭാഗമായിരുന്ന സഞ്ജുവിലും മലയാളികൾക്ക് ഏറെ പ്രതീക്ഷയുണ്ട്. ഗുവാഹതിയിൽ നടന്ന ദേവ്ധ൪ ട്രോഫി ക്വാ൪ട്ടറിൽ പൂ൪വമേഖലക്കെതിരെ 11 റൺസിൻെറ ജയവുമായി ദക്ഷിണ മേഖല സെമിയിൽ കടക്കുന്നതിൽ സചിൻ ബേബി പ്രധാന പങ്ക് വഹിച്ചു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഈ മധ്യനിര ബാറ്റ്സ്മാൻ 19 പന്തിൽ 33 റൺസടിച്ച് പുറത്താവാതെ നിന്നു. ചൊവ്വാഴ്ചത്തെ സെമിയിൽ പശ്ചിമ മേഖലക്കെതിരെ 58 റൺസ് നേടി സചിൻ തക൪പ്പൻ പ്രകടനം ആവ൪ത്തിക്കുകയും ചെയ്തു.
1988 ഡിസംബ൪ 18ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സചിൻ ബേബിയുടെ ജനനം. 2009 നവംബറിൽ ആന്ധ്രക്കെതിരെ തലശ്ശേരിയിലായിരുന്നു രഞ്ജി ട്രോഫി അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റിൽ ഇതുവരെ 30 കളികളിൽനിന്നായി 859 റൺസ് സമ്പാദിച്ചു.
മാ൪ച്ച് 17ന് ഷിമോഗയിൽ തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിച്ച് ഇറങ്ങാനൊരുങ്ങുകയാണ് സചിൻ ബേബി. പിന്നാലെ ഏപ്രിൽ ആദ്യവാരം ഐ.പി.എൽ ആറാം സീസൺ തുടങ്ങുകയായി. രാഹുൽ ദ്രാവിഡിന് കീഴിൽ രാജസ്ഥാന് വേണ്ടി ഇറങ്ങുന്ന സചിൻ വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാവാൻ പ്രാ൪ഥനയോടെ കാത്തിരിക്കുകയാണ് കായിക കേരളം. അപ്പോൾ ആ നീല ജഴ്സിയിൽ രണ്ട് സചിൻമാരുണ്ടാവും, മാസ്റ്റ൪ ബ്ളാസ്റ്റ൪ സചിൻ ടെണ്ടുൽകറും ഈ സചിൻ രണ്ടാമനും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story