പന്നിയങ്കര അക്രമം: അക്രമികള്‍ക്കായി ഊര്‍ജിത തിരച്ചില്‍
text_fieldsകോഴിക്കോട്: പൊലീസിൻെറ വാഹനപരിശോധനക്കിടെ തിരുവണ്ണൂരിൽ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചതിനെ തുട൪ന്ന് പന്നിയങ്കര, തിരുവണ്ണൂ൪, നല്ലളം മേഖലയിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികൾക്കായി ഊ൪ജിത തിരച്ചിൽ. ചൊവ്വാഴ്ച ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും അക്രമത്തിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. അക്രമസംഭവങ്ങളിലായി മുന്നൂറോളം പേ൪ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ 18 പേരേ അറസ്റ്റിലായിട്ടുള്ളൂ.
ഞായറാഴ്ച രാത്രി നല്ലളം പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് മണൽ മാഫിയയുടെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൊബൈൽ ഫോണിലും മറ്റും ചിത്രീകരിച്ച ഫോട്ടോകൾ പരിശോധിച്ചാണ് അക്രമത്തിന് നേതൃത്വം നൽകിയവരെ തിരിച്ചറിഞ്ഞത്. പൊലീസുമായി ഇടക്കിടെ കടവുകളിൽ ഏറ്റുമുട്ടിയവരെയടക്കം തിരിച്ചറിഞ്ഞതായും ഇവ൪ മുങ്ങിയിരിക്കുകയാണെന്നും നല്ലളം പൊലീസ് പറഞ്ഞു.
പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുവണ്ണൂരിൽ സ്ഥിരം ശല്യക്കാരായ ചില യുവാക്കൾ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകളെ കമൻറടിക്കുന്ന ഇവ൪ക്കെതിരെ പന്നിയങ്കര എസ്.ഐ അനിൽകുമാറിൻെറ നേതൃത്വത്തിൽ ക൪ശന നടപടി സ്വീകരിച്ചിരുന്നു. ഇതിൻെറ വിദ്വേഷത്തിൽ യുവാക്കൾ സംഘടിച്ച് അക്രമത്തിന് നേതൃത്വം നൽകിയതായി വീഡിയോ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
അക്രമികളിൽ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി, മുസ്ലിംലീഗ്, എൻ.ഡി.എഫ് തുടങ്ങി എല്ലാ രാഷ്ട്രീയ പാ൪ട്ടികളിൽപെട്ടവരുമുണ്ട്. മൊബൈലിൽ സന്ദേശം നൽകി ജില്ലാ അതി൪ത്തിയിലുള്ളവരെപ്പോലും വിളിച്ചുവരുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. ഇതുവരെ അറസ്റ്റിലായവരിൽ പന്നിയങ്കര സ്വദേശികളാരും ഇല്ലെന്നും അക്രമത്തിന് പിന്നിൽ ചിലരുടെ ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറയുന്നു. ഇടത് യുവജന പാ൪ട്ടിയുടെ പ്രാദേശിക നേതാവിൻെറ നേതൃത്വത്തിൽ ജനക്കൂട്ടത്തെ പൊലീസിനെതിരെ തിരിച്ചുവിട്ടതിൻെറ വീഡിയോദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.