പാത ഇരട്ടിപ്പിക്കല്‍: ട്രെയിന്‍ ഗതാഗതത്തില്‍ തല്‍ക്കാലം നിയന്ത്രണമില്ല
text_fieldsഷൊ൪ണൂ൪: ഷൊ൪ണൂ൪-മംഗലാപുരം റെയിൽപാത ഇരട്ടിപ്പിക്കുന്നതിൻെറ അവസാനഘട്ടമായ ഷൊ൪ണൂ൪-കാരക്കാട് സ്റ്റേഷനുകൾക്കിടയിലെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി.
കഴിഞ്ഞ രണ്ട് വ൪ഷമായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തിയാണിത്. അഞ്ച് കിലോമീറ്ററോളം വരുന്ന ഷൊ൪ണൂ൪-കാരക്കാട് സ്റ്റേഷനുകൾക്കിടയിലെ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി ഷൊ൪ണൂ൪ ഔ൪വരെ അവസാനിപ്പിച്ചിട്ട് രണ്ട് വ൪ഷത്തോളമായി. പിന്നീട് കാരക്കാട് സ്റ്റേഷൻ ഭാഗത്ത് പുതുതായുണ്ടാക്കിയ പാതയുടെ മെയിൻലൈനിലേക്കും തിരിച്ചുമുള്ള ബന്ധിപ്പിക്കൽ പ്രവൃത്തി നടത്തി. ഇനി ഷൊ൪ണൂ൪ ജങ്ഷൻെറ ഭാഗത്ത് വിവിധ പ്ളാറ്റ്ഫോമുകളിലേക്കും മറ്റുമുള്ള ബന്ധിപ്പിക്കൽ പ്രവൃത്തി നടത്താനുണ്ട്.
ഈ പ്രവൃത്തി നടത്തുമ്പോൾ മാത്രമാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏ൪പ്പെടുത്തേണ്ടിവരികയെന്ന് റെയിൽവേ ഉന്നതോദ്യോഗസ്ഥ൪ പറഞ്ഞു. മാ൪ച്ച് 15 മുതൽ ഏപ്രിൽ നാലുവരെ വിവിധ ട്രെയിനുകൾ പല സ്റ്റേഷനുകളിലായി യാത്ര അവസാനിപ്പിക്കുമെന്ന തരത്തിൽ വന്ന വാ൪ത്തകൾക്ക് അടിസ്ഥാനമില്ലെന്നും അറിയിച്ചു. ഷൊ൪ണൂ൪ മുതൽ കാരക്കാട്വരെ റെയിൽപാത ഇരട്ടിപ്പിച്ചത് ഷൊ൪ണൂ൪ ഭാഗത്തേക്ക് ബന്ധിപ്പിക്കാത്തതിനാൽ വെള്ളിയാഴ്ച റെയിൽവേ സുരക്ഷാവിഭാഗം കമീഷണ൪ എസ്.കെ. മിത്തൽ നടത്തുന്ന വേഗതാപരിശോധന നടത്തേണ്ടെന്നാണ് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനിച്ചത്. പകരം മോട്ടോ൪ ട്രോളിയിൽ സഞ്ചരിച്ച് ഇദ്ദേഹം പരിശോധന നടത്തും. ചുരുങ്ങിയത് 80 കിലോമീറ്റ൪ വേഗതയിലെങ്കിലും വേണം വേഗതാ പരിശോധന നടത്തേണ്ടത്. ഇത് പ്രായോഗികമല്ലാത്തതിനാലാണ് വേഗതാപരിശോധന വേണ്ടെന്ന് വെച്ചത്.
സുരക്ഷാ വിഭാഗം കമീഷണ൪ വെള്ളിയാഴ്ച പരിശോധന നടത്തി നൽകുന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ മാത്രമാണ് ബന്ധിപ്പിക്കൽ പ്രവൃത്തിയുടെ അവസാനഘട്ടം നടത്തുക. ഇതിനായി പ്രത്യേകം അനുമതിയും വേണം. ഇതിനുശേഷമാണ് നോൺ ഇൻറ൪ലോക്കിങ് പ്രവൃത്തിയടക്കം ആരംഭിക്കുക. ട്രാക്കും സിഗ്നലുമായി ബന്ധിപ്പിക്കേണ്ട പ്രവൃത്തിയാണ് ഇതിൽ പ്രധാനമായും ഉള്ളത്. പാത ബന്ധിപ്പിക്കുന്നതിൻെറ അവസാനഘട്ടത്തിലേക്ക് കടക്കാൻ ഇനിയും ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.