പാസ്പോര്‍ട്ട് കേസ്: ഡിവൈ.എസ്.പിക്ക് എതിരെ നടപടിയുണ്ടായില്ല
text_fieldsമലപ്പുറം: പാസ്പോ൪ട്ടിൽ ജനനതീയതി തിരുത്തിയതിന് കരിപ്പൂ൪ വിമാനത്താവളത്തിൽ പിടിയിലായവരിൽനിന്ന് വൻതുക കൈക്കൂലി വാങ്ങിയതായി ആരോപണമുയ൪ന്ന മലപ്പുറം ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പിക്കെതിരെ നടപടിയുണ്ടായില്ല. അതിനിടെ, സസ്പെൻഷനിലായിരുന്ന രണ്ട് പൊലീസുകാരെ സ൪വീസിൽ തിരിച്ചെടുക്കുകയും ചെയ്തു.
ക്രൈം ഡിറ്റാച്ച്മെൻറിലെ പൊലീസുകാരായ മോഹനൻ, പത്മനാഭൻ എന്ന പപ്പൻ എന്നിവരെയാണ് തിരിച്ചെടുത്തത്. പരാതിയെത്തുട൪ന്ന് ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല നടപടിക്കും വിജിലൻസ് അന്വേഷണത്തിനും ജില്ലാ പൊലീസ് സൂപ്രണ്ട് ഡി.ജി.പിക്ക് ശിപാ൪ശ നൽകിയിരുന്നു. എന്നാൽ, ഭരണസ്വാധീനത്തെത്തുട൪ന്ന് നടപടി ഒഴിവാക്കിയെന്നാണ് സൂചന.
കഴിഞ്ഞ ഒക്ടോബ൪ 14ന് മലപ്പുറത്ത് മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച ഇരകളുടെ സംഗമത്തിലാണ് പാസ്പോ൪ട്ട് കേസിൽ കുടുങ്ങിയവ൪ പൊലീസ് പീഡനത്തിൻെറ കഥ വെളിപ്പെടുത്തിയത്. ഡിവൈ.എസ്.പിയടക്കമുള്ള ഉദ്യോഗസ്ഥ൪ കേസിൽനിന്ന് ഒഴിവാകാൻ 10,000 മുതൽ 35,000 രൂപവരെ കൈക്കൂലി വാങ്ങിയതായി ഇരകൾ ആരോപിച്ചിരുന്നു. ക്രൈംഡിറ്റാച്ച്മെൻറ്, കരിപ്പൂ൪ എമിഗ്രേഷൻ ഉദ്യോഗസ്ഥ൪ക്കെതിരെയായിരുന്നു ആരോപണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂ൪, പാലക്കാട് ജില്ലകളിലെ നൂറിലധികം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. സംഭവം വിവാദമായതിനെത്തുട൪ന്ന് മലപ്പുറം എസ്.പി ഇരകളിൽനിന്ന് പരാതി എഴുതിവാങ്ങുകയായിരുന്നു.
എന്നാൽ, ഡിവൈ.എസ്.പി ഇതേ ഓഫിസിൽ തുടരുകയാണ്. വിജിലൻസ് അന്വേഷണം വേണമെന്ന ശിപാ൪ശക്കും ആഭ്യന്തരവകുപ്പ് വിലകൽപ്പിച്ചില്ല. കരിപ്പൂ൪ എമിഗ്രേഷൻ ഡിവൈ.എസ്.പിയടക്കമുള്ള ഉദ്യോഗസ്ഥ൪ക്കെതിരെയും ആരോപണമുയ൪ന്നിരുന്നു. ഇവയിലും ഗൗരവമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് ഇരകൾ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.