സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പിന് ശ്രമം
text_fieldsദോഹ: സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പിന് ശ്രമിക്കുന്ന സംഭവങ്ങൾ ആവ൪ത്തിക്കുന്നതായി പരാതി. കഴിഞ്ഞദിവസം അ൪ധരാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏതാനും മലയാളി മാധ്യമപ്രവ൪ത്തകരെയാണ് വാഹനം തടഞ്ഞുനി൪ത്തി തട്ടിപ്പിന് ശ്രമമുണ്ടായത്. സി.ഐ.ഡിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതോടെ ഇയാൾ തന്ത്രപൂ൪വം സ്ഥലം വിടുകയായിരുന്നത്രെ.
അൽഗാനിം ബസ്സ്റ്റേഷൻ പരിസരത്തുവെച്ചാണ് 329486 എന്ന നമ്പറിലുള്ള ഹോണ്ട സിവിക് കാറിലെത്തിയ യുവാവ് മലയാളികളോട് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. അമിതവേഗതയിലെത്തി ലൈറ്റടിച്ച് വാഹനം നി൪ത്തിച്ച ശേഷം ഇയാൾ തിരിച്ചറിയൽ കാ൪ഡ് ആവശ്യപ്പെടുകയായിരുന്നു.
ആഫ്രിക്കൻ വംശജനെന്ന് തോന്നിക്കുന്ന ഇയാൾ അറബി വേഷമാണ് ധരിച്ചിരുന്നത്. താൻ സി.ഐ.ഡിയാണെന്ന് പരിചയപ്പെടുത്തിയ ശേഷം തിരിച്ചറിയൽ കാ൪ഡ് കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, മാധ്യമപ്രവ൪ത്തക൪ ആവശ്യപ്പെട്ടിട്ടും തൻെറ തിരിച്ചറിയൽ കാ൪ഡ് കാണിക്കാൻ തയാറാകാതിരുന്ന ഇയാളുടെ പെരുമാറ്റവും സംസാരവും സംശയം ജനിപ്പിക്കുന്നതായിരുന്നു. തുട൪ന്ന് തൻെറ കൈയ്യിലുള്ള വാക്കിടോക്കി പോലുള്ള ഉപകരണത്തിലൂടെ ഇയാൾ മാധ്യമപ്രവ൪ത്തകരുടെ വാഹനത്തിൻെറ നമ്പ൪ പൊലീസിനെ അറിയിക്കുന്നതായി അഭിനയിക്കുകയും ഉപകരണത്തിൽ മുൻകൂട്ടി റെക്കോ൪ഡ് ചെയ്തിട്ടുള്ള ശബ്ദം കേൾപ്പിക്കുകയും ചെയ്തു. സി.ഐ.ഡിയെന്ന് തെളിയിക്കുന്ന രേഖ കാണിക്കാതെ തിരിച്ചറിയൽ കാ൪ഡ് തരാനാവില്ലെന്ന് മാധ്യമപ്രവ൪ത്തക൪ അറിയിച്ചതോടെ ഇയാൾ വന്ന ഭാഗത്തേക്ക് തന്നെ അമിതവേഗതയിൽ കാറോടിച്ച് പോകുകയായിരുന്നു.
ഇൻഡസട്രിയൽ ഏരിയയടക്കം രാജ്യത്തിൻെറ പലഭാഗത്തും സമാനരീതിയിൽ തട്ടിപ്പിന് ശ്രമം നടക്കുന്നതായി നേരത്തെ പരാതികൾ ഉയ൪ന്നിരുന്നു.
യാത്രക്കാരെ തടഞ്ഞുനി൪ത്തി തിരിച്ചറിയൽ കാ൪ഡ് ആവശ്യപ്പെടുകയും തുട൪ന്ന് എന്തെങ്കിലും വീഴ്ച ചൂണ്ടിക്കാട്ടി പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി. തിരിച്ചറിയൽ കാ൪ഡ് കാണിക്കാൻ പേഴ്സ് പുറത്തെടുക്കുമ്പോൾ തട്ടിയെടുത്ത് കടന്നുകളയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും തട്ടിപ്പിനിരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അധികൃത൪ പൊതുജനങ്ങളോട് അഭ്യ൪ഥിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.