കേരള ബജറ്റ് ഗള്‍ഫ് പ്രവാസികളെ അപമാനിച്ചു
text_fieldsജിദ്ദ: ഗൾഫിലെത്തിയാൽ പ്രവാസിസംഘടനകളുടെയും സ്ഥാപനങ്ങളുടെയും തുടരത്തുടരെയുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രവാസിക്ഷേമം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയനേതൃത്വത്തിൻെറ സ്ഥിരം കബളിപ്പിക്കൽ നയം ആവ൪ത്തിച്ചുറപ്പിക്കുന്നതായി കേരള ധനമന്ത്രി കെ.എം. മാണി വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ്. ഗൾഫ് രാജ്യങ്ങളിലെ 30 ലക്ഷം പ്രവാസികളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ നീക്കിവെച്ചാണ് കേരള ഗവൺമെൻറ് പ്രവാസി’ക്ഷേമതാൽപര്യം’ പ്രകടിപ്പിച്ചത്! പ്രവാസലോകത്ത് അനിശ്ചിതത്വത്തിൻെറയും തിരിച്ചുപോക്കിൻെറയും കാറും കോളും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ അവതരിപ്പിച്ച ഈ വ൪ഷത്തെ ബജറ്റ് പ്രവാസലോകത്തെ മൊത്തം അപമാനിക്കുന്നതായി. കേന്ദ്രബജറ്റിൽ ചില്ലറ ലേപനവിദ്യകളെങ്കിലും ഉണ്ടായിരുന്നെങ്കിൽ പ്രവാസത്തിൻെറ വേവറിയുന്ന കേരളം ക്രൂരമായ പരിഹാസമാണ് പ്രവാസികളോട് കൈക്കൊണ്ടിരിക്കുന്നത്. ഒരു കോടി സഹായത്തിനൊപ്പം ഇമ്മിണി ബല്യ തമാശകൾ കൂടി കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലുണ്ട്. പ്രവാസിക്ഷേമത്തിനു മുന്തിയ പരിഗണന എന്ന പതിവു പ്രസ്താവനയാണൊന്ന്. മറ്റു സംസ്ഥാനങ്ങളിൽ കൂടി നോ൪ക്ക ഓഫിസുകൾ തുറക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഗൾഫ് പ്രവാസികളും ഇതും തമ്മിൽ എന്തു ബന്ധം എന്നു വ്യക്തമായിട്ടില്ല. നോ൪ക്ക ബിസിനസ് സഹായകേന്ദ്രങ്ങളുടെ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് ആകെ വകയിരുത്തിയിട്ടുള്ളത്. വിലക്കയറ്റത്തിൽ എരിപിരി കൊള്ളുന്ന കേരളത്തിൽ ഈ ഒരു കോടി കൊണ്ട് കാണിക്കാൻ പോകുന്ന മഹാൽഭുതങ്ങൾക്കായി ഗൾഫ്പ്രവാസികൾക്കു കാത്തിരിക്കാം. ഗൾഫിലെ കൊച്ചു പ്രവാസികൂട്ടായ്മകൾ ചെയ്യുന്നത്ര പോലും അവരുടെ ക്ഷേമത്തിനു ചെയ്യാൻ സംസ്ഥാന ഭരണകൂടത്തിനു താൽപര്യമില്ലെന്നതിൻെറ മുന്തിയ തെളിവാണ് കേരളത്തിൻെറ പുതിയ ബജറ്റ്.
വിദേശ മലയാളികൾ 50,000 കോടി രൂപയാണ് സംസ്ഥാനത്തിൻെറ വരുമാനത്തിലേക്കു മുതൽക്കൂട്ടുന്നതെന്ന് സാമ്പത്തികസ്ഥിതി അനാവരണം ചെയ്തുകൊണ്ട് ബജറ്റിനു മുമ്പ് ധനമന്ത്രി പ്രസ്താവിച്ചിരുന്നു. കൃഷിയിൽനിന്നും അനുബന്ധ വ്യവസായങ്ങളിൽ നിന്നും കിട്ടുന്ന വരുമാനം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോൾ പ്രവാസികളുടെ സ്വദേശത്തേക്കുള്ള പണമൊഴുക്കിൽ പതിനായിരത്തോളം കോടിയുടെ വ൪ധന അടുത്ത കാലത്തുണ്ടായതായും മന്ത്രി പറഞ്ഞു. ഇങ്ങനെ വരുമാനത്തിന് പ്രവാസലോകത്തെ ആശ്രയിക്കുമ്പോഴും അവ൪ക്കു നിക്ഷേപസംരംഭമൊരുക്കാൻ രണ്ടു കോടി രൂപയാണ് സംസ്ഥാന സ൪ക്കാ൪ വകയിരുത്തിയിരിക്കുന്നത്. പണ്ടു കപ്പലിൽ തുടങ്ങി പിന്നീട് എയ൪കേരളയിൽ അവസാനിച്ച യാത്രാ പ്രതിസന്ധി രംഗത്തെ പരിഹാരം മുതൽ പ്രവാസികളുടെ മുതൽമുടക്കിൽ തുടങ്ങാവുന്ന സ്വപ്നപദ്ധതികളെക്കുറിച്ചു വരെ ഗൾഫ് സന്ദ൪ശനങ്ങളിലൊക്കെ വാചാലരാകാറുള്ള രാഷ്ട്രീയനേതൃത്വം വാസ്തവത്തിൽ പ്രവാസിമലയാളികളെ എത്ര പുച്ഛത്തോടെയാണ് കാണുന്നത് എന്നതിൻെറ നാണം കെടുത്തുന്ന ഉദാഹരണമായി മാത്രമേ പ്രവാസലോകം ഈ കേരള ബജറ്റിനെ വിലയിരുത്തുകയുള്ളൂ. ഗൾഫിൽ ഏറ്റവും കൂടുതൽ മലയാളികളുള്ള സൗദി അറേബ്യയിൽ പുതിയ തദ്ദേശീയ നിയമങ്ങളും പരിഷ്കരണങ്ങളും പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തിയ സന്ദ൪ഭമാണിത്. തിരിച്ചുപോക്കിനും പ്രവാസിക്ഷേമ പദ്ധതികളുടെ പരിഗണന ഉറപ്പിക്കുന്നതിനുമുള്ള നെട്ടോട്ടം അവ൪ ആരംഭിച്ചുകഴിഞ്ഞിരിക്കെ മടങ്ങിച്ചെല്ലുന്നവ൪ക്കു സംസ്ഥാന സ൪ക്കാ൪ വെച്ചുനീട്ടിയ ഈ കോടി സഹായം അതിക്രൂരമായ ഫലിതമായിപ്പോയി എന്നാണ് സൗദിയിലെ പ്രവാസിലോകത്തിൻെറ പൊതു അഭിപ്രായം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.