ബജറ്റില്‍ ജില്ല പുറത്തെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍; യു.ഡി.എഫുകാരുടെ ‘സ്വാഗത’ത്തിനും ഊര്‍ജം പോര
text_fieldsപാലക്കാട്: സംസ്ഥാന ബജറ്റിൽ ജില്ലയുടെ ഇടം പുറത്താണെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ജില്ലയിലെ പ്രതിപക്ഷ എം.എൽ.എമാ൪. ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചെന്ന് പറയുമ്പോഴും ജില്ലയുടെ കാര്യത്തിൽ വേണ്ടത്ര പരിഗണന ഉണ്ടായോയെന്ന് പരിശോധിച്ച് പറയാമെന്ന മട്ടിൽ യു.ഡി.എഫ് നിയമസഭാംഗങ്ങൾ.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണ്ടുള്ള പൊടിക്കൈയല്ലാതെ മറ്റൊന്നും ബജറ്റിലില്ലെന്ന് മലമ്പുഴ മണ്ഡലത്തിൻെറ പ്രതിനിധിയായ വി.എസ്. അച്യുതാനന്ദൻ പ്രതികരിച്ചപ്പോൾ കൊട്ടിഘോഷിച്ച് പറഞ്ഞ മെഡിക്കൽ കോളജിനെക്കുറിച്ച് ഒരു വാക്ക്പോലും ഉരിയാടിയില്ലെന്നായിരുന്നു തരൂരിൻെറ പ്രതിനിധി എ.കെ. ബാലൻെറ പരാതി. ജില്ലയെയും മണ്ഡലത്തെയും സംബന്ധിച്ച് ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്നാണ് ആലത്തൂ൪ എം.എൽ.എ എം. ചന്ദ്രൻെറയും നെന്മാറയുടെ പ്രതിനിധി വി. ചെന്താമരാക്ഷൻെറയും വിലയിരുത്തൽ. ബജറ്റിൽ എത്ര പരതിയിട്ടും കാര്യമായി ഒന്നും കണ്ടില്ലെന്ന് ഇരുവരും പറഞ്ഞു. ഇതേ വിലയിരുത്തലാണ് ഷൊ൪ണൂ൪ എം.എൽ.എ കെ.എസ്. സലീഖയുടേതും.
ടെൻഡ൪ നടപടി പൂ൪ത്തിയായ ഒറ്റപ്പാലം കിൻഫ്ര വ്യവസായ പാ൪ക്ക് പുതിയ പദ്ധതിയായി പ്രഖ്യാപിച്ചതിൻെറ പൊള്ളത്തരമാണ് എം. ഹംസ എം.എൽ.എ ചൂണ്ടിക്കാട്ടുന്നത്. ഇടത് സ൪ക്കാരിൻെറ കാലത്തെ പദ്ധതിയാണിത്. പണി തുടങ്ങാനുള്ള ഘട്ടത്തിലാണിപ്പോൾ. അടിസ്ഥാന മേഖലകളെയൊന്നും സ്പ൪ശിക്കാത്ത നിരാശാജനകമായ ബജറ്റാണെന്ന് കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ് പറഞ്ഞു.
അതേസമയം, ബജറ്റ് ജനക്ഷേമകരമാണെന്ന് പട്ടാമ്പി എം.എൽ.എ സി.പി. മുഹമ്മദ് പറഞ്ഞു. ജില്ലക്കും തരക്കേടില്ലാത്ത പരിഗണനയുണ്ട്. പട്ടാമ്പി താലൂക്ക് ഇത്തവണ പ്രഖ്യാപിക്കുമായിരുന്നു. എന്നാൽ, ‘താലൂക്ക് ആവശ്യക്കാരുടെ’ എണ്ണം കൂടിയത്കൊണ്ട് മാറ്റിവെച്ചതാണ്. ക്രമേണ പരിഗണിക്കും. ആശ്വാസകരമെന്നാണ് മണ്ണാ൪ക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻെറ പ്രതികരണം. അട്ടപ്പാടി മേഖലക്ക് നല്ല പരിഗണന കിട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലക്ക് ഏറ്റവും ഗുണകരമാവുക നെൽക൪ഷകരുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. സംഭരിച്ച നെല്ലിൻെറ വില അപ്പോൾ തന്നെ നൽകാൻ ജില്ലാ സഹകരണ ബാങ്കിൽ രൂപവത്കരിക്കുന്ന റിവോൾവിങ് ഫണ്ടിൽ നിക്ഷേപിക്കും. സംഭരിച്ച നെല്ല് അരിയാക്കാൻ പുതുതായി തുടങ്ങുന്ന അരിമില്ല് സഹായകമാവും. ചെറുകിട ക൪ഷകരുടെ ബാധ്യത എഴുതിത്തള്ളാൻ തുക നീക്കിവെച്ചത് ആശ്വാസകരമാവും. സിന്തറ്റിക് ട്രാക്ക്, വിക്ടോറിയ കോളജ് ഓഡിറ്റോറിയം എന്നിവ ടോക്കൺ പട്ടികയിലിടം പിടിച്ചു. കൽമണ്ഡപം ബസ്സ്റ്റാൻഡ്-കൽവാക്കുളം, കെ.എസ്.ആ൪.ടി.സി-വത്തുണ്ണി, ബി.ഒ.സി-വടക്കന്തറ, ജില്ലാ ആശുപത്രി-ഐ.എം.എ ബൈപാസ്, സിവിൽ സ്റ്റേഷൻ-മണപ്പുള്ളിക്കാവ്, മേലാമുറി-ടൗൺ ബസ്സ്റ്റാൻഡ് റോഡുകൾക്ക് തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.