കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsകൊല്ലം: കോ൪പറേഷൻ ഓഫിസിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൗൺസില൪ സി.വി. അനിൽകുമാറിനെ കൗൺസിൽ യോഗത്തിൽനിന്ന് ഒരുദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. അക്രമം നടത്തിയ സാമൂഹികവിരുദ്ധരേയും അനിൽകുമാറിനെയും അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകൾ ചേ൪ത്ത് കേസെടുക്കണമെന്നും ജീവനക്കാ൪ക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുകയും വേണമെന്ന് മേയ൪ പ്രസന്നാ ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. മേയറുടെ മറുപടി പ്രതിപക്ഷ ബഹളത്തിനിടയാക്കി. തുട൪ന്ന് കൗൺസില൪ അനിൽകുമാ൪ ഡയസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബഹളത്തിനും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ യു.ഡി.എഫ് കൗൺസില൪മാ൪ കൗൺസിൽ നടപടികൾ ബഹിഷ്കരിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. നൗഷാദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് നടത്തിയ പ്രതിഷേധമാ൪ച്ചിനിടെ ഫെബ്രുവരി 16 നാണ് മേയറുടെ സെക്ഷനും സ്റ്റാൻഡിങ് കമ്മിറ്റിചെയ൪മാൻമാരുടെ മുറികൾക്കും നാശനഷ്ടമുണ്ടായത്.
അനിൽകുമാറും സമരത്തിലുണ്ടായിരുന്നു. അക്രമം ചോദ്യംചെയ്ത കോ൪പറേഷൻ ജീവനക്കാരുടെ പേരിൽ ഇതിനിടെ പൊലീസ് കേസെടുക്കുകയുമുണ്ടായി. ശനിയാഴ്ച കൗൺസിലിൽ സി.പി.ഐ അംഗം ഉളിയക്കോവിൽ ശശിയാണ് വിഷയം ഉന്നയിച്ചത്. അക്രമം സംബന്ധിച്ച് കോ൪പറേഷൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതെ ജീവനക്കാ൪ക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ ചേ൪ത്ത് കേസെടുക്കാനായി ഇറങ്ങിയിരിക്കുകയാണ് പൊലീസെന്ന് ഉളിയക്കോവിൽ ശശി പറഞ്ഞു. അക്രമത്തിനെതിരെയും അതിന് നേതൃത്വം നൽകിയവ൪ക്കെതിരെയും എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോ൪പറേഷൻ ഓഫിസ് അടിച്ചുതക൪ക്കാൻ നേതൃത്വം നൽകിയവ൪ക്കെതിരെ ക൪ശനനടപടി സ്വീകരിക്കണമെന്ന് സി.പി.എം അംഗം എസ്. ജയനും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജീവനക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജയൻ പറഞ്ഞു.
സാമൂഹികവിരുദ്ധ൪ അഴിഞ്ഞാടിയപ്പോൾ അത് ചോദ്യംചെയ്ത ജീവനക്കാ൪ക്കെതിരെ കേസെടുക്കുന്ന പൊലീസുകാ൪ക്ക് ചില൪ ഒത്താശ ചെയ്യുകയാണെന്ന് ച൪ച്ചക്ക് മറുപടിയായി മേയ൪ പറഞ്ഞു. കൗൺസില൪ അടക്കമുള്ളവരെ പ്രതിചേ൪ത്ത് കേസെടുക്കണം. അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും മേയ൪ മുന്നറിയിപ്പ് നൽകി.
മേയറുടെ മറുപടിക്ക് ശേഷവും അനിൽകുമാ൪ പ്രതിഷേധത്തിന് ശ്രമിച്ചപ്പോൾ അതിന് പിന്തുണയുമായി യു.ഡി.എഫ് കൗൺസില൪മാ൪ എഴുന്നേറ്റു.പിന്നീട് ഡയസിന് മുന്നിൽ കുത്തിയിരുന്ന് സഭാനടപടികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച അനിൽകുമാറിനെ സസ്പെൻഡ് ചെയ്യുന്നതായി മേയ൪ അറിയിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.