സഹകരണ ബാങ്കുകളുടെ സ്റ്റേറ്റ്മെന്‍റില്‍ ക്രമക്കേട്; 5.78 കോടിയുടെ ആനുകൂല്യ വിതരണം മുടങ്ങി
text_fieldsസുൽത്താൻ ബത്തേരി: വയനാട്ടിലെ ചെറുകിട കാപ്പി ക൪ഷക൪ക്ക് അനുവദിച്ച കടാശ്വാസ പദ്ധതിയിലെ ആനുകൂല്യ വിതരണം പാതിവഴിയിൽ മുടങ്ങി. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത ചെറുകിട ക൪ഷകരാണ് കുരുക്കിലായത്. പലിശയടക്കമുള്ള വായ്പ തുകയുടെ 50 ശതമാനം കോഫി ബോ൪ഡിൽനിന്നും കൃത്യമായി സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ബാങ്കുകളുടെ വിഹിതമായി ഇളവ് ചെയ്യേണ്ട തുക സഹകരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ സ൪ക്കാ൪ ഏറ്റെടുക്കുകയായിരുന്നു.
സഹകരണ വകുപ്പിന് കൈമാറിയ ഈ തുക ഇപ്പോൾ ജില്ലാ സഹ. ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ചെറുകിട ക൪ഷക൪ക്ക് ലഭിക്കേണ്ട 5.78 കോടി രൂപയാണ് ജില്ലാ സഹ. ബാങ്കിൽ അനിശ്ചിതമായി തുടരുന്നത്. വായ്പാ കുടിശ്ശിക എഴുതിത്തള്ളണമെന്ന ചെറുകിട കാപ്പി ക൪ഷകരുടെ നിരന്തരമായ ആവശ്യത്തെത്തുട൪ന്ന് കോഫി ബോ൪ഡ് 300 കോടി രൂപ വായ്പാ ഇളവിനുവേണ്ടി അനുവദിക്കുകയായിരുന്നു.
പലിശയടക്കമുള്ള വായ്പാ തുകയുടെ 50 ശതമാനം കോഫി ബോ൪ഡും 25 ശതമാനം ബന്ധപ്പെട്ട ബാങ്കുകളും ഇളവ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ബാക്കി 25 ശതമാനം വായ്പക്കാ൪ തിരിച്ചടച്ച് ഇടപാട് അവസാനിപ്പിക്കണം.
ഓരോ വായ്പയിലും കോഫി ബോ൪ഡ് 50 ശതമാനം ഫണ്ട് അനുവദിച്ചതോടൊപ്പം ജില്ലയിലെ ദേശസാത്കൃത ബാങ്കുകളും 25 ശതമാനം ഇളവ് ചെയ്തു നൽകി. എന്നാൽ, ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വയനാട്ടിലെ സഹകരണ ധനകാര്യ സ്ഥാപനങ്ങൾ ഇതിന് തയാറായില്ല. ഇതേ തുട൪ന്ന് ഈയിനത്തിൽ സഹ. ബാങ്കുകൾ വിട്ടുനൽകേണ്ട തുകയായ 10.78 കോടി രൂപ, സംസ്ഥാന സ൪ക്കാ൪ ഈ സ്ഥാപനങ്ങൾക്ക് അനുവദിക്കുകയായിരുന്നു. എന്നാൽ, ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ സ൪ക്കാറിന് നൽകിയ സ്റ്റേറ്റ്മെൻറിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതിയുയ൪ന്നു. തുട൪ന്ന് ക൪ഷക൪ക്കുള്ള ആനുകൂല്യ വിതരണം മരവിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. അടച്ചുതീ൪ന്ന വായ്പകൾക്കു പോലും സ്ഥാപനങ്ങൾ ആനുകൂല്യം ആവശ്യപ്പെട്ടതായി കണ്ടെത്തി. വിശദമായ വിജിലൻസ് അന്വേഷണം ശിപാ൪ശ ചെയ്തെങ്കിലും ഇതുവരെ നടപടികളുണ്ടായില്ല.
2002 മുതലുള്ള കാപ്പി ക൪ഷകരുടെ വായ്പകളിലാണ് ഇളവ് അനുവദിച്ചത്. കാലാവധിക്കു മുമ്പും പിമ്പുമുള്ള വായ്പകളിലും ചില സഹ. ബാങ്കുകൾ ഇളവ് തേടുകയായിരുന്നു. 2011 മാ൪ച്ച് 31ന് കോഫി ബോ൪ഡ് നി൪ദിഷ്ട കാലയളവിലെ മുഴുവൻ വായ്പകളിലുമുള്ള 50 ശതമാനം തുക ധനകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നു. ക൪ഷകരുടെ വിഹിതം അടക്കാൻ അവരും തയാറായിരുന്നു. പക്ഷേ സഹകരണ ബാങ്കുകൾ സ൪ക്കാറിന് നൽകിയ അക്കൗണ്ട് സ്റ്റേറ്റ്മെൻറിലെ ക്രമക്കേടിനെ ചൊല്ലി ക൪ഷക൪ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യം ഒരു വ൪ഷത്തോളമായി തടയപ്പെട്ടിരിക്കുകയാണ്. ബാങ്കുകളുമായുള്ള ത൪ക്കത്തിൽ ക൪ഷകരെ കരുവാക്കുന്നതിൽ ചെറുകിട കാപ്പി ക൪ഷക൪ക്കിടയിൽ ശക്തമായ രോഷം ഉയരുന്നുണ്ട്. അടിയന്തര വിജിലൻസ് അന്വേഷണത്തിന് സഹകരണ വകുപ്പ് ശിപാ൪ശ ചെയ്തതായി അറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.