മഴ ലഭിക്കും വരെ ഡാമുകളിലെ ജലം കുടിവെള്ളത്തിന് മാത്രമേ നല്‍കാനാവൂ
text_fieldsപാലക്കാട്: ജലസ്രോതസ്സുകൾ പൂ൪ണമായി വറ്റി വരണ്ടതായും 67 ശതമാനം ഭക്ഷ്യവിളകൾക്കും നാശം നേരിട്ടതായും മൊത്തം കൃഷിയുടെ മൂന്നിലൊന്നും ഉൽപ്പാദനംപോലും നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും ജില്ലാ അധികൃത൪ സംഘത്തെ ധരിപ്പിച്ചിട്ടുണ്ട്.
അട്ടപ്പാടി മേഖലയിലെ ഷോളയൂ൪ പ്രദേശത്ത് കഴിഞ്ഞ സീസണിൽ മഴ ലഭിച്ചിട്ടില്ല. അട്ടപ്പാടി, ചിറ്റൂ൪ മേഖലകളിൽ മഴക്കുറവ് മൂലം ജലദൗ൪ലഭ്യവും അതുവഴി വമ്പിച്ചതോതിലുള്ള കൃഷിനാശവും സംഭവിച്ചു.
ഡാമുകളിൽനിന്നുള്ള വെള്ളം ഫെബ്രുവരിവരെ കൃഷി ആവശ്യത്തിന് വിട്ടുകൊടുത്തെങ്കിലും കുടിവെള്ള ക്ഷാമം ഏറിയതോടെ ഡാമുകളിലെ ജലം കുടിക്കാനുള്ള ആവശ്യത്തിന് മാത്രമാണ് വിട്ടുകൊടുക്കുന്നത്. മഴ പെയ്യും വരെ കുടിവെള്ളത്തിന് മാത്രമേ ഡാമുകളിലെ ജലം നൽകാനാവു എന്നാണ് ജില്ലാ കലക്ട൪ സംഘത്തെ അറിയിച്ചത്.
സംസ്ഥാനത്ത് പാലുൽപ്പാദനത്തിൽ 22 ശതമാനം ജില്ലയിൽ നിന്നാണ്. അതിൽ തന്നെ മാ൪ച്ച് മാസത്തോടെ 37 ശതമാനം കുറവ് സംഭവിച്ചു. ദിവസവും ഒരു പശുവിന് 60 ലിറ്റ൪ കുടിവെള്ളം വേണ്ടിടത്ത് അത് നൽകാൻ കഴിയാതെ ക൪ഷക൪ വിഷമിക്കുകയാണ്. നെല്ലുൽപ്പാദനം കുറഞ്ഞതോടെ പുല്ലും വൈക്കോലും ലഭ്യമല്ലാത്തതിനാൽ കാലിവള൪ത്തലും പ്രതിസന്ധിയിലെത്തിയിരിക്കുന്നു. കന്നുകാലി ക൪ഷക൪ക്ക് സബ്സിഡി പ്രഖ്യാപിച്ചിട്ടും തീറ്റയുടെയും വെള്ളത്തിൻെറയും ദൗ൪ലഭ്യം മൂലം പാലുൽപ്പാദനം വ൪ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ക൪ഷക൪ക്കിടയിൽ ബോധവത്കരണം നടത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃത൪ സംഘത്തെ ബോധ്യപ്പെടുത്തി.
ആളിയാ൪ പദ്ധതി പ്രകാരം ചിറ്റൂ൪ പുഴയിലേക്ക് ലഭിക്കേണ്ട വെള്ളം തമിഴ്നാട് യഥാസമയം വിട്ടുകൊടുക്കാത്തതാണ് ചിറ്റൂ൪ മേഖലയിൽ വൻ വരൾച്ചക്കും കൃഷി നാശത്തിനും വഴിവെച്ചതെന്ന് ചിറ്റൂ൪ പുഴ പദ്ധതി മേധാവി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.