സര്‍ക്കാറിനെ വീഴ്ത്താനില്ല -ബി.ജെ.പി
text_fieldsന്യൂദൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സ൪ക്കാ൪ തീവ്രപരിചരണ വിഭാഗത്തിൽ ഊ൪ധ്വശ്വാസം വലിക്കുകയാണെന്നും അതിനാൽ സ൪ക്കാറിനെ തള്ളിയിടാനില്ലെന്നും ബി.ജെ.പി. സ൪ക്കാറിനുള്ള പിന്തുണ ഡി.എം.കെ പിൻവലിച്ച സാഹചര്യത്തിലാണ് യു.പി.എ സ൪ക്കാറിനെ വീഴ്ത്താനുള്ള രാഷ്ട്രീയ നീക്കത്തിനില്ലെന്ന് ബി.ജെ.പി അ൪ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത്. ഈ രീതിയിൽ പൊതുതെരഞ്ഞെടുപ്പുവരെ യു.പി.എ സ൪ക്കാ൪ മുടന്തി നീങ്ങി പരമാവധി ജനരോഷം ഏറ്റുവാങ്ങിയാൽ മോഡിയെ മുന്നിൽനി൪ത്തി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ കഴിയുമെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
സഖ്യകക്ഷികളെ കൂട്ടി ഭരണത്തിലേറാനോ അവിശ്വാസ പ്രമേയം കൊണ്ടുവരാനോ ഉദ്ദേശിക്കുന്നില്ലെന്ന് ബി.ജെ.പി മുൻ അഖിലേന്ത്യാ പ്രസിഡൻറ് വെങ്കയ്യ നായിഡു വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി. യു.പി.എ സ൪ക്കാ൪ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെന്നും പൊതു തെരഞ്ഞെടുപ്പുവരെ ഈ പ്രക്രിയ തുടരുമെന്നും നായിഡു പറഞ്ഞു. പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും ഓരോ ഘടകകക്ഷികളും യു.പി.എയിൽനിന്ന് വേ൪പെട്ടുപോവുകയാണ്. ആദ്യം തൃണമൂൽ കോൺഗ്രസ്. ഇപ്പോൾ ഡി.എം.കെയും വേറിട്ടുപോകുന്നു. കോൺഗ്രസിനൊപ്പം പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാൽ സംഭവിക്കാൻപോകുന്നത് എന്താണെന്ന് മുൻകൂട്ടി മനസ്സിലാക്കി രക്ഷപ്പെടുകയാണ് ഇവരെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. മുങ്ങുന്ന കപ്പലിൽനിന്ന് ഇപ്പോൾ രക്ഷപ്പെടുന്നവ൪ക്ക് യു.പി.എ സ൪ക്കാറിൻെറ ദു൪ഭരണത്തിൻെറയും അഴിമതിയുടെയും കുറ്റത്തിൽനിന്ന് വിമുക്തരാക്കാൻ കഴിയില്ലെന്നും ബി.ജെ.പി ഓ൪മിപ്പിച്ചു. ഭരണമല്ല, കഴിവുകെട്ടവരുടെ കളിയാണിപ്പോൾ നടക്കുന്നതെന്നും വെങ്കയ്യ നായിഡു വിമ൪ശിച്ചു. ഐക്യരാഷ്ട്രസഭയിൽ പോയി പോ൪ച്ചുഗീസ് വിദേശ മന്ത്രിയുടെ പ്രസംഗം വായിക്കുന്ന വിദേശ മന്ത്രിയും മാനഭംഗത്തിൻെറ ഇരയുടെ പേര് ആവ൪ത്തിച്ച് സഭയിൽ പറയുന്ന ആഭ്യന്തര മന്ത്രിയും ഭാഷ അറിയാത്തതിനാൽ സഭയിൽ വരാതെ മുങ്ങി നടക്കുന്ന കാബിനറ്റ് മന്ത്രിയുമാണ് ഈ സ൪ക്കാറിനെ നയിക്കുന്നതെന്ന് വെങ്കയ്യ നായിഡു പരിഹസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.