ഇന്ധനം വേണ്ടേവേണ്ട; കാറ്റിലോടും തീവണ്ടി
text_fieldsകോഴിക്കോട്: ഇന്ധനക്ഷാമം രൂക്ഷമായാൽ ഭാവിയിൽ എന്തുചെയ്യും? കാറ്റുപയോഗിച്ച് വാഹനമോടിക്കാമോ എന്ന് ചോദിക്കാൻ വരട്ടെ. അന്തരീക്ഷ വായു ഉപയോഗിച്ച് തീവണ്ടി ഗതാഗത സംവിധാനം വരെ സാധ്യമാണെന്നാണ് ഈ വിദ്യാ൪ഥികൾ പറയുന്നത്. കെ.എം.സി.ടി എൻജിനീയറിങ് കോളജിലെ നാലാം വ൪ഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാ൪ഥികളായ ടി. അഫ്സൽ, അമൃത് മുരളി, വി. അനസ്, ജോയൽ ജോസഫ്, മുഹമ്മദ് നൗഫൽ എന്നിവരാണ് ബദൽ ഇന്ധനമായി വായുവിനെ പരിചയപ്പെടുത്തുന്നത്. ‘വാക്വം ട്യൂബ് ട്രെയിൻ’ എന്ന് പേരിട്ട ഈ ഗതാഗത സംവിധാനം ഇവ൪ പ്രവ൪ത്തിപ്പിച്ച് കാണിക്കുകയും ചെയ്യുന്നു. പ്രാരംഭച്ചെലവ് അൽപം കൂടുമെങ്കിലും ആവ൪ത്തനച്ചെലവുകൾ ഒന്നുമുണ്ടാകില്ലെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷതയെന്ന് ഇവ൪ അവകാശപ്പെടുന്നു.
ഈ മാതൃകയിൽ തീവണ്ടിപ്പാതയായി പ്രവ൪ത്തിക്കുക വാക്വം ട്യൂബാണ്. ഇതിന്മേൽ നിശ്ചിത അകലങ്ങളിൽ വാൽവ് ഘടിപ്പിക്കുന്നു. വാൽവുകളുമായി എയ൪ കംപ്രസ൪ ബന്ധിപ്പിച്ചാണ് തീവണ്ടിയുടെ പ്രവ൪ത്തനം സാധ്യമാക്കുന്നത്. ഒരറ്റത്തെ വാൽവ് അടച്ചശേഷം രണ്ടാമത്തെ വാൽവുമായി ഘടിപ്പിച്ച എയ൪ കംപ്രസ൪ ഉപയോഗിച്ച് ട്യൂബിനകത്തെ വായു പുറത്തേക്ക് വലിച്ചെടുക്കുകയും തുട൪ന്ന് ഒന്നാമത്തെ വാൽവ് തുറക്കുകയും ചെയ്യുന്നതോടെ അന്തരീക്ഷ വായു ട്യൂബിനകത്തേക്ക് പ്രവേശിക്കുകയും ട്രെയിൻ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നു. വാൽവ് പൂ൪ണമായി തുറക്കുന്നതോടെ വേഗം വ൪ധിപ്പിക്കാനും സ്റ്റേഷനുകളിൽ എത്തുന്ന മുറക്ക് അടച്ചാൽ ട്രെയിൻ നി൪ത്താനുമാകും.
ട്രെയിൻ കടന്നുപോകാൻ പാകത്തിലുള്ള തനത് കുഴൽപ്പാത നി൪മിക്കുകയെന്നതാണ് ഈ മാതൃകയുടെ സാഹസികവും ചെലവേറിയതുമായ വശം.
പ്രവ൪ത്തന മാതൃക നി൪മിക്കുന്നതിന് ഇലക്ട്രിക് ട്യൂബ്, റഫ്രിജറേറ്ററിലെ കംപ്രസ൪, ചെറിയ പൈപ്പുകൾ, പ്ളാസ്റ്റിക് ബോട്ടിൽ എന്നിവയാണ് ഉപയോഗിച്ചത്. അധ്യാപകൻ അരുൺലാൽ മാ൪ഗനി൪ദേശങ്ങൾ നൽകി വിദ്യാ൪ഥികളെ സഹായിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.