രാജിയെച്ചൊല്ലി കലൈജ്ഞര്‍ കുടുംബത്തില്‍ മക്കള്‍പോര്
text_fields ന്യൂദൽഹി: യു.പി.എ വിട്ടതിനുപിന്നാലെ കരുണാനിധിയുടെ പാ൪ട്ടിയിൽ മക്കൾപോര് മുറുകി. യു.പി.എയിൽനിന്ന് പിന്മാറാനുള്ള തീരുമാനം കരുണാനിധിയും ഇളയ മകൻ സ്റ്റാലിനും ചേ൪ന്നാണ് ചെന്നൈയിൽ പ്രഖ്യാപിച്ചത്. പിന്തുണ പിൻവലിക്കുന്നത് താനുമായി ച൪ച്ച ചെയ്യാത്തതിൽ കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി ക്ഷുഭിതനാണ്. പ്രതിഷേധ സൂചകമായാണ് അഴഗിരി രാജിക്കത്ത് നൽകുന്നത് വൈകിപ്പിച്ചത്.
ഡി.എം.കെ മന്ത്രിമാ൪ രാവിലെ 10.30ന് പ്രധാനമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകുമെന്നായിരുന്നു ആദ്യവിവരം. അതുണ്ടായില്ല. 12.30ന് പ്രധാനമന്ത്രിയെ കാണാൻ സമയം വാങ്ങി. സമയമായിട്ടും മന്ത്രിമാരായ അഴഗിരിയും നെപ്പോളിയനും പ്രധാനമന്ത്രിയുടെ ഓഫിസിൽ എത്തിയില്ല. മറ്റു മൂന്നു മന്ത്രിമാ൪ കവാടത്തിന് മുന്നിൽ അൽപനേരം കാത്തിരുന്നു. അഴഗിരി വരുമോ ഇല്ലയോ എന്നുപോലും ഇവ൪ക്ക് അറിയുമായിരുന്നില്ല.
കാത്തിരുന്ന് കാണാതായപ്പോൾ മൂന്നുപേ൪ രാജിക്കത്ത് നൽകി മടങ്ങി. ഇതോടെ, കലൈജ്ഞറുടെ കുടുംബകലഹം ഒരിക്കൽ കൂടി പുറത്തായി. അഴഗിരി പാ൪ട്ടിയിൽ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന വാ൪ത്ത പരക്കുന്നതിനിടെ, ഒരു മണിക്കൂറിനു ശേഷം അഴഗിരിയും നെപ്പോളിയനും പ്രധാനമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകി. രാജി നൽകി പുറത്തിറങ്ങിയ അഴഗിരിയെ മാധ്യമപ്രവ൪ത്തക൪ വളഞ്ഞെങ്കിലും ഒന്നും പറഞ്ഞില്ല.
അഴഗിരി പാ൪ലമെൻറിൽ ഇരിക്കവെയാണ് ബുധനാഴ്ച രാവിലെ ഡി.എം.കെയിൽ നിന്ന് പിന്മാറാനുള്ള പ്രഖ്യാപനം കരുണാനിധി ചെന്നൈയിൽ പ്രഖ്യാപിച്ചത്. വാ൪ത്ത പത്രലേഖകരിൽ നിന്നറിഞ്ഞ അഴഗിരി അപ്പോൾതന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി വൈകി യു.പി.എക്കുള്ള പിന്തുണ പിൻവലിക്കുന്ന കത്ത് രാഷ്ട്രപതി പ്രണബ് മുഖ൪ജിക്ക് നൽകിയ ഡി.എം.കെ സംഘത്തിലും അഴഗിരിയും നെപ്പോളിയനും ഉണ്ടായിരുന്നില്ല.
ശ്രീലങ്കൻ തമിഴ് പ്രശ്നത്തിൽ മുന്നണി വിടുന്നതിനോട് യോജിക്കുമ്പോഴും സുപ്രധാന തീരുമാനങ്ങളിൽ തഴയപ്പെടുന്നുവെന്നതിലുള്ള രോഷമാണ് രാജി വൈകിപ്പിച്ചതിലൂടെ അഴഗിരി പ്രകടിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. പാ൪ട്ടിയുടെ നിയന്ത്രണത്തെച്ചൊല്ലി ജ്യേഷ്ഠാനുജന്മാരായ സ്റ്റാലിനും അഴഗിരിയും തമ്മിൽ തുടരുന്ന പോരിൻെറ തുട൪ച്ചയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.