Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രതിഷേധ ജനസമുദ്രം

പ്രതിഷേധ ജനസമുദ്രം

text_fields
bookmark_border
പ്രതിഷേധ ജനസമുദ്രം
cancel

ഭരണകൂട ഭീകരതയിൽ ഇരകളാക്കപ്പെട്ട മനുഷ്യ൪ ഒരുമിച്ചുനിന്ന് നേടിയ വൻ വിജയമാണ് കഴിഞ്ഞദിവസം സംഭവിച്ചത്. കാൽ നൂറ്റാണ്ടുകാലം കാസ൪കോട് ജില്ലയിലെ 5000 ഹെക്ട൪ പ്രദേശത്ത് കാളകൂടത്തേക്കാളും കഠിനമായ എൻഡോസൾഫാൻ കോരിയൊഴിച്ചപ്പോൾ ജൈവവൈവിധ്യത്തിനും മനുഷ്യനും സംഭവിച്ച നഷ്ടം ചെറുതായിരുന്നില്ല. മരുന്ന് എന്ന പേരിൽ കോരിയൊഴിക്കുന്നത് കൊടും വിഷമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അത് തളിക്കാതിരിക്കാൻ ഇന്നാട്ടിലെ സാധാരണ മനുഷ്യ൪ക്ക് സമരം ചെയ്യേണ്ടിവന്നു. കോടതി ഉത്തരവുകൾ നേടാൻ ലീലാകുമാരിയമ്മയെ പോലുള്ളവ൪ക്ക് കഠിന യാതനകൾ അനുഭവിക്കേണ്ടിവന്നു.
ഒരു ദശകത്തിനുമുമ്പ് വിഷപ്രയോഗം നിലച്ചപ്പോൾ മുതൽ ഇരകൾക്കും മനുഷ്യസ്നേഹികൾക്കും മറ്റൊരു വലിയ സമരത്തിന് കോപ്പുകൂട്ടേണ്ടിവന്നു. ദുരന്തത്തിന് കാരണം എൻഡോസൾഫാൻ ആണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ഒട്ടുംഎളുപ്പമായിരുന്നില്ല. പിന്നെ ‘ഇര’കളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരങ്ങളായി, വിഷം നിരോധിക്കാനുള്ള ശ്രമങ്ങളായി. അങ്ങനെ ഒന്നര ദശകത്തോളം നീണ്ട സമര പരമ്പരകളുടെ ഏറ്റവും ഒടുവിലത്തേതും ഏറ്റവും ജനകീയവുമായ സമരമാണ് തിങ്കളാഴ്ച കാസ൪കോട് നഗരത്തെ അക്ഷരാ൪ഥത്തിൽ പിടിച്ചുകുലുക്കിയ ‘പ്രതിഷേധ ജനസമുദ്രം’ എന്ന വ്യത്യസ്തമായ കൂടിച്ചേരലോടെ പര്യവസാനിച്ചത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്ന നിസ്വാ൪ഥനായ ഒരു സാധാരണ മനുഷ്യൻെറ നേതൃത്വത്തിൽ അസാധാരണമായ ഒരു സമരം ചരിത്രവിജയം നേടുകയായിരുന്നു. മുന്നണി മുന്നോട്ടുവെച്ച പതിനേഴോളം ആവശ്യങ്ങൾ സ൪ക്കാ൪ അംഗീകരിച്ചു നടപ്പാക്കാൻ തയാറായിരിക്കുകയാണ്.
128 ദിവസം അമ്മമാ൪ നടത്തിയ റിലേ നിരാഹാരം പിൻവലിച്ചത് മുഖ്യമന്ത്രി നൽകിയ ഉറപ്പിൻെറ അടിസ്ഥാനത്തിലാണ്. ഉടനെ കാബിനറ്റിൽ തീരുമാനമുണ്ടാകുമെന്നും പറഞ്ഞു. എന്നാൽ, ആറേഴുമാസം കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ മുന്നണി നിരാഹാരത്തിലേക്ക് കടന്നത്. സുഭാഷ് ചീമേനി, കൃഷ്ണൻ പുല്ലൂ൪ എന്നിവരാണ് ആദ്യം നിരാഹാരമനുഷ്ഠിച്ചത്. അവ൪ അറസ്റ്റ് ചെയ്യപ്പെട്ട് ആശുപത്രിയിലായപ്പോൾ ഡി. സുരേന്ദ്രനാഥ് നിരാഹാരമനുഷ്ഠിച്ചു. അദ്ദേഹവും അവശനായപ്പോൾ അറസ്റ്റ് ചെയ്യപ്പെടുകയും ആശുപത്രിയിലാവുകയും ചെയ്തു. തുട൪ന്നാണ് എ. മോഹൻകുമാറിൻെറ 22 ദിവസം നീണ്ടുനിന്ന ഇതിഹാസതുല്യമായ നിരാഹാരം ആരംഭിക്കുന്നത്. അമ്മമാരുടെ നിരാഹാരകാലത്ത് അദ്ദേഹം പന്തലിൽ വന്ന് നടത്തിയ വാഗ്ദാനം പാലിക്കുകയായിരുന്നു. ജീവൻ ത്യജിക്കാൻതന്നെ തയാറായിട്ടാണ് അദ്ദേഹം സമരപ്പന്തലിൽ കിടന്നത്. സമരം വിജയിക്കാതെ പിന്മാറുകയില്ലെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരുന്നു. തുട൪ന്ന്, എൺപതുകളിലെത്തിയ ഗ്രോവാസുവും മോയിൻബാപ്പുവും സ്വയം പ്രേരിതരായി പന്തലിലെത്തി നിരാഹാരം തുടങ്ങി. അതിനിടയിൽ 90 വയസ്സായ സ്വാതന്ത്ര്യസമര സേനാനി കെ. നാരായണപിള്ള എന്ന മനുഷ്യസ്നേഹി സമരത്തെക്കുറിച്ച് കേട്ടറിഞ്ഞ് വയനാട്ടിൽനിന്ന് പന്തലിലെത്തി നിരാഹാരം ആരംഭിച്ചു. ആരോഗ്യനില തകരാറിലായതിനെ തുട൪ന്ന് രണ്ടാംദിവസം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒടുവിൽ സമരം 36ാം ദിവസത്തിലെത്തിയപ്പോഴാണ് സ൪ക്കാ൪ തീരുമാനങ്ങളെ തുട൪ന്ന് സമരം പിൻവലിച്ചത്. ഉത്തരവുകൾ പൂ൪ണമായും നടപ്പാക്കുന്നില്ലെങ്കിൽ വീണ്ടും ശക്തമായ സമരത്തിലൂടെ തിരിച്ചുവരും എന്ന ഓ൪മപ്പെടുത്തലോടെയാണിത്.
ഈ സമരം ആരംഭിക്കുമ്പോൾ എന്തിന് സമരം, സ൪ക്കാ൪ എല്ലാം ചെയ്തുകഴിഞ്ഞില്ലേ എന്ന് നിരന്തരം ചോദിച്ചും പ്രചരിപ്പിച്ചും സമരത്തെ തള൪ത്താൻ ശ്രമിച്ചവ൪ക്കുള്ള മറുപടി ഞങ്ങളുടെ 17 ആവശ്യങ്ങൾ സ൪ക്കാ൪ അംഗീകരിച്ചതിലുണ്ട്. വിദേശഫണ്ട് വാങ്ങിയാണ് ഈ സമരം നടക്കുന്നതെന്ന് പന്തൽകെട്ടി കാസ൪കോട്ട് വിളിച്ചുപറഞ്ഞവ൪ വക്കീൽനോട്ടീസ് കിട്ടിയപ്പോൾ മിണ്ടാപ്രാണികളായി. ചില ‘വലിയ’ ബുദ്ധിജീവികൾ ഇപ്പോഴും പറയുന്നുണ്ട് ഇതിന് പിന്നിൽ വിദേശഫണ്ട് ഉണ്ടെന്ന്. അങ്ങനെയെങ്കിൽ ഇവ൪ക്ക് എന്തുകൊണ്ട് ധൈര്യസമേതം തുറന്നുപറഞ്ഞുകൂടാ? രഹസ്യ പ്രചാരണം നടത്തി ജനകീയ സമരത്തെ പൊളിക്കാൻ ശ്രമിക്കുന്ന ഭീരുക്കളാരാണ്? എനിക്കറിയാവുന്ന ഒരു വസ്തുതയുണ്ട്. സാമ്പത്തികമായി വലിയ ഞെരുക്കത്തിലാണ് മുന്നണിയുടെ സമരങ്ങൾ നടന്നിട്ടുള്ളത്. ദിവസവും ബക്കറ്റെടുത്ത് റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും ‘തെണ്ടി’നടന്നിട്ടാണ് മുന്നണിയുടെ പ്രവ൪ത്തക൪ പണമുണ്ടാക്കിയത്. പിന്നെ മനുഷ്യസ്നേഹികളുടെ സംഭാവനകൾ.
അനുദിനം ഈ സമരം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണയാ൪ജിച്ച് വള൪ന്നുവന്നതിൻെറ കാരണം ഇത് അങ്ങേയറ്റം സ്വാഭാവികവും നിസ്വാ൪ഥവുമായിരുന്നു എന്നതിനാലാണ്. അതോടൊപ്പം ഇത് ഇരകളാക്കപ്പെട്ട സാധാരണ മനുഷ്യരുടെ സമരമായിരുന്നു. വിചിത്ര ജന്മങ്ങളാകാൻ വിധിക്കപ്പെട്ട കുഞ്ഞുങ്ങളെ വീട്ടിൽകിടത്തി പകലന്തിയോളം സമരപ്പന്തലിലെത്തുന്ന നാട്ടമ്മമാരുടെ സമരമായിരുന്നു ഇത്. ശോഭനയുടെയും സുൽഫത്തിൻെറയും മാധവിയുടെയും ബൽക്കീസിൻെറയും നേതൃത്വത്തിൽ അണിനിരന്ന അമ്മമാ൪ കേരളത്തിൻെറ സമര ചരിത്രത്തിൽ അപൂ൪വ അധ്യായമായി.
തിങ്കളാഴ്ച ഉച്ച മുതൽ കാസ൪കോട്ടെ പ്രതിഷേധ ജനസമുദ്രത്തിൽ പങ്കെടുക്കാനെത്തിയവ൪ക്ക് ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചുനിൽക്കാനായി. നീതി നിഷേധിക്കപ്പെട്ട ഇരകൾക്കുവേണ്ടി ഒരേ മുദ്രാവാക്യം വിളിക്കാനായി കലാലയങ്ങളിൽനിന്നു വന്ന കുട്ടികൾ നഗരത്തിൻെറ പല ഭാഗങ്ങളിലുമായി റോഡിലിരുന്ന് ക്ളാസുകൾ അനുഭവിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവ൪ത്തക൪ ജീവിതത്തിൻെറ സിലബസ് പഠിപ്പിക്കാൻ വെയിൽ കൊണ്ടു. തിരുവനന്തപുരം ച൪ച്ചയിൽ തീരുമാനമുണ്ടായപ്പോൾ സന്ധ്യയോടെ വീണ്ടും ഒന്നിച്ചുകൂടി ഒരേ സമുദ്രത്തിൻെറ പല അലകൾപോലെ എകത്വത്തിൻെറ സാന്ത്വനം അനുഭവിച്ചു.
ചെറുപ്പക്കാ൪ എങ്ങോട്ടുപോകുന്നു? ഏത്പരിപാടിയിൽ പങ്കെടുക്കുമ്പോഴും ഞാൻ ഇത്രകാലം സ്വയംചോദിച്ച ഒരുചോദ്യമാണത്. ഈ നിരാഹാരം തുടങ്ങിയ മുതൽ പന്തലിലേക്ക് വന്ന ചെറുപ്പക്കാ൪, കൗമാരക്കാ൪ എൻെറ ചോദ്യത്തിന് ഉത്തരമായി. ഇവ൪ എവിടെയും പോയിട്ടില്ല. ഇവിടെ ഉണ്ട്. തിങ്കളാഴ്ച അലയടിച്ച ജനസമുദ്രത്തിൽ ഏറിയ കൂറും ഈ ചെറുപ്പക്കാരായിരുന്നു.
ഈ സമരം എന്നിലവശേഷിപ്പിച്ച ഏറ്റവും വലിയ പ്രതീക്ഷ സമരപ്പന്തലിലേക്ക് വന്ന ഈ യുവത്വമാണ്. നീതിനിഷേധിക്കപ്പെടുന്നവരുടെ വേദനകൾ ഏറ്റെടുക്കാൻ ഇനിയുള്ള കാലത്ത് ഇവ൪ മുന്നോട്ടുവരാതിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story