പ്ളാറ്റ്ഫോമില്‍ റെയില്‍വേ ഡോക്ടറും മെഡിക്കല്‍ ഷോപ്പും വേണം -സ്റ്റേഷന്‍ കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റി
text_fieldsകോഴിക്കോട്: റെയിൽവേ ആശുപത്രിയിലെ ഡോക്ടറുടെ സേവനം പ്ളാറ്റ്ഫോമുകളിൽ ലഭ്യമാക്കുകയും ഒന്നാം നമ്പ൪ പ്ളാറ്റ്ഫോമിൽ മെഡിക്കൽ ഷോപ്പ് ആരംഭിക്കുകയും ചെയ്യണമെന്ന് റെയിൽവേ സ്റ്റേഷൻ കൺസൽട്ടേറ്റിവ് കമ്മിറ്റി ആവശ്യപ്പെട്ടു. യാത്രക്കാ൪ക്ക് അടിയന്തര ചികിത്സ ആവശ്യമായിവരുമ്പോൾ പ്ളാറ്റ്ഫോമിൽ തന്നെ ഡോക്ടറെയും മരുന്നും ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഓട്ടോറിക്ഷക്കാരുടെ പകൽക്കൊള്ള അവസാനിപ്പിക്കാൻ നാലാം പ്ളാറ്റ്ഫോമിൽ ഓട്ടോ ബേ സ്ഥാപിക്കുക, പ്രധാന കവാടത്തിന് മുന്നിൽ ഓവുചാൽ നി൪മിച്ച് മഴക്കാല യാത്രാദുരിതം അകറ്റുക, കലക്ടേഴ്സ് റോഡിൻെറ അതി൪ത്തിയിൽ ക്രോസ് ബാ൪ സ്ഥാപിക്കാനുള്ള റെയിൽവേ നീക്കം ഉപേക്ഷിക്കുക, ഫ്രാൻസിസ് റോഡ് മേൽപാലത്തിനടുത്ത് നിന്ന് ഒന്നാം പ്ളാറ്റ് ഫോമിലേക്ക് റോഡ് നി൪മിക്കുക എന്നീ ആവശ്യങ്ങളാണ് ഡിവിഷനൽ റെയിൽവേ മാനേജ൪ മോഹൻ എ. മേനോൻെറ അധ്യക്ഷതയിൽ ബുധനാഴ്ച ചേ൪ന്ന യോഗത്തിൽ പ്രധാനമായും ഉന്നയിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയ൪ത്തപ്പെട്ടതിനുശേഷം നടത്തിയ നി൪മാണ പ്രവൃത്തികൾ യോഗം വിലയിരുത്തി. നാലാം പ്ളാറ്റ്ഫോമിൽ 24 മണിക്കൂ൪ ബുക്കിങ് കൗണ്ട൪, രണ്ട്,മൂന്ന് പ്ളാറ്റ്ഫോമുകളിലെ മേൽക്കൂര വികസിപ്പിക്കൽ, പൂന്തോട്ടത്തിലും പ്ളാറ്റ്ഫോമുകളിലും കൂടുതൽ വെളിച്ച സംവിധാനം. പ്ളാറ്റ്ഫോമുകളിൽ ഫൈവ്ലൈൻ ഡിസ്പ്ളേ ബോ൪ഡ്, നാല് പ്ളാറ്റ്ഫോമുകളിലും ജി.പി.എസ് അധിഷ്ഠിത ഡബ്ൾസൈഡ് ഡ്രം ക്ളോക്ക്, രണ്ട്,മൂന്ന് പ്ളാറ്റ്ഫോമുകളിലെ വാട്ട൪ ഹൈഡ്രൻറ്സ് ദീ൪ഘിപ്പിക്കൽ, രണ്ടാം പ്ളാറ്റ്ഫോമിൽ കോച്ചുകളുടെ സൂചനാ ബോ൪ഡ്, ആസ്ബസ്റ്റോസ് ഷീറ്റ് ഒഴിവാക്കി പ്ളാറ്റ്ഫോമിൻെറ മേൽക്കൂരകളിൽ മെറ്റൽ ഷീറ്റ് സ്ഥാപിക്കൽ, ടച്ച് സ്ക്രീൻ സംവിധാനം, ഇൻഫ൪മേഷൻ, ബുക്കിങ്, റിസ൪വേഷൻ കൗണ്ടറുകളിൽ കമ്യൂണിക്കേഷൻ സംവിധാനം എന്നീ വികസനങ്ങളാണ് ഇതുവരെ നടപ്പാക്കിയത്.
നാല് പ്ളാറ്റ്ഫോമുകളും തമ്മിൽ ബന്ധിപ്പിച്ച് സ്ഥാപിക്കുന്ന മൂന്നു ലിഫ്റ്റുകളുടെ പ്രവൃത്തി 70 ശതമാനം പൂ൪ത്തിയായതായും ഒന്ന്,നാല് പ്ളാറ്റ്ഫോമുകളുടെ തെക്കുവശത്തെ മേൽക്കൂര നി൪മാണം, രണ്ട്, മൂന്ന് പ്ളാറ്റ്ഫോമുകളിൽ ടോയ്ലറ്റ്, മൂന്നാം ട്രാക്കിലെ കോൺക്രീറ്റ് ഏപ്രൺ നി൪മാണം എന്നീ പ്രവൃത്തികൾ പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി.
നാല് പ്ളാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് റാമ്പ് സംവിധാനത്തോടെയുള്ള രണ്ടാമത് മേൽപാലം, രണ്ട് എസ്കലേറ്ററുകൾ, 90,000 ലിറ്റ൪ ശേഷിയുള്ള ഓവ൪ ഹെഡ് വാട്ട൪ ടാങ്ക്, കിണ൪, രണ്ട്, നാല് പ്ളാറ്റ്ഫോമുകളിൽ കോച്ച് സൂചനാ ബോ൪ഡ് തുടങ്ങി 11 പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് അധികൃത൪ യോഗത്തിൽ പറഞ്ഞു. ഒന്നാം ട്രാക്കിൽ കോൺക്രീറ്റ് ഏപ്രൺ, അഞ്ച് പുതിയ ടച്ച് സ്ക്രീനുകൾ തുടങ്ങി ഏതാനും വികസന പ്രവൃത്തികളും ഉടനെ ആരംഭിക്കും. മൊത്തം 20.29 കോടി രൂപയുടെ വികസനമാണ് കോഴിക്കോട്ട് നടപ്പാക്കുന്നത്.
പാലക്കാട് ഡിവിഷനൽ കമേഴ്സ്യൽ മാനേജ൪ എം. മധുക൪, കമേഴ്സ്യൽ ഇൻസ്പെക്ട൪ എ.പി. മണികണ്ഠൻ, സ്റ്റേഷൻ മാനേജ൪ ടി. രതീശൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജ൪ പ്രമോദ് കുമാ൪, കെ. ഹാരിസ്, സ്റ്റേഷൻ കൺസൽട്ടേറ്റിവ് കമ്മിറ്റിയംഗങ്ങളായ കെ.പി. അബൂബക്ക൪, അഡ്വ. പി.ടി.എസ് ഉണ്ണി, ഡോ. കെ. മൊയ്തു, അഡ്വ. എം.ടി. പത്മ, പി. കിഷൻചന്ദ്, അഡ്വ. കെ. രത്നകുമാരി, ഗിരീഷ്, ടി.കെ. ശ്രീമനോജ് കുമാ൪, യു.കെ. ഭാസ്കരൻ നായ൪, ഡോ. എ.വി. പ്രകാശ് തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം ഉദ്യോഗസ്ഥരും കമ്മിറ്റിയംഗങ്ങളും വട്ടാംപൊയിൽ റെയിൽവേ ഗേറ്റ്, അടുത്തിടെ കുളം നി൪മിക്കുകയും പിന്നീട് മൂടുകയും ചെയ്ത റെയിൽവേ ഗ്രൗണ്ട് എന്നിവിടങ്ങൾ സന്ദ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.