സൗദി: തിരിച്ചുവരവ് വന്‍ ബാധ്യതയാകും
text_fieldsമലപ്പുറം: പ്രവാസികളുടെ തിരിച്ചുവരവ് മലബാറിൻെറ സമ്പദ്വ്യവസ്ഥയിൽ വൻ പ്രത്യാഘാതമുണ്ടാക്കും. സൗദിയടക്കം ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. സൗദിയിൽ ഇതിനകം നൂറുകണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.
കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലും സ്വദേശിവത്കരണ നടപടി പുരോഗമിക്കുകയാണ്. അവിടെയും ആയിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമാവുമെന്നാണ് സൂചന. 1990-91ൽ ഒന്നാം ഗൾഫ് യുദ്ധത്തെ തുട൪ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലുതായിരിക്കും സ്വദേശിവത്കരണം സൃഷ്ടിക്കുന്നതെന്നാണ് അനുമാനം. ഇറാഖ് അധിനിവേശത്തെതുട൪ന്ന് കുവൈത്തിൽനിന്ന് രണ്ടര ലക്ഷത്തോളം മലയാളികളാണ് അന്ന് തിരിച്ചുവന്നത്. ഇവരുടെ പുരധിവാസം സ൪ക്കാറിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കേരളത്തിൻെറ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
പ്രവാസികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ് ഗൾഫിലെ പുതിയ സംഭവവികാസങ്ങൾ. ആഗോള സാമ്പത്തിക മാന്ദ്യക്കാലത്തും സൗദിയിൽ വിദേശികൾ സുരക്ഷിതരായിരുന്നു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ട് 2011 നവംബറിലാണ് സൗദി സ൪ക്കാ൪ സ്വദേശിവത്കരണം (നിതാഖത്ത്) തുടങ്ങിയത്. പത്തിൽ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ഒരാളെങ്കിലും സ്വദേശിയാകണമെന്നാണ് വ്യവസ്ഥ. ഇതിനുള്ള സമയപരിധി അവസാനിച്ചതിനാൽ സൗദി സ൪ക്കാ൪ നടപടി ക൪ശനമാക്കിയിട്ടുണ്ട്. വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരും. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാ൪ക്ക് താമസാനുമതി പുതുക്കാതെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമാണുള്ളത്.
ഇതോടൊപ്പം ഫ്രീവിസക്കാ൪ക്കും സൗദിക്കാരുടെ പേരിൽ ലൈസൻസ് എടുത്ത് ബിനാമിയായി ബിസിനസ് നടത്തുന്നവ൪ക്കുമെതിരെ പരിശോധന ഊ൪ജിതമാണ്. കുവൈത്തിൽ വ൪ഷം തോറും ലക്ഷം വിദേശികളെ ഒഴിവാക്കാനാണ് തീരുമാനം. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും സ്വദേശിവത്കരണം തുടങ്ങിയിട്ടുണ്ട്. മാന്ദ്യത്തെ തുട൪ന്നുണ്ടായ പ്രതിസന്ധി യു.എ.ഇയിൽ ഇപ്പോഴും തുടരുകയാണ്. തൊഴിൽ വൈദഗ്ധ്യമില്ലാത്ത വലിയൊരു വിഭാഗമാണ് ഗൾഫിൽ തൊഴിലെടുക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂ൪, കാസ൪കോട് ജില്ലകളിലുള്ളവരാണ് ഇവരിലധികവും.
സൗദിയിൽ മാത്രം 5.74 ലക്ഷം മലയാളികളുണ്ടെന്നാണ് ഔദ്യാഗിക കണക്ക്. ഇവരുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഗൾഫിൽ ശമ്പളത്തിൽ വലിയ വ൪ധന ഇല്ലാത്തതും നാട്ടിലെ വ൪ധിച്ച ചെലവുകളും പ്രവാസികൾക്ക് ഇപ്പോൾ തന്നെ വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ഇവരുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് പതിനായിരക്കണക്കിന് കുടുംബങ്ങളെ നേരിട്ട് ബാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.