‘നിതാഖാത് ’ വ്യവസ്ഥകളും പ്രവാസികളുടെ ഭാവിയും
text_fieldsസൗദി അറേബ്യയിലെ തൊഴിൽ-വ്യാവസായിക മേഖല വ്യവസ്ഥാപിതമാക്കാനും സ്വദേശിവത്കരണം ത്വരിതപ്പെടുത്താനും രണ്ടുവ൪ഷം മുമ്പ് നടപ്പാക്കിത്തുടങ്ങിയ ‘നിതാഖാത് ’ പരിഷ്കാരങ്ങൾ, കേരളക്കരയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിരിക്കയാണ്. വലിയൊരു വിഭാഗം മലയാളികൾക്ക് നിതാഖാതിൻെറ ആഘാതത്തിൽപ്പെട്ട് സ്വദേശത്തേക്ക് മടങ്ങേണ്ടി വരുന്നതോടെ സംസ്ഥാനത്തിൻെറ സമ്പദ്മേഖല ആടിയുലയുമെന്നും എണ്ണമറ്റ കുടുംബങ്ങൾ വഴിയാധാരമാവുമെന്നുമുള്ള പ്രചാരണം കടുത്ത പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സൗദിയിലെ തൊഴിൽ വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്തേക്കുവരുന്ന വാ൪ത്തകൾ പൂ൪ണമായും വസ്തുനിഷ്ഠമല്ല. പ്രതിസന്ധിയോടുള്ള അധികാരികളുടെ പ്രതികരണമാവട്ടെ നിജ$സ്ഥിതി മനസ്സിലാക്കിയിട്ടുള്ളതോ വിഷയത്തിൻെറ നാനാവശങ്ങൾ ഉൾക്കൊണ്ടതോ അല്ല. നിതാഖാത് വ്യവസ്ഥയെന്തെന്നും അതുകൊണ്ട് സൗദി അധികൃത൪ ലക്ഷ്യമിടുന്നതെന്താണെന്നും പരിശോധിക്കേണ്ടതുണ്ട്.
ഈജിപ്തിലും തുനീഷ്യയിലും യമനിലും ലിബിയയിലുമൊക്കെ ആഞ്ഞടിച്ച ‘മുല്ലപ്പൂ വിപ്ളവ’ത്തിൻെറ എടുത്തുപറയേണ്ട സവിശേഷത യുവതയുടെ അത്യപൂ൪വമായ പങ്കാളിത്തമാണല്ലോ. അറബ് ലോകം യുവാക്കളുടേതാണെന്ന് പറയാറുണ്ട്. ഏത് അറബ് രാജ്യമെടുത്താലും മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ 25 വയസ്സിന് താഴെയുള്ള സോഷ്യൽ നെറ്റ്വ൪ക് തലമുറയായിരിക്കും. മൂന്നുകോടി ജനസംഖ്യയുള്ള (80 ലക്ഷം പ്രവാസികളെ കൂടാതെ ) സൗദിയുടെ സ്ഥിതിയും മറ്റൊന്നല്ല. സമീപരാജ്യങ്ങളിൽ മാറ്റത്തിൻെറ വിപ്ളവങ്ങൾ ആഞ്ഞുവീശിയിട്ടും സൗദിയടക്കമുള്ള ജി.സി.സി രാജ്യങ്ങൾക്ക് വെല്ലുവിളികളെ പ്രത്യക്ഷത്തിൽ അഭിമുഖീകരിക്കേണ്ടിവരാതിരുന്നത് സാമ്പത്തിക സുസ്ഥിതിയിൽ ഈ ഭരണകൂടങ്ങൾ പ്രജകളുടെ ജീവിതനിലവാരം ഉയ൪ത്താനും ആനുകൂല്യങ്ങൾ വാരിക്കോരി നൽകാനും പദ്ധതികൾ ആവിഷ്കരിച്ചതുകൊണ്ടാണ്. വ്യവസ്ഥിതിക്കെതിരെ ചിന്തിക്കാൻ ഇടം നൽകരുതെന്ന് സുചിന്തിത തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ പ്രജകളെ തൃപ്തരാക്കാൻ ബജറ്റിൽ ബില്യൻ കണക്കിന് റിയാലും ദി൪ഹമുമാണ് നീക്കിവെച്ചത്. തൊഴിൽരഹിതരായ യുവാക്കളാവും നാളെ മാറ്റത്തിൻെറ വിപ്ളവക്കൊടി ഉയ൪ത്തി തങ്ങൾക്ക് ഭീഷണിയാവുക എന്ന കണക്കുകൂട്ടലിൽ എല്ലാ ഗൾഫ് രാജ്യങ്ങളും തൊഴിൽ മേഖലയിൽ സ്വദേശിവത്കരണത്തിന് ഊന്നൽ നൽകുകയും നിയമം ക൪ശനമാക്കുകയും ചെയ്തു. മറുനാട്ടുകാരായ തൊഴിൽ സേനയുടെ മേലുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരുക എന്നത് ജി.സി.സി രാജ്യങ്ങൾ അടിസ്ഥാന നയമായി ഏറ്റെടുത്തിട്ട് കാലമേറെയായി. സൗദിയിൽ മാത്രമല്ല, യു.എ.ഇയിലും ഖത്തറിലും മസ്കത്തിലും കുവൈത്തിലുമൊക്കെ ഈ ദിശയിൽ കടുത്ത നടപടികൾ തുടങ്ങിയത് മുമ്പ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടതാണ്്.
സൗദി അറേബ്യയിലെ തൊഴിൽ മേഖല പലതുകൊണ്ടും മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ‘കഫാലത്ത്’ (സ്പോൺസ൪ഷിപ്പ് ) വ്യവസ്ഥ സൗദി തൊഴിൽമേഖലയെ ചൂഷണത്തിൻെറയും നിയമവിരുദ്ധപ്രവ൪ത്തനങ്ങളുടെയും പറുദീസയാക്കി മാറ്റിയിട്ടുണ്ടെന്ന് സൗദി മനുഷ്യാവകാശ കമീഷൻ ഇടക്കിടെ ഓ൪മിപ്പിക്കാറുള്ളതാണ്. ഏതെങ്കിലും ഒരു ‘കഫീലി’ൻെറ കീഴിൽ മാത്രമേ ഒരു പ്രവാസിക്കു ജോലി ചെയ്യാനാവൂ. സൗദി പൗരന്മാ൪ക്ക് മാത്രമേ ബിസിനസിലും വ്യവസായത്തിലും ഏ൪പ്പെടാൻ അധികാരമുള്ളൂ (അടുത്ത കാലത്തായി അംഗീകൃത നിക്ഷേപക൪ക്ക് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്). ഈ നിബന്ധനകൾ മറികടക്കാൻ മലയാളികളടക്കമുള്ള വിദേശികൾ എല്ലാ സ്ഥാപനങ്ങളും ഏതെങ്കിലും സൗദി പൗരൻെറ പേരിലായിരിക്കും രജിസ്റ്റ൪ ചെയ്യുക. ലാഭവിഹിതം അറബിക്ക് കൊടുത്തുകൊണ്ടിരിക്കും. ഇതിനെയാണ് കുറ്റകരമായ ബിനാമി ഇടപാടായി അധികൃത൪ ഇപ്പോൾ കാണുന്നത്. തൊഴിൽ വിസയിൽ വരുന്നവ൪ ഏത് സ്പോൺസറുടെ പേരിലാണോ വിസ അനുവദിച്ചത് അദ്ദേഹത്തിൻെറ കീഴിൽതന്നെ ജോലി ചെയ്യണമെന്നാണ് നിയമവ്യവസ്ഥ. എന്നാൽ, സ്വന്തമായി സ്ഥാപനമില്ലാത്ത, അല്ലെങ്കിൽ തൊഴിലാളികളെ ആവശ്യമില്ലാത്ത സൗദികൾ സമ്പാദിക്കുന്ന വിസ മറിച്ചുവിൽക്കുകയാണ് പതിവ്. അത്തരം വിസയെയാണ് ഇവിടത്തെ റിക്രൂട്ടിങ് ഏജൻറുമാരും വിസ കച്ചവടക്കാരും ‘ഫ്രീവിസ’ എന്ന ഓമനപ്പേരിട്ട് വൻതുകക്ക് കൈമാറുന്നത്. ദുരിതങ്ങളുടെ വലയിൽ ഫ്രീ ആയി കുടുങ്ങാനുള്ള വിസയാണിതെന്ന് ആരും തുറന്നുപറയാറില്ല. ഇങ്ങനെ ഫ്രീവിസയിൽ എത്തിയവ൪ ആരുടെയെങ്കിലും കീഴിൽ ജോലിചെയ്താണ് അവരുടെ ഗൾഫുസ്വപ്നങ്ങൾക്ക് നിറം ചാ൪ത്തിയിരുന്നത്. ഉദാഹരണത്തിന്, റിയാദിനടുത്ത ബുറൈദയിലെ ഏതെങ്കിലും ഒരറബി നൽകിയ ഡ്രൈവ൪ വിസയിൽ വന്നവനായിരിക്കും ജിദ്ദ ശറഫിയയിൽ സ്വകാര്യ കാ൪ ഡ്രൈവറായി ജോലി ചെയ്യുന്നത്. നജ്റാനിലെ മരുഭൂമിയിൽ ആടുമേയ്ക്കാൻ നിയോഗിക്കപ്പെട്ടവനാവും ദമ്മാമിൽ കുക്കായി ഒളിച്ചു ജോലി നോക്കുന്നത്. ഇടക്കിടെ ‘ജവാസാത്ത് ’ (പാസ്പോ൪ട്ട് വിഭാഗം) ഉദ്യോഗസ്ഥ൪ നടത്തുന്ന പരിശോധനയിൽ ഇത്തരക്കാ൪ പിടിക്കപ്പെടുന്നതോടെ ‘ത൪ഹീൽ’ (നാടുകടത്തൽ കേന്ദ്രം) വഴി സ്വദേശത്തേക്ക് കയറ്റിവിടുകയാണ് പതിവ്. നിതാഖാത് നിയമം ക൪ക്കശമാക്കിയതോടെ കുടുങ്ങിയിരിക്കുന്നത് ‘കൂലി കഫീലുമാരുടെ’ കീഴിൽ ജോലിചെയ്യുന്ന ഈ ഗണത്തിൽപെടുന്ന സാധാരണക്കാരാണ്. ഒന്നാമതായി ഇവരുടെ ‘ഇഖാമ’ (റസിഡൻറ് പെ൪മിറ്റ്) ഇനി പുതുക്കാൻ കഴിയില്ല. കാരണം, കൂലി കഫീലുമാരെ ഉന്മൂലനം ചെയ്യുകയാണ് ഭരണകൂടം അടിസ്ഥാനപരമായി ലക്ഷ്യംവെക്കുന്നത്. രണ്ടാമതായി, മറ്റുള്ളവരുടെ വിസയിൽ വന്നവരെ ജോലിക്കുവെക്കാൻ ഒരു സ്ഥാപനത്തിനും ഇനി സാധ്യമല്ല.
‘നിതാഖാത് ’ എന്നാൽ തരം തിരിക്കൽ (Categorization ) ആണ്. അതായത് രാജ്യത്തെ മൊത്തം വ്യവസായ-ബിസിനസ് സ്ഥാപനങ്ങളെ ഡോ. ആദിൽ ഫഖീഹിൻെറ നേതൃത്വത്തിലുള്ള തൊഴിൽ മന്ത്രാലയം നാലായി തരം തിരിച്ചിരിക്കയാണ്. ഈ തരം തിരിവ് ജോലിയിൽ സൗദി പൗരന്മാരുടെയും വിദേശികളുടെയും അനുപാതത്തിൻെറ അടിസ്ഥാനത്തിലാണ്. ട്രാഫിക് സിഗ്നലിൻെറ മൂന്നു നിറങ്ങളായ ചുകപ്പ്, മഞ്ഞ, പച്ച എന്നിവ നൽകിയാണ് കമ്പനികളെയും കച്ചവട കേന്ദ്രങ്ങളെയും വ്യവസായ ശാലകളെയും വിവിധ ഗണത്തിൽപ്പെടുത്തിയത്. ഓരോ വിഭാഗത്തിലും പെട്ട സ്ഥാപനങ്ങളിൽ ചുരുങ്ങിയത് ഇത്ര ശതമാനം സൗദികളെ വെക്കണമെന്ന് നിഷ്ക൪ഷിക്കുന്നതാണ് നിതാഖാത് വ്യവസ്ഥ. ഉദാഹരണത്തിന് ബാങ്കുപോലുള്ള സാമ്പത്തിക സ്ഥാപനമാണെങ്കിൽ 100 തൊഴിലാളികളുണ്ടെങ്കിൽ ഇത്ര ശതമാനം സ്വദേശികളെങ്കിലും ജോലിക്കാരായുണ്ടാവണമെന്ന് വ്യവസ്ഥവെക്കുന്നു. വിദേശ തൊഴിലാളികളെ കാര്യമായി ആശ്രയിക്കുന്ന നി൪മാണ മേഖലയാണെങ്കിൽ നിതാഖാത് നിബന്ധന ചെയ്യുന്നത് ചെറിയൊരു ശതമാനം സ്വദേശികളെയെങ്കിലും ജോലിക്കെടുക്കണമെന്നാണ്. ജോലിയുടെ സ്വഭാവവും അന്തസ്സും നോക്കി അത് ഏറിയും കുറഞ്ഞും കൊണ്ടിരിക്കും. മിനിമം അനുപാതം പൂ൪ത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് ഇനി ഒരിഞ്ച് മുന്നോട്ടു നീങ്ങാൻ പറ്റില്ല എന്ന ധ്വനിയിലാണ് ചുകപ്പ് വിഭാഗത്തിൽപെടുന്നത്. ഇവ൪ക്ക് വ്യവസ്ഥ പാലിക്കാൻ നൽകിയ കാലാവധി ഈ മാസം 27ന് അവസാനിച്ചതോടെയാണ് ഇപ്പോഴത്തെ സംഭ്രാന്തി തുടങ്ങിയത്. ഒരു സ്ഥാപനത്തിൽ പത്തിൽതാഴെയാണ് ജീവനക്കാരെങ്കിൽ നിതാഖാത് നിബന്ധനകൾ ബാധകമല്ല. പത്തുപേരുണ്ടെങ്കിൽ ഒരു സൗദി പൗരനെ വെച്ചാൽ ചകുപ്പ് മാറി മഞ്ഞ കത്തും. സൗദി പൗരന്മാ൪ ജീവനക്കാരായി ഉണ്ടെങ്കിലും മന്ത്രാലയം നിഷ്ക൪ഷിക്കുന്ന അനുപാതത്തിൽ ഇല്ലെങ്കിൽ ആ വിഭാഗം മഞ്ഞയിലായിരിക്കും. ആവശ്യത്തിന് അറബികളെ വെച്ച ശേഷം പച്ചയിലേക്ക് കടന്നു അവ൪ക്ക് മുന്നോട്ടുപോവാം. അതിനുള്ള കാലാവധിയും കഴിഞ്ഞിട്ടുണ്ട്. ഇനി സ൪ക്കാ൪ ആഗ്രഹിക്കുന്ന അത്ര സൗദികളുള്ള സ്ഥാപനമാണെങ്കിൽ അവരുടെ മുന്നിൽ പച്ച ലൈറ്റാണ് കത്തുക. സുഗമമായി മുന്നോട്ടുനീങ്ങാം. സൗദി പൗരന്മാ൪ക്ക് നല്ല പ്രാതിനിധ്യമുള്ള സ്ഥാപനമാണെങ്കിൽ അവ൪ ശുഭ്രതയുടെ ‘എക്സലൻറ്’ ഗണത്തിലാവും. പച്ച, വെള്ള വിഭാഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യത്തിന് വിസ അനുവദിക്കും. ഫീസിളവുണ്ടാവും. മറ്റു ഒട്ടേറെ സൗകര്യങ്ങളും.
‘നിതാഖാത്’ പൊടുന്നനെ പൊട്ടി വീണ ദുരന്തമല്ല; രണ്ടുവ൪ഷമായി തെറ്റുതിരുത്താനും വ്യവസ്ഥകൾ പാലിക്കാനും അധികൃത൪ ഓ൪മപ്പെടുത്തുന്നുണ്ടായിരുന്നു. സ്വദേശിവത്കരണത്തിൻെറ വിഷയത്തിൽ ഇനി പിറകോട്ടില്ല എന്നാണ് അധികൃത൪ നൽകുന്ന സൂചന. ഭരണാധികാരി അബ്ദുല്ല രാജാവിൻെറ പൂ൪ണ അനുമതിയോടു കൂടിയാണ് ആഭ്യന്തര-തൊഴിൽ മന്ത്രാലയം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭ പാസാക്കിയ നിയമം നിയമവിരുദ്ധ താമസക്കാരെ ക൪ക്കശമായി കൈകാര്യം ചെയ്യാൻ അധികാരം നൽകുന്നുണ്ട്. തൊഴിൽ മന്ത്രാലയം നിരത്തുന്ന കണക്കനുസരിച്ച് കാൽലക്ഷം ബിസിനസ്, വ്യവസായ, സ൪വീസ് സ്ഥാപനങ്ങൾ ചുകപ്പ് വിഭാഗത്തിൽപ്പെടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വ൪ക്പെ൪മിറ്റ് ഇനി പുതുക്കിക്കൊടുക്കില്ല. അതോടെ ഇഖാമ പുതുക്കുക അസാധ്യമാകും. സ്ഥാപനം പൂട്ടുകയേ നി൪വാഹമുള്ളൂ. അത്തരമൊരവസ്ഥ സംജാതമാവുകയാണെങ്കിൽ കേരളം വലിയൊരു ദുരന്തത്തെ തന്നെ കൈനീട്ടി സ്വീകരിക്കേണ്ടിവരും. 20 ലക്ഷം പ്രവാസികൾക്ക് സ്വദേശത്തേക്ക് തിരിച്ചുപോകേണ്ടിവരുമെന്ന ഔദ്യാഗിക ഭാഷ്യം പുലരുകയാണെങ്കിൽ അതിൽ നാലിലൊന്നെങ്കിലും മലയാളികളുണ്ടാവുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. മൊത്തം 85 ലക്ഷം വരുന്ന പ്രവാസികളിൽ ഇരുപത് ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട് എന്നാണ് നിഗമനം (നമ്മുടെ സ൪ക്കാറിൻെറ കൈയിൽ ഇതുസംബന്ധിച്ച് ഒരു കണക്കുമില്ല). ഇരുപത് ലക്ഷത്തിൽ 10-12 ലക്ഷം മലയാളികളുണ്ടാവുമെന്നാണ് പറയപ്പെടുന്നത്.
ഏതെങ്കിലും മന്ത്രിയോ അംബാസഡറോ ഇടപെട്ടതുകൊണ്ട് സൗദി അധികൃത൪ നിയമം ഇളവു ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ ഒരു വകയുമില്ല. കാരണം, ഇത് പ്രവാസികളെക്കാൾ സൗദി തൊഴിലുടമകളെയാണ് പ്രതികൂലമായി ബാധിക്കുക. ഇന്ത്യൻ നയതന്ത്രാലയത്തിന് ആകെ ചെയ്യാനുള്ളത് നാട് കടത്തപ്പെടുന്ന നമ്മുടെ നാട്ടുകാ൪ക്ക് എത്രയും പെട്ടെന്ന് ഔ്പാസ് വിതരണം ചെയ്ത് അവരെ നാട്ടിലെത്തിക്കുക എന്നത് മാത്രമാണ്. കഴിഞ്ഞ നാല് മാസത്തിനിടയിൽ രണ്ടു ലക്ഷം നിയമവിരുദ്ധ താമസക്കാരെ കയറ്റിവിട്ട സൗദി അധികൃത൪ ഇത്തവണ ദയാദാക്ഷിണ്യം കാട്ടുമെന്ന് പ്രതീക്ഷ വെക്കുന്നത് അസ്ഥാനത്താവാതിരിക്കട്ടെ. ഉള്ളകം നൊന്ത് പ്രാ൪ഥിക്കുകയേ നി൪വാഹമുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.