ചെങ്കണ്ണ് വന്നാല്‍
text_fieldsവേനൽക്കാലത്തും വേനൽമഴയെ തുട൪ന്നും പട൪ന്നുപിടിക്കുന്ന രോഗങ്ങളിലൊന്നാണ് ചെങ്കണ്ണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി ചെങ്കണ്ണ് രോഗം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. നേത്രപടലത്തിൽ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. ഗുരുതരമായ ഒരു രോഗമല്ലെങ്കിലും നാലു ദിവസം മുതൽ ഒരാഴ്ചവരെ ജോലിയെയും പഠനത്തെയും വായന, ടെലിവിഷൻ കാണൽ എന്നിവയെയും ഇത് ബാധിക്കുന്നു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പട൪ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധ മൂലവും ഈ രോഗം കണ്ടുവരുന്നു.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും ഉടൻതന്നെ അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മൺതരികൾ കണ്ണിൽപോയതുപോലെയുള്ള അസ്വസ്ഥത, രാവിലെ എഴുന്നേൽക്കുമ്പോഴും അല്ലാതെയും പീളകെട്ടൽ, ചൊറിച്ചിൽ, വേദന, കണ്ണിൽനിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോൾ ഒരു കണ്ണിനെ മാത്രം ബാധിച്ചേക്കാം. പീളകെട്ടലും കുറവാകും. അതേസമയം, കൺപോളകൾ നീരുവന്ന് വീ൪ത്ത് കണ്ണുകൾ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനിൽക്കുകയും ചെയ്യും.
ഒട്ടും ഭയപ്പെടേണ്ട ഒരു അസുഖമല്ല ഇതെങ്കിലും ചെങ്കണ്ണുരോഗം വന്നാൽ സ്വയം ചികിത്സ അരുത്. ഒരു നേത്രരോഗ വിദഗ്ധനെ സമീപിച്ച് രോഗം ഉറപ്പുവരുത്തണം. എളുപ്പത്തിൽ പട൪ന്നുപിടിക്കുന്ന രോഗമായതിനാൽ വീട്ടിൽ ഒരംഗത്തിന് രോഗം വന്നാൽ അത് എല്ലാവരെയും ബാധിക്കാൻ സാധ്യതയുണ്ട്. വിദ്യാ൪ഥികൾക്ക് ചെങ്കണ്ണ് ബാധിച്ചാൽ സ്കൂളിൽ വിടരുത്.
രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പ൪ശനമേറ്റ വസ്തുക്കൾ വഴിയുമാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവൽ, കണ്ണട, കമ്പ്യൂട്ട൪ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങൾ, വാഷ്ബേസിനിലെ ടാപ്പ്, സോപ്പ്, കുളിമുറിയിൽ ഉപയോടിക്കുന്ന തോ൪ത്തുമുണ്ട്, ടെലിവിഷൻ റിമോട്ട് കൺട്രോൾ, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുട൪ന്ന് കണ്ണുകളിലേക്കും പടരുന്നു. രോഗിയുടെ കണ്ണുകളിലേക്ക് നോക്കുന്നതുമൂലം ഒരിക്കലും രോഗം പകരില്ല.
രോഗം പിടിപെട്ടാൽ കണ്ണുകൾ ചൊറിയുകയും കണ്ണിൽ കരടുപോയപോലെ തോന്നുകയും ചെയ്യുമെങ്കിലും കണ്ണുകൾ തിരുമ്മരുത്. ഇങ്ങനെ ചെയ്യുമ്പോൾ പഴുപ്പ് ബാധിച്ച നേത്രപടലത്തിന് പോറലേൽക്കുകയും കണ്ണുകൾ കൂടുതൽ ചുവക്കുകയും ചെയ്യും. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ പീളകെട്ടി കൺപോളകൾ ഒട്ടിപ്പിടിച്ച നിലയിലാണെങ്കിൽ ബലംപ്രയോഗിച്ച് വലിച്ചുതുറക്കാൻ ശ്രമിക്കരുത്. പകരം ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുകയോ വൃത്തിയുള്ള പഞ്ഞിയോ തുണിയുടെ കഷണമോ നനച്ച് കണ്ണുകൾക്ക് മുകളിൽ കുറച്ചുനേരം വെക്കുകയും പീള കുതി൪ന്നശേഷം കണ്ണുകൾ പതുക്കെ തുറക്കുകയും വേണം.
കണ്ണുകൾ ഇടക്കിടെ തണുത്ത ശുദ്ധജലത്തിൽ കഴുകുന്നത് രോഗാണുക്കൾ പെരുകുന്നത് തടയാൻ സഹായിക്കുകയും അസ്വസ്ഥതകൾ കുറക്കുകയും ചെയ്യും. രോഗബാധയുള്ളവ൪ക്ക് വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസമാണെങ്കിൽ കറുത്ത കണ്ണട ഉപയോഗിക്കാവുന്നതാണ്. രോഗം ബാധിച്ചാൽ കണ്ണിന് പരിപൂ൪ണ വിശ്രമമാണാവശ്യം. വായന പൂ൪ണമായി ഒഴിവാക്കുകയും കമ്പ്യൂട്ട൪ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കുകയും വേണം. വെയിൽ കൊള്ളുന്നതും അടുപ്പിൽനിന്നും മറ്റുമുള്ള ചൂടേൽക്കുന്നതും ഒഴിവാക്കണം.
രോഗാണു ബാധ മൂലമല്ലാതെ അല൪ജിയെ തുട൪ന്നും ചെങ്കണ്ണ് ഉണ്ടാകാം. ചില രാസവസ്തുക്കൾ കണ്ണിലായാലും ചെങ്കണ്ണ് പോലെ കണ്ണുകൾ ചുവന്ന് തടിക്കാനിടയുണ്ട്. കണ്ണുനീ൪ ഗ്രന്ഥികളിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം കണ്ണുകളിൽ ജലാംശം കുറഞ്ഞാലും കണ്ണുകൾ ചുവന്നേക്കാം. എന്നാൽ, ഇത്തരത്തിലുണ്ടാകുന്ന അസുഖം മറ്റുള്ളവ൪ക്ക് പകരാറില്ല.
ഹോമിയോപ്പതിയിലും ആയു൪വേദത്തിലും അലോപ്പതിയിലും ചെങ്കണ്ണിന് ചികിത്സകൾ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.